ഔഷധഗുണം ഏറെയുള്ള നെല്ലിക്കയ്ക്ക് ആരോഗ്യത്തിനൊപ്പം സൗന്ദര്യസംരക്ഷണത്തിലും നല്ലൊരു പങ്ക് വഹിക്കാന്‍ കഴിയുന്നു. ഔഷധങ്ങളിലെ പ്രധാന ചേരുവകളിലൊന്നായത് കൊണ്ട് തന്നെ നെല്ലിക്കയ്ക്ക് ആഗോളതലത്തില്‍ ഡിമാന്റ് കൂടുതലാണ്. അതുകൊണ്ട് തന്നെ നെല്ലിക്കയുടെ കൃഷി കേരളത്തിലും ചിലയിടങ്ങളില്‍ വ്യാപകമാണ്. കേരളത്തിലെ കാലാവസ്ഥയില്‍ കൃഷി ചെയ്യാന്‍ അനുയോജ്യമാണ് നെല്ലി. തൈകള്‍ നട്ട് 10 വര്‍ഷം കഴിയുമ്പോള്‍ കായ്ഫലം ലഭിച്ചുതുടങ്ങും.
ഭാഗികമായി വരണ്ട കാലാവസ്ഥയിലും നന്നായി വളരുന്ന വൃക്ഷമാണ് നെല്ലി. എന്നാല്‍ മണല്‍കലര്‍ന്ന മണ്ണില്‍ ഇത് നന്നായി വളരില്ല.വിത്തുപാകി മുളപ്പിച്ചാണ് തൈകള്‍ നടേണ്ടത്. ഒട്ടു തൈകള്‍ ഉപയോഗിച്ചും നെല്ലി കൃഷി ചെയ്യാറുണ്ട്. പെട്ടെന്ന് വിളവ് ലഭിക്കണമെങ്കില്‍ ഒട്ടുതൈ ഉപയോഗിക്കാം.
വിത്ത് പാകി മുളപ്പിച്ച തൈകള്‍ ഒരു വര്‍ഷം പ്രായമായ തൈകളാണ് കൃഷിചെയ്യാന്‍ ഉപയോഗിക്കുന്നത്. മഴക്കാലത്തിന്റെ ആരംഭത്തോടെ തൈകള്‍ നടണം. പത്ത് കിലോ ചാണകപ്പൊടി, എല്ലുപൊടി, മേല്‍മണ്ണ് എന്നീ സമ്മിശ്രമാണ് നടാന്‍ ഉപയോഗിക്കേണ്ടത്. ചെടികള്‍ തമ്മിലും വരികള്‍ തമ്മിലും 8×8 മീറ്റര്‍ അകലത്തില്‍ കുഴികളെടുത്തുവേണം കൃഷി ചെയ്യേണ്ടത്. ഒട്ടു തൈകളാണ് നടുന്നതെങ്കില്‍ ഒട്ടിച്ച ഭാഗം മണ്ണിനടിയില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. നെല്ലി നട്ടുകഴിഞ്ഞ് വളരുന്നതനുസരിച്ച് താങ്ങു കൊടുക്കാന്‍ ശ്രദ്ധിക്കണം. തൈ നട്ട് രണ്ട് മൂന്ന് വര്‍ഷം വരെ പുതയിടാം. നനയുടെ കാര്യത്തിലും ശ്രദ്ധിക്കണം. സൂര്യപ്രകാശം നല്ലപോലെ ആവശ്യമാണ്.
ജീവകം സി ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള ഫലമാണ് നെല്ലിക്ക.ജീവകം ബി, ഇരുമ്പ്, കാല്‍സ്യം എന്നിവയും നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. ത്വക്ക് രോഗങ്ങള്‍ക്ക് നെല്ലിക്ക ചേര്‍ത്ത എണ്ണകള്‍ നല്ലതാണ്. പ്രധാനമായും കായകളാണ് ഉപയോഗിക്കുന്നതെങ്കിലും ചില ഔഷധകൂട്ടുകളില്‍ ഇല, വേര്, തൊലി എന്നിവയും ഉപയോഗിക്കുന്നുണ്ട്. നെല്ലിക്കയുടെ പ്രധാന പ്രത്യേകത ഞരമ്പുകളെ തണുപ്പിക്കാന്‍ സാധിക്കുമെന്നതാണ്. നെല്ലിക്ക വാതം, പിത്തം, കഫം എന്നിവയെ ശമിപ്പിക്കും.
Discussion about this post