ലക്കി ബാംബു കാണാത്ത സ്ഥലങ്ങളുണ്ടാകില്ല ഇപ്പോള്‍. വീട്ടിലും ഓഫീസിലും തുടങ്ങി മിക്കയിടങ്ങളിലും ലക്കി ബാംബു സ്ഥാനം പിടിച്ചുകഴിഞ്ഞു.ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരുമെന്ന വിശ്വാസത്തില്‍ വെക്കുന്നവരുണ്ടെങ്കിലും കാഴ്ചയിലെ ഭംഗിയും പരിപാലിക്കാനുള്ള എളുപ്പവുമാണ് പലരെയും ലക്കി ബാംബു ഇന്‍ഡോറില്‍ വെക്കാന്‍ ആകര്‍ഷിക്കുന്നതിന്റെ മറ്റൊരു കാരണം.
ലക്കി ബാംബു ചെടി ആരോഗ്യത്തോടെ വളരാന്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. പ്രകാശം, വെള്ളം, മണ്ണിന്റെ ഗണമേന്മ, അന്തരീക്ഷ താപനില തുടങ്ങിയ ഘടകങ്ങള്‍ കൃത്യമായ അളവിലാണ് ലഭിക്കുന്നതെന്ന് ഉറപ്പുവരുത്തണം. ലക്കി ബംബുവിന്റെ വളര്‍ച്ചയ്ക്ക് ചെറിയ പ്രകാശം മാത്രമാണ് ആവശ്യം. നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമില്ല. വെയില്‍ നേരിട്ടടിച്ചാല്‍ ഇല വാടിപ്പോകാന്‍ സാധ്യതയുണ്ട്. കുറഞ്ഞ വെളിച്ചത്തിലാണ് ലക്കി ബാംബു കൂടുതല്‍ പ്രസരിപ്പോടെ വളരുക.
നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ആവശ്യം. ഈര്‍പ്പമുണ്ടായിരിക്കണം.എന്നാല്‍ അധികമായ ജലം ആവശ്യമില്ല.
ടാപ് വെള്ളത്തിലും മറ്റും കണ്ടുവരുന്ന ക്ലോറിന്‍ അല്ലെങ്കില്‍ കെമിക്കലടങ്ങിയ വെള്ളം ലക്കി ബാംബുവിന്റെ വളര്‍ച്ചയ്ക്ക് ദോഷകരമാകാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ബോട്ടില്‍ വെള്ളമോ ഡിസ്റ്റില്‍ഡ് വെള്ളമോ നല്‍കാം. അതുമല്ലെങ്കില്‍ ടാപ് വെള്ളം 24 മണിക്കൂറോളം മാറ്റിവെച്ച ശേഷം ഉപയോഗിക്കാം. ആരോഗ്യമുള്ള ലക്കിബാംബുവിന്റെ വേരുകള്‍ ചുവന്ന നിറത്തിലായിരിക്കും. വെള്ളത്തിലാണ് വളര്‍ത്തുന്നതെങ്കില്‍ വെള്ളം ആഴ്ചയില്‍ മാറ്റിനല്‍കാം.
ലക്കി ബാംബു വെക്കുന്ന സ്ഥലത്തെ കുറിച്ച് കൃത്യമായ ധാരണയുണ്ടാകണം. അധികം ചൂടു കൂടിയതോ തണുപ്പ് കൂടിയതോ ആയ സ്ഥലം തെരഞ്ഞെടുക്കേണ്ട. മിതമായ ഈര്‍പ്പമാണ് ലക്കി ബാംബുവിന് ഇഷ്ടം. എല്ലാ മാസവും കുറഞ്ഞ അളവില്‍ ദ്രാവകരൂപത്തിലുള്ള വളം നല്‍കാം. അതു തന്നെ ധാരാളമാണ്.
ലക്കി ബാംബു ആരോഗ്യത്തോടെ വളര്‍ത്താനുള്ള മറ്റൊരു കാര്യമാണ് ട്രിമ്മിംഗ് ചെയ്ത് നിര്‍ത്തുന്നത്. വിവിധ രൂപം ലക്കി ബാംബുവിന് നല്‍കാവുന്നതാണ്. അതേസമയം പ്രധാന തണ്ട് മുറിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
ലക്കി ബാംബുവിന്റെ ഇലയുടെ അറ്റം ബ്രൗണ്‍ നിറമാകുന്നത് കാണാറുണ്ട്. ഇതിന് കാരണം ക്ലോറിനോ മറ്റോ അടങ്ങിയിട്ടുള്ള വെള്ളമാണ്. ഇലകള്‍ വെള്ളത്തില്‍ കിടന്ന് അഴുകുന്നത് ബാക്ടീരിയയ്ക്ക് കാരണമാകും. ഇലകള്‍ക്ക് മഞ്ഞ നിറമാകുന്നത് സൂര്യപ്രകാശം അമിതമായി ലഭിക്കുന്നത് കൊണ്ടോ വളത്തിന്റെ അളവ് കൂടിയതുകൊണ്ടോ ആകാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ചെടിയെടുത്ത് തണലുള്ള ഭാഗത്തേക്ക് വെക്കാം. വരണ്ട വായുവോ മലിനമായ വെള്ളമോ ആണ് ഇലകള്‍ ബ്രൗണ്‍ നിറമാകുന്നതിന്റെ കാരണങ്ങള്‍.
Discussion about this post