തെങ്ങിന്റെ ഏറ്റവും അപകടകാരിയായ ശത്രു ആണ് ചെമ്പന്‍ ചെല്ലി. ചെമ്പന്‍ ചെല്ലിയുടെ ആക്രമണം തുടക്കത്തില്‍ തന്നെ ശ്രദ്ധയില്‍ പെട്ടില്ലായെങ്കില്‍ പിന്നെ തെങ്ങിനെ രക്ഷിക്കുക വിഷമകരം ആകും. കൂര്‍ത്ത വദന ഭാഗമുള്ള വീവില്‍ വിഭാഗത്തില്‍പെടുന്ന ജീവിയാണ് ചെമ്പന്‍ ചെല്ലി. തെങ്ങുകളില്‍ ഉണ്ടാകുന്ന നീരില്‍ നിന്നുള്ള ഗന്ധത്തില്‍ ആകൃഷ്ടരായി ചെമ്പന്‍ ചെല്ലികള്‍ എത്തുന്നത്. മുറിവുകളിലൂടെ ഉള്ളില്‍ കടന്ന് മുട്ടയിട്ട് ഇവ പെരുകുന്നു. മുട്ട വിരിഞ്ഞു പുറത്ത് വരുന്ന കാലില്ലാത്ത പുഴുക്കള്‍ തെങ്ങിന്റെ ഉള്‍ഭാഗം തിന്ന് ജീവിക്കും. പിന്നീട് തെങ്ങിനുള്ളിലെ നാരുകൊണ്ട് തന്നെ കൂട് ഉണ്ടാക്കി അതില്‍ സമാധി ദശയും പൂര്‍ത്തിയാക്കും. ഇതിന് ശേഷം ആണ് പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ചെമ്പന്‍ ചെല്ലികള്‍ പുറത്തേക്ക് വരുന്നത്. അഞ്ച് മുതല്‍ ഇരുപത് വര്‍ഷം പ്രായമുള്ള തെങ്ങിലാണ് ചെമ്പന്‍ ചെല്ലികളുടെ ആക്രമണം കൂടുതലായി കാണുന്നത്.
ആക്രമണ ലക്ഷണങ്ങള്‍
തടിയില്‍ കാണുന്ന ദ്വാരങ്ങള്‍ ശ്രദ്ധിച്ചാല്‍ അവയിലൂടെ പുറത്തേക്ക് വരുന്ന അവശിഷ്ടങ്ങളും കറുത്ത കൊഴുത്ത ദ്രാവകവും കാണാം. മടലിന്റെ കവിള്‍ ഭാഗത്ത് വിള്ളലുകള്‍ വരുന്നതായും മടലുകള്‍ ഒടിഞ്ഞു തൂങ്ങുന്നതായും കാണാം. ഇലകളില്‍ മഞ്ഞളിപ്പും പ്രകടമാകും.
ചെമ്പന്‍ ചെല്ലികള്‍ തെങ്ങിനെ മൂന്ന് രീതിയില്‍ ആക്രമിക്കാം. തെങ്ങിന്റെ കൂമ്പ് ചീയല്‍ രോഗം, കൊമ്പന്‍ ചെല്ലിയുടെ ആക്രമണം എന്നിവ കൊണ്ട് ഉണ്ടാകുന്ന മുറിവുകളിലൂടെ അകത്ത് കടന്ന് തെങ്ങ് ഓടിച്ച് വീഴ്ത്താറുണ്ട്.. ചിലയിടങ്ങളില്‍ ചുവട് വച്ച് തന്നെ തെങ്ങ് മറിയുന്നത് കാണാം. ചെമ്പന്‍ ചെല്ലിയുടെ ആക്രമണവിധേയമായ ഭാഗങ്ങള്‍ ശ്രദ്ധിച്ചാല്‍ ഉള്‍ഭാഗം ചവച്ച് തുപ്പിയതുപോലെ കാണാം. ഒപ്പം പുഴുക്കളും സമാധി ദശകളുണ്ടാകും.
