പച്ചക്കറി കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവരെ ഏറ്റവും അലട്ടുന്ന പ്രശ്നമാണ് രോഗകീടബാധകൾ. തുടക്കം മുതലേ തന്നെ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ ഇത്തരം രോഗകീട ബാധകൾ ചെറുക്കാനാകും. കൃഷിയുടെ ഓരോ ഘട്ടത്തിലും പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കേണ്ടതുണ്ട്.
നടീൽ സമയം
പച്ചക്കറി സസ്യങ്ങളെ ആക്രമിക്കുന്ന കീടങ്ങളെ നിയന്ത്രിക്കാൻ ഏറ്റവും നല്ല മാർഗ്ഗം കൃത്യമായ സമയത്ത് കൃഷി ചെയ്യുക എന്നതാണ്. ഓഗസ്റ്റ് മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങൾ പച്ചക്കറി കൃഷിക്ക് അനുയോജ്യമാണ്. മണ്ണിൽ മിത്ര സൂക്ഷ്മാണുക്കളുടെ അളവ് വർദ്ധിക്കുന്ന സമയമാണിത്. ഏതൊരു പച്ചക്കറി വിളയും ഈ സമയത്ത് ഉൽപ്പാദിപ്പിക്കാം. വേനൽക്കാലമായാൽ ചീര, ഇലക്കറികൾ, വെള്ളരി എന്നീ വിളകൾ കൃഷിചെയ്യാം. ജൂൺ- ജൂലൈ മാസങ്ങളിൽ വെണ്ട, വഴുതന, പച്ചമുളക് എന്നിവയും വിജയകരമായി കൃഷി ചെയ്യാവുന്നതാണ്.
വിത്തുകൾ തിരഞ്ഞെടുക്കുമ്പോൾ
രോഗപ്രതിരോധ ശേഷിയുള്ള വിത്തിനങ്ങൾ തിരഞ്ഞെടുത്ത് കൃഷി ചെയ്യുന്നതാണ് മറ്റൊരു പ്രതിരോധമാർഗം. തക്കാളി, വഴുതന, മുളക് എന്നീ വിളകളുടെ പ്രധാന പ്രശ്നമാണ് ബാക്ടീരിയൽ വാട്ടം. ശക്തി, മുക്തി, അനഘ എന്നീ തക്കാളി ഇനങ്ങൾ ഈ രോഗത്തെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണ്. സൂര്യ, ശ്വേത, നീലിമ എന്നിവ ബാക്ടീരിയൽ വാട്ടത്തെ ചെറുക്കാൻ കഴിവുള്ള വഴുതന ഇനങ്ങളാണ്. ഉജ്ജ്വലയും അനശ്വരയും മുളകിന്റെ രോഗപ്രതിരോധശേഷിയുള്ള ഇനങ്ങളാണ്.
അമ്ലത്വം ക്രമീകരിക്കാം
പച്ചക്കറി വിളകൾ നടുന്നതിനു മുൻപ് മണ്ണിലെ അമ്ലത്വം ക്രമീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. കേരളത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും അമ്ല സ്വഭാവമുള്ള മണ്ണാണ് ഉള്ളത്. രോഗ കീടങ്ങൾക്ക് വളരാൻ ഏറ്റവും സൗകര്യപ്രദമായ സാഹചര്യമാണിത്. ഒരു സെന്റിന് ഒന്നു മുതൽ മൂന്ന് കിലോഗ്രാം കുമ്മായം എന്ന തോതിൽ ചേർത്ത് അമ്ലത്വം ക്രമീകരിക്കാം. മണ്ണ് പരിശോധിച്ചശേഷം കുമ്മായത്തിന്റെ അളവ് നിശ്ചയിക്കുന്നത് കൂടുതൽ നല്ലതാണ്.
