പെര്‍സിയ അമേരിക്കാന എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന അവക്കാഡോ പുറത്ത് ഗാര്‍ഡനുകളില്‍ വളര്‍ത്തുന്നതാണ് പൊതുവെ നമ്മള്‍ കണ്ടിട്ടുള്ളത്. എന്നാല്‍ അവക്കാഡോ ഫലപ്രദമായ രീതിയില്‍ ഇന്‍ഡോര്‍ പ്ലാന്റായും വളര്‍ത്താം. വളര്‍ന്നുവന്നാല്‍ പരിപാലിക്കാന്‍ എളുപ്പമാണെങ്കിലും വളര്‍ത്തുന്ന ഘട്ടത്തില്‍ കുറച്ച് ക്ഷമ വേണമെന്ന് മാത്രം.
4-8 ഇഞ്ച് നീളത്തില്‍ തിളക്കമുള്ള ഇലകളാണ് അവക്കാഡോ ചെടിയുടെ ആകര്‍ഷണം. പക്ഷെ അകത്ത് വളര്‍ത്തുമ്പോള്‍ പഴമുണ്ടാകാനുള്ള സാധ്യത വിരളമാണ്. ഇനി അഥവാ ഉണ്ടായാലും യഥാര്‍ഥ പഴത്തിനൊപ്പമെത്തില്ല. എന്നാല്‍ ഡെക്കറേറ്റീവ് പ്ലാന്റായി പരിഗണിക്കുമ്പോള്‍ അവക്കാഡോയ്ക്ക് ധാരാളം സാധ്യതകളുമുണ്ട്.
അവക്കാഡോ വീടിനകത്ത് വളര്‍ത്തുമ്പോള്‍ വിത്താണ് നടാന്‍ തെരഞ്ഞെടുക്കേണ്ടത്. വേര് വരാന്‍ വെള്ളത്തിലിട്ടു വെക്കാം. അതുമല്ലെങ്കില്‍ നേരിട്ട് ചട്ടിയിലെ മണ്ണിലേക്കും നട്ടുവളര്‍ത്താവുന്നതാണ്. സൂര്യപ്രകാശം ആവശ്യത്തിന് ലഭിക്കുന്ന വിധത്തില്‍ ജനാലയ്ക്കരികില്‍ വെക്കണം. കാരണം തണലത്ത് ഒരു പരിധി വരെ പിടിച്ചുനില്‍ക്കുമെങ്കിലും സൂര്യപ്രകാശം ഇഷ്ടപ്പെടുന്ന ചെടിയാണ് അവക്കാഡോ.
മണ്ണ് എപ്പോഴും ഈര്‍പ്പമുള്ളതായി നിലനിര്‍ത്തണം. നീര്‍വാര്‍ച്ചയും ഉറപ്പാക്കണം. ഇല മഞ്ഞളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അത് നന കൂടിയത് കൊണ്ടുള്ള പ്രശ്‌നമാണെന്ന് മനസിലാക്കാം.
ചൂടുള്ള കാലാവസ്ഥ കൂടുതലായി ഇഷ്ടപ്പെടുന്ന അവക്കാഡോയ്ക്ക് ഫലഭൂയിഷ്ടമായ മണ്ണ് തെരഞ്ഞെടുക്കാം.
Discussion about this post