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
തോട്ടം വൃത്തിയാക്കി സൂക്ഷിക്കുക എന്നത് പ്രധാനമാണ്. തെങ്ങിന്റെ ചുവടിനോട് ചേര്‍ത്ത് ചകിരിച്ചോറ്, തൊണ്ട് മുതലായവ ഇടരുത്. ചെമ്പന്‍ ചെല്ലിയുടെ ആക്രമണത്താല്‍ നശിച്ചുപോയ തെങ്ങുകള്‍ മുറിച്ച് മാറ്റി കത്തിച്ച് കളയണം. തെങ്ങ് കയറുന്നതിനുള്ള എളുപ്പത്തിനായി തെങ്ങില്‍ പടവുകള്‍ പോലുള്ള മുറിവ് ഉണ്ടാക്കുന്ന പ്രവണത ഒഴിവാക്കണം. ഓലമടല്‍ തെങ്ങില്‍ തന്നെ അവശേഷിച്ച് ബാക്കിയുള്ള ഭാഗം മാത്രം വെട്ടാം. മടലിലുണ്ടാകുന്ന മുറിപ്പാടിലൂടെ ചെമ്പന്‍ ചെല്ലികള്‍ അകത്തേക്ക് കടക്കുവാന്‍ സാധ്യതയുണ്ട്. മടലിന് നീളം കൂടുതല്‍ ആണെങ്കില്‍ ഇവ തുരന്ന് തെങ്ങിനുള്ളില്‍ എത്തുന്നതിന് മുന്‍പ് തന്നെ മടല്‍ കൊഴിഞ്ഞു വീണുകൊള്ളും. കൊമ്പന്‍ ചെല്ലിയുടെ ആക്രമണം മൂലമുണ്ടാകുന്ന മുറിവുകളിലൂടെ ചെമ്പന്‍ ചെല്ലി തെങ്ങിന്റെ അകത്ത് കയറുന്നതിനാല്‍ കൊമ്പന്‍ ചെല്ലിയുടെ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ എല്ലാം തീര്‍ച്ചയായും സ്വീകരിക്കണം. ഫെറാലൂര്‍ എന്നറിയപ്പെടുന്ന ചെമ്പന്‍ ചെല്ലിയുടെ ഫിറമോണ്‍ കെണികള്‍ വിപണിയില്‍ ലഭ്യമാണ്. ഇത്തരം കെണികളെ തോട്ടത്തിന് പുറത്ത് വേണം സ്ഥാപിക്കാന്‍. കെണിയില്‍ അകപ്പെടുന്ന ചെല്ലികളെ ശേഖരിച്ച് കൃത്യമായി നശിപ്പിച്ച് കളയണം.
ഫെറോലൂര്‍ വയ്ക്കുന്ന ബക്കറ്റ് കെണിയില്‍ കീടനാശിനി അടങ്ങിയ വെള്ളമൊഴിക്കണം. ചെല്ലിയുടെ ആക്രമണം കൂടുതലുള്ള പ്രദേശങ്ങളില്‍ നാമ്പോലയ്ക്ക് ചുറ്റുമുള്ള ഓലകവിളുകളില്‍ ക്‌ളോറണ്‍ട്രനിലിപ്രോല്‍ എന്ന തരി രൂപത്തിലുള്ള കീടനാശിനി ഇരുപത് ഗ്രാം ഇരുന്നൂറ് ഗ്രാം മണലുമായി മിക്‌സ് ചെയ്ത് നിറയ്ക്കാം. ആക്രമണം രൂക്ഷമാകുകയാണെങ്കില്‍ ഇമിടാക്ലോപ്രിട് (tatamida ) എന്ന കീടനാശിനി ഒരു മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ഒരു ഫണല്‍ ഉപയോഗിച്ച് ചെല്ലി പ്രവേശിച്ച മുറിവിലൂടെ തെങ്ങിനുള്ളിലേക്ക് ഒഴിച്ച് കൊടുക്കാം. കീടനാശനികള്‍ ഉപയോഗിക്കുന്ന സമയങ്ങളില്‍ ഗൗസ് ,മാസ്‌ക് ഇവ തീര്‍ച്ചയായും ഉപയോഗിക്കുക.
തയ്യാറാക്കിയത്
അനില്‍ മോനിപ്പിള്ളി
Discussion about this post