വര്‍ഷത്തില്‍ ഒട്ടുമിക്ക കാലത്തും പൂക്കളുണ്ടാകുന്ന ചെടിയാണ് കനകാംബരം. മുല്ലപ്പൂവ് പോലെ തന്നെ കനകാംബരത്തിനും ആവശ്യക്കാരുണ്ട്. പൊതുവായി കണ്ടുവരുന്ന ഓറഞ്ച് നിറത്തിന് പുറമെ വയലറ്റ്, വെള്ള ,മഞ്ഞ നിറങ്ങളിലും കനകാംബര പൂക്കളുണ്ട്. കടുത്ത നിറത്തിലുള്ള പൂക്കള്‍ ബൊക്കെ, മാല തുടങ്ങിയ അലങ്കാര വസ്തുക്കള്‍ക്കായി ഉപയോഗിക്കാറുണ്ട്. മഞ്ഞ് ഓറഞ്ച് ,ല്യുട്ടിയ മഞ്ഞ , ഡല്‍ഹി എന്നിവയാണ് കനകാംബരത്തിലെ പ്രധാന ഇനങ്ങള്‍.
എല്ലാത്തരം മണ്ണിലും കനകാംബരം വളരും. എങ്കിലും ജൈവസമ്പുഷ്ടമായതും നീര്‍വാര്‍ച്ച സൗകര്യമുള്ളതുമായ മണല്‍ കലര്‍ന്ന മണ്ണിലാണ് ഇത് നന്നായി വളരുന്നത്. മണ്ണിന്റെ പി എച്ച് ഏകദേശം 6 മുതല്‍ 7.5 വരെയായിരിക്കണം. നിലം നന്നായി ഉഴുത് ഹെക്ടറിന് 25 ടണ്‍ എന്നതോതില്‍ കാലിവളം ചേര്‍ത്ത് മണ്ണുമായി യോജിപ്പിച്ചശേഷം 60 സെന്റീമീറ്റര്‍ അകലത്തില്‍ വരമ്പുകള്‍ ഉണ്ടാക്കി തൈകള്‍ 30 സെ.മീറ്റര്‍ അകലത്തില്‍ നടാം. വിത്ത് അല്ലെങ്കില്‍ വേര് പിടിപ്പിച്ച കമ്പുകള്‍ നടീല്‍ വസ്തുക്കളായി തെരഞ്ഞെടുക്കാം.
അടിവളമായി യൂറിയ, ഫോസ്ഫറസ്, പൊട്ടാഷ് വളങ്ങള്‍ ഹെക്ടറൊന്നിന് 30 :60: 60 കിലോഗ്രാം എന്നതോതില്‍ ചേര്‍ക്കണം. നട്ടു മൂന്നുമാസം കഴിയുമ്പോഴും എട്ടുമുതല്‍ 9 മാസം കഴിയുമ്പോഴും ഹെക്ടറിന് 35 കിലോഗ്രാം എന്നതോതില്‍ നൈട്രജന്‍ നല്‍കണം.വള പ്രയോഗത്തിന് ശേഷം ജലസേചനം അത്യാവശ്യമാണ്. വളം ചേര്‍ക്കുന്നതിനു മുമ്പ് കളകള്‍ നീക്കം ചെയ്യണം. ചെടിക്കു ചുറ്റും മണ്ണ് കൂട്ടി കൊടുക്കുകയും വേണം.
ചെടി നട്ട് രണ്ടു മൂന്ന് മാസം കഴിയുമ്പോള്‍ തന്നെ പൂക്കള്‍ വിരിഞ്ഞു തുടങ്ങും. മഴക്കാലത്ത് പൂക്കള്‍ കുറവായിരിക്കും .ഒന്നിടവിട്ട ദിവസങ്ങളില്‍ അതിരാവിലെ വിളവെടുപ്പ് നടത്താം. ഒരു ഹെക്ടറില്‍ നിന്ന് ശരാശരി 5 ടണ്‍ ലഭിക്കും.
Discussion about this post