വീടിനകത്ത് പച്ചപ്പ് കൊണ്ടുവരുന്നത് മിക്കവര്‍ക്കും ഇഷ്ടമുള്ള കാര്യമായിരിക്കും. പരിപാലിക്കാന്‍ എളുപ്പവും ഒരുപാട് സമയം അതിനായി മാറ്റിവെക്കേണ്ട എന്നതും ഇന്‍ഡോര്‍ ഗാര്‍ഡനുകളുടെ ഒരു പ്ലസ് പോയിന്റാണ്. അകത്തളത്തില്‍ പരീക്ഷിക്കാവുന്ന ഒരു ഗാര്‍ഡനിംഗ് ഐഡിയയാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍. സ്ഥലം ഒരുപാട് ആവശ്യമില്ലെന്ന് മാത്രമല്ല, ഔട്ട്‌ഡോറിന്റെ പ്രതീതി അകത്തേക്ക് സന്നിവേശിപ്പിക്കാനും പ്രകൃതിയോടിണങ്ങി ജീവിക്കാനും വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ അവസരമൊരുക്കുന്നു.
വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ഒരുക്കുമ്പോള്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.
ശരിയായ സ്ഥലം തെരഞ്ഞെടുക്കാം
സ്വീകരണ മുറി, ബാല്‍ക്കണി, അടുക്കള ചുമര് അങ്ങനെ എവിടെ വേണമെങ്കിലും വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ഒരുക്കാം. സ്ഥലലഭ്യതയനുസരിച്ച് അക്കാര്യം തീരുമാനിക്കാം. മരക്കഷ്ണമോ മെറ്റല്‍ ബോര്‍ഡോ മെഷായി ഉപയോഗിക്കാം.
കണ്ടെയ്‌നര്‍ തെരഞ്ഞെടുക്കുമ്പോള്‍
ക്ലേ പോട്ടോ പ്ലാസ്റ്റിക് പോട്ടോ അങ്ങനെ എന്ത് വേണമെങ്കിലും കണ്ടെയ്‌നറായി തെരഞ്ഞെടുക്കാം. അത് ഓരോരുത്തരുടെയും ഇഷ്ടം. നിങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ചെടിയ്ക്ക് ചേര്‍ന്നതാകണം എന്ന് മാത്രം. കൂടാതെ മെഷുമായി ചേര്‍ന്നുനില്‍ക്കുന്നതുമാകണം.
ചെറുതായി തുടങ്ങാം
ആദ്യമായാണോ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ഒരുക്കുന്നത് ? അങ്ങനെയാണെങ്കില്‍ പരിപാലിക്കാന്‍ എളുപ്പമുള്ള ചെടി തെരഞ്ഞെടുക്കുന്നതാകും ഉചിതം. മണിപ്ലാന്റ്, സക്കുലന്റ്‌സ് പോലുള്ളവ. ഓരോ കണ്ടെയ്‌നറിലെ ചെടികളും ആവശ്യത്തിന് അകലത്തിലാണ് നില്‍ക്കുന്നതെന്ന് ഉറപ്പുവരുത്തണം.
ഓരോ ചെടിയ്ക്കും പ്രത്യേകം ശ്രദ്ധ
ചെറിയ സ്ഥലത്ത് കൂടുതല്‍ ചെടികള്‍ വളര്‍ത്തുമ്പോള്‍ അവയ്ക്ക് ആവശ്യത്തിന് പരിപാലനവും ശ്രദ്ധയും നല്‍കണം. പരിപാലിക്കാന്‍ അധികം സമയമോ അവസരമോ ഇല്ലാത്തവരാണെങ്കില്‍ ഒരേ തരത്തിലുള്ള ചെടികള്‍ വെച്ചുപിടിപ്പിക്കുന്നതാകും നല്ലത്.
Discussion about this post