നഴ്‌സറിയില്‍ ചെന്ന് ഓര്‍ക്കിഡ് വാങ്ങിവരാന്‍ നല്ല രസമാണ്. പക്ഷെ വളര്‍ത്തി തുടങ്ങുമ്പോഴാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. അല്ലേ? അപ്പോള്‍ പിന്നെ ഓര്‍ക്കിഡ് ആരോഗ്യത്തോടെ വളര്‍ത്തുക എങ്ങനെയെന്നല്ലേ ? അതിന് ചില കാര്യങ്ങള്‍ അറിഞ്ഞിരുന്നാല്‍ മതി.
പൂത്തുനില്‍ക്കുന്ന ഓര്‍ക്കിഡ് വാങ്ങാനാകും മിക്കവര്‍ക്കും ഇഷ്ടം. പൂവോട് കൂടിയ ഓര്‍ക്കിഡ് ചെടി നഴ്‌സറിയില്‍ നിന്ന് വാങ്ങി വീട്ടില്‍ കൊണ്ടുവന്ന് വെച്ചാല്‍.ഹായ് എന്ത് രസം എന്ന് തോന്നും. പക്ഷെ ആ രസം എത്ര നാളത്തേക്കാണ്.? ഓര്‍ക്കിഡില്‍ പൂവിട്ടാല്‍ ചെടിയ്ക്ക് ഊര്‍ജ്ജംകൂടുതലായി ആവശ്യം വരും. ഈ ഊര്‍ജ്ജം വലിച്ചെടുത്ത് പതിയെ അത് ഇല്ലാതായിപോകാന്‍ ഇടയാക്കുന്നു. അതായത് പൂത്തുനില്‍ക്കുന്ന ഓര്‍ക്കിഡുകള്‍ക്ക് ആയുസ് കുറവായിരിക്കുമെന്ന് സാരം.
ഏറെ കാലം നില്‍ക്കണമെന്ന് ആഗ്രഹിച്ച് ഓര്‍ക്കിഡ് വാങ്ങാന്‍ പോകുന്നവരാണ് നിങ്ങളെങ്കില്‍ പൂത്തുനില്‍ക്കുന്ന ഓര്‍ക്കിഡ് വാങ്ങാതിരിക്കുന്നതാകും നല്ലത്. ആയുസ് കൂടുതലുള്ള ചെടിയായി ഓര്‍ക്കിഡിനെ വളര്‍ത്തണമെങ്കില്‍ പൂവിട്ടുതുടങ്ങാത്തത് വാങ്ങുക.
ഇനി, ഓര്‍ക്കിഡ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ആരോഗ്യമുള്ളതാണോ ചെടിയെന്നുള്ളതാണ്. ഗിഫ്റ്റ് കൊടുക്കാനായാലും സ്വന്തമായി വാങ്ങാനായാലും ചെടിയുടെ ആരോഗ്യം ഉറപ്പുവരുത്തി വാങ്ങാന്‍ ശ്രദ്ധിക്കുക.
വേരുകളാണ് ഓര്‍ക്കിഡ് ചെടിയിലെ പ്രധാന ഭാഗം.അവ വെള്ളം വേഗത്തില്‍ വലിച്ചെടുത്ത് പ്രകാശസംശ്ലേഷണം നടത്താന്‍ സഹായിക്കുന്നു. ആരോഗ്യമുള്ള ഓര്‍ക്കിഡിന്റെ വേരുകള്‍ വരണ്ടാല്‍ ഇളം പച്ചയും നനഞ്ഞാല്‍ കടും പച്ചയും ആയിരിക്കും. നീളത്തിലും കൂര്‍ത്തതും തിളങ്ങുന്നതുമായ പച്ച നിറത്തിലുള്ള അഗ്രമായിരിക്കും. വേരുകള്‍ ചുളുങ്ങിയതും നനയ്ക്കുമ്പോള്‍ വെള്ളനിറവുമാകുന്നതാണെങ്കില്‍ ആരോഗ്യമില്ലാത്ത ഓര്‍ക്കിഡ് വേരുകളാണെന്ന് മനസിലാക്കാം. വേരുകള്‍ ഒരിക്കല്‍ നശിച്ചാല്‍ ആ ചെടിയും പൂര്‍ണമായി നശിക്കും.
ഓര്‍ക്കിഡില്‍ വ്യത്യസ്ത ഇനങ്ങളുണ്ട്. അവയുടെ ഇലകള്‍ പോലും വ്യത്യസ്ത രൂപത്തിലും ഭാവത്തിലുമുള്ളതായിരിക്കും. അതുകൊണ്ട് ഇലകള്‍ നോക്കി ആരോഗ്യം പറയുന്നത് അല്‍പ്പം ബുദ്ധിമുട്ടേറിയ കാര്യമാണ്. അതുപോലെ ഓരോ ഇനത്തിനും നല്‍കേണ്ട വളത്തിന്റെയും സൂര്യപ്രകാശത്തിന്റെയും അളവ് മനസിലാക്കി വേണം ഓര്‍ക്കിഡുകളെ പരിചരിക്കാന്‍.
Discussion about this post