വേനല്‍ക്കാലത്ത് വാഴയെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന കീടശല്യമാണ് നീരുകുടിക്കുന്ന പ്രാണികള്‍. മഴയില്ലാത്ത സമയങ്ങളിലാണ് ഇവയുടെ ശല്യം കൂടുതലായി കാണുന്നത്. കേരളത്തില്‍ വാഴപേന്‍, ഇലപേന്‍, വെള്ളീച്ച, പച്ചത്തുള്ളന്‍ തുടങ്ങിയവയാണ് നീരുകുടിക്കുന്ന പ്രാണികള്‍. ഇതില്‍ ഏറ്റവും കൂടുതല്‍ ആളുകളുടെ ശ്രദ്ധ പതിയുന്നത് ഇലപ്പേനിലും വാഴപ്പേനിലുമാണ്. കാരണം വാഴപ്പേന്‍ ഒരു വൈറസ് രോഗ വാഹകന്‍ കൂടിയാണ്. പ്രത്യേകിച്ച് വാഴയെ ബാധിക്കുന്ന കുളനാമ്പ് രോഗം ഏറ്റവും കൂടുതല്‍ പരത്തുന്നത് വാഴപ്പേന്‍ എന്നറിയപ്പെടുന്ന ഏഫിഡുകള്‍ വഴിയാണ്. അതുകൊണ്ട് ഇവയെ കൃത്യസമയത്ത് നിയന്ത്രിച്ചില്ലെങ്കില്‍ ചിലപ്പോള്‍ വാഴയുടെ നാശത്തിന് തന്നെ കാരണമായേക്കാം.
വാഴയിലെ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ നിയന്ത്രിക്കാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗങ്ങളിലൊന്നാണ് വേപ്പെണ്ണയുടെ ഉപയോഗം. 1 ലിറ്റര്‍ വെള്ളത്തില്‍ 10 മില്ലി വേപ്പെണ്ണ എന്ന തോതില്‍ കലക്കിയ ലായനി ഇലയുടെ അടിഭാഗത്ത് 20 ദിവസത്തെ ഇടവേളയില്‍ തളിച്ചുകൊടുക്കുന്നത് ഇലയുടെ നീരുകുടിക്കുന്ന പ്രാണികളെ ഒഴിവാക്കാന്‍ സഹായിക്കും.ലെക്കാനിസീലിയം ലെക്കാനി 20 ഗ്രാം പൊടി ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ കലക്കിയ ലായനി ഇലയുടെ അടിഭാഗത്ത് മൂന്നാഴ്ചത്തെ ഇടവേളയില്‍ 3 തവണ അടുപ്പിച്ച് തളിച്ചുകൊടുക്കുന്നത് ഇലയുടെ നീരുകുടിക്കുന്ന പ്രാണികളെ ഒഴിവാക്കാന്‍ സഹായിക്കും.
നീരുകുടിക്കുന്ന പ്രാണികളുടെ ആക്രമണം വളരെ രൂക്ഷമാണെങ്കില്‍ മാത്രം രാസകീടനാശിനികള്‍ ഉപയോഗിച്ചാല്‍ മതി. തയോമെത്തോക്സാം 2 ഗ്രാം 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനി ഇലയുടെ അടിഭാഗത്ത് തളിച്ചുകൊടുക്കുന്നത് ഉത്തമമാണ്. ഡൈമെത്തോയേറ്റ് ഒരു ലിറ്റര്‍ വെള്ളത്തില്‍ 1.5 മില്ലി എന്ന തോതില്‍ കലക്കിയ ലായനിയും ഇലയുടെ അടിഭാഗത്ത് തളിച്ചുകൊടുത്താല്‍ മതി. വാഴയുടെ നീരുകുടിക്കുന്ന പ്രാണികളെ പരാഗ ജീവികള്‍ ആക്രമിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പലപ്പോഴും കര്‍ഷകര്‍ ചെയ്യേണ്ടത് കഴിയുന്നതും പ്രകൃതിയിലുള്ള ഈ പരാഗ ജീവികള്‍ വഴി ഇവ നിയന്ത്രിക്കുക എന്നതാണ്. പ്രത്യേകിച്ച് ആമവണ്ടുകളും മറ്റും ഉപയോഗിച്ച് ഇവ നിയന്ത്രിക്കാന്‍ പറ്റുമെങ്കില്‍ അതാണ് ഏറ്റവും ഉത്തമം.
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ.ഗവാസ് രാകേഷ്
അസിസ്റ്റന്റ് പ്രൊഫസര്‍
കീടശാസ്ത്ര വിഭാഗം
വാഴ ഗവേഷണ കേന്ദ്രം കണ്ണാറ
കേരള കാര്‍ഷിക സര്‍വകലാശാല
Discussion about this post