മണ്ണിൽ നിന്നും പകരുന്ന രോഗങ്ങളെ ചെറുക്കാൻ
തൈ ചീഞ്ഞു പോകുന്നതും വാട്ടം ഉണ്ടാകുന്നതുമെല്ലാം സാധാരണയായി കണ്ടുവരുന്ന പ്രശ്നങ്ങളാണ്. മണ്ണിൽ നിന്നും പകരുന്ന ഫംഗൽ രോഗങ്ങളാണ് ഇതിന് കാരണം. തൈകൾ നടുന്നതിനു മുൻപ് തന്നെ മണ്ണിൽ പലതരത്തിലുള്ള മിത്ര സൂക്ഷ്മാണുക്കളുടെ അളവ് വർദ്ധിപ്പിച്ച് ഇത്തരം ഫംഗൽ രോഗങ്ങളെ ചെറുക്കാനാകും. ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച ജൈവവളം അടിവളമായി ഉപയോഗിക്കുന്നത് ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ്. കിഴങ്ങുവർഗ്ഗവിളകൾക്കും ഇഞ്ചിക്കും ഉണ്ടാകുന്ന പ്രധാന പ്രശ്നമാണ് ചീയൽ. വാം എന്ന ജീവാണുവളം ഉപയോഗിച്ച് ഈ വിളകളുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനാകും. ഒപ്പം ഫോസ്ഫറസ് അടക്കമുള്ള മണ്ണിലെ സൂക്ഷ്മ മൂലകങ്ങൾ വേഗത്തിൽ ആഗിരണം ചെയ്യാനും വാം സഹായിക്കും.
കീടബാധകൾ തടയാം
പച്ചക്കറി സസ്യങ്ങൾ നന്നായി വളരുന്ന ഘട്ടത്തിൽ അനേകം നീരൂറ്റിക്കുടിക്കുന്ന പ്രാണികളും മറ്റു പുഴുക്കളും ഇവയെ ആക്രമിക്കാറുണ്ട്. ഇത്തരം ആക്രമണങ്ങൾ ശ്രദ്ധയിൽപ്പെടുന്ന സമയത്ത് തന്നെ കീടങ്ങളെ നശിപ്പിക്കണം. ആഴ്ചയിലൊരിക്കൽ വേപ്പധിഷ്ഠിത കീടനാശിനികൾ തളിച്ച് കൊടുക്കുന്നത് നല്ലതാണ്. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ഇത്തരം കീടങ്ങൾക്കെതിരെ ഫലപ്രദമാണ്. കീടങ്ങൾ ആക്രമിക്കുന്നതിന് മുൻപ് തന്നെ സ്പ്രേ ചെയ്തു തുടങ്ങണം.
കായും കണ്ടും തുരക്കുന്ന പുഴുക്കളെ തടയാൻ ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ് വേപ്പിൻകുരു സത്ത്. വെള്ളരി വർഗ്ഗങ്ങളിൽ പ്രധാന ശല്യമാണ് കായീച്ചകൾ. കൃഷി ആരംഭിക്കുന്നതിനു മുൻപ് മണ്ണ് നന്നായി ഉഴുതിളക്കുന്നതും മണ്ണിൽ വേപ്പിൻപിണ്ണാക്ക് ചേർക്കുന്നതും കായീച്ചകൾക്കെതിരെ ഫലപ്രദമാണ്. പലതരത്തിലുള്ള കെണികൾ ഉപയോഗിച്ച് കായീച്ചകളെ കുടുക്കാം. കായകൾ ഉണ്ടായി തുടങ്ങുന്ന സമയത്ത് തന്നെ അവ പേപ്പർ കൊണ്ടോ കവർ കൊണ്ടോ സംരക്ഷിച്ചു നിർത്താം. പയറിനെ ബാധിക്കുന്ന ചാഴികളാണ് മറ്റൊരു പ്രധാന ശത്രു. ദുർഗന്ധം സഹിക്കാനാവില്ല എന്നത് ഇവരുടെ പ്രത്യേകതയാണ്. അതിനാൽ ചെടികൾക്ക് മുകളിൽ രണ്ടു മുതൽ മൂന്നു ലിറ്റർ മത്തി ശർക്കര ലായനി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്യുന്നത് ഇവയെ നിയന്ത്രിക്കാൻ സഹായിക്കും. 20 ഗ്രാം ബിവേറിയ ബാസിയാന ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തെളിയെടുത്ത് 10 ഗ്രാം ശർക്കരയുമായി ചേർത്ത് തളിക്കുന്നതും നല്ലതാണ്. വൈകുന്നേരങ്ങളിൽ ഉണങ്ങിയ ഇലയോ ചൂട്ടോ കത്തിക്കുന്നതും ചാഴികളെ നിയന്ത്രിക്കാൻ സഹായിക്കും.
ഇത്തരത്തിൽ കൃത്യമായ പ്രതിരോധ മാർഗങ്ങളിലൂടെ വീട്ടുവളപ്പിലെ പച്ചക്കറി കൃഷി വിജയകരമാക്കാം.
Discussion about this post