ഫ്‌ളാറ്റുകളിലെ ചെറിയ ലോകം മനോഹരമാക്കുന്നത് പലപ്പോഴും ബാല്‍ക്കണികളാണ്.ബല്‍ക്കണികള്‍ മനോഹരമാക്കാന്‍ ഒട്ടേറെ ഐഡിയകളുണ്ട്. ചെറിയൊരു ഗാര്‍ഡനൊരുക്കുന്നതാണ് അതില്‍ ഏറ്റവും മനോഹരം. പൂക്കളും ഇന്‍ഡോര്‍ പ്ലാന്റുകളും മാത്രമല്ല, അത്യാവശ്യം പച്ചക്കറി വരെ നമുക്ക് കൃഷി ചെയ്യാം. എന്നാല്‍ ബാല്‍ക്കണിയില്‍ ഗാര്‍ഡന്‍ ഒരുക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.
ചെടികളുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷമാണോ ബാല്‍ക്കണിയിലേതെന്ന് മനസിലാക്കണം. ആവശ്യത്തിന് സൂര്യപ്രകാശവും കാറ്റുമുണ്ടെന്ന് ആദ്യമേ ഉറപ്പാക്കണം. സൂര്യപ്രകാശം കൂടുതലാണോ കുറവാണോ എന്ന് മനസിലാക്കി അതിന് അനുയോജ്യമായ ചെടികള്‍ വാങ്ങുകയോ നട്ടുപിടിപ്പിക്കുകയോ ചെയ്യാം.
എത്ര സമയം ചെടികള്‍ക്കായി ചെലവിടാം എന്ന് മനസിലാക്കി വേണം ചെടികള്‍ ഏത് വേണമെന്ന് തെരഞ്ഞെടുക്കേണ്ടത്. ചെലവ് കുറഞ്ഞ രീതിയില്‍ ഗാര്‍ഡന്‍ ഒരുക്കാവുന്നതാണ്. യാത്ര ചെയ്യുന്നവരോ ജോലിത്തിരക്കുള്ളവരോ ആണെങ്കില്‍ കുറഞ്ഞ പരിചരണം ആവശ്യമുള്ള ചെടികള്‍ വെക്കാം. ഉദാഹരണത്തിന് മണിപ്ലാന്റ്, സ്‌നേക് പ്ലാന്റ്, കറ്റാര്‍വാഴ പോലുള്ള ചെടികള്‍ അധികം പരിപാലനം ആവശ്യമില്ലാത്തവയാണ്. വരണ്ട കാലാവസ്ഥ അതിജീവിക്കാന്‍ കഴിയുന്ന തരത്തിലുള്ള പൂച്ചെടികള്‍ വെക്കുന്നത് ബാല്‍ക്കണിയുടെ അഴക് വര്‍ധിപ്പിക്കും. വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍, ഹാംഗിങ് പ്ലാന്റ് തുടങ്ങിയവയും വെക്കാം. ഡ്രിപ് ഇറിഗേഷന്‍ സംവിധാനം കൂടിയുണ്ടെങ്കില്‍ പരിപാലനം കൂടുതല്‍ എളുപ്പമായി.
ഒരുപാട് ഭാരം ബാല്‍ക്കണിയ്ക്ക് കൊടുക്കരുത്. പോട്ടുകള്‍ വെക്കുമ്പോള്‍ അക്കാര്യം ഉറപ്പാക്കണം. ചെറിയ തോതില്‍ പച്ചക്കറിയും ബാല്‍ക്കണിയില്‍ കൃഷി ചെയ്യാവുന്നതാണ്. കാപ്‌സിക്കം, തക്കാളി, പച്ചമുളക്, കറിവേപ്പില പോലെ എളുപ്പത്തില്‍ വളരുന്ന പച്ചക്കറികള്‍ കൃഷി ചെയ്യാം.
Discussion about this post