ഒട്ടുമിക്ക വീടുകളിലും ഇന്ന് കാണുന്ന ഒരു ചെടിയാണ് എവര്‍ഗ്രീന്‍ ടര്‍ട്ടില്‍ വൈന്‍. ഇടതൂര്‍ന്ന് മനോഹരമായി നില്‍ക്കുന്ന ഇവ വളര്‍ത്താനും എളുപ്പമാണ്. തൂക്കുചട്ടികളിലാണ് എവര്‍ഗ്രീന്‍ ടര്‍ട്ടില്‍ വൈന്‍ കൂടുതലായും വളര്‍ത്തുന്നതെങ്കിലും പുല്‍ത്തകിടിയായും പരീക്ഷിക്കുന്നവരുണ്ട്. എങ്കിലും തൂക്കുചട്ടികളില്‍ താഴേക്ക് ഊര്‍ന്നിറങ്ങി പച്ചപ്പോടെ നില്‍ക്കുന്നതിന് തന്നെയാണ് കൂടുതല്‍ ആകര്‍ഷണം.
എങ്ങനെ നട്ടുപിടിപ്പിക്കാം ?
വളരെ എളുപ്പമാണ് ടര്‍ട്ടില്‍ വൈന്‍ വെച്ചുപിടിപ്പിക്കാന്‍. ചെടിയുടെ തലപ്പ് നട്ടാണ് പുതിയ ചെടിയുണ്ടാക്കുന്നത്. ചെടിയുടെ ഓരോ മുട്ടിലും വേരുകളുണ്ട്. അത് മണ്ണില്‍ നട്ടാല്‍ വളരെ വേഗത്തില്‍ തന്നെ വളര്‍ന്നുകൊള്ളും. മണ്ണിലേക്ക് ആഴ്ന്നിറക്കേണ്ട ആവശ്യവും ഇല്ല. മണ്ണിന് മുകളില്‍ വെറുതെയൊന്ന് വെച്ച് കൊടുത്ത് വെള്ളം സ്േ്രപ ചെയ്തുകൊടുത്താല്‍ പോലും അവയ്ക്ക്് വളരാന്‍ സാധിക്കും.
തഴച്ചുവളരാന്‍ മണ്ണൊരുക്കേണ്ട വിധം
മണ്ണ്, ചകിരിച്ചോറ്, ചാണകപ്പൊടി അല്ലെങ്കില്‍ ആട്ടിന്‍കാട്ടം എന്നി 1:1:1 എന്ന അനുപാതത്തിലെടുത്ത് യോജിപ്പിച്ചാണ് ചെടി നടാനുള്ള പോട്ട് മിക്‌സ് തയ്യാറാക്കേണ്ടത്. ഇങ്ങനെ ചെയ്യുന്നതിലൂടെ ചെടിയ്ക്ക് ആവശ്യമായ വളം ലഭ്യമാകും. പോട്ടിന്റെ മുക്കാല്‍ ഭാഗം ഈ മിശ്രിതം നിറച്ച ശേഷം അതിലേക്ക് ചെടി വെക്കുക. അതിന് മുകളിലേക്ക് വീണ്ടും മിശ്രിതം നിറച്ച് വെള്ളമൊഴിച്ചുകൊടുക്കുക. കുറച്ച് ദിവസം തണലില്‍ വെക്കുക.
ശ്രദ്ധയും പരിചരണവും ആവശ്യം
നടാന്‍ എളുപ്പമാണെങ്കിലും അവയുടെ വളര്‍ച്ചയില്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ നല്ല പച്ചപ്പ് ലഭിക്കില്ല. മാത്രമല്ല ചീഞ്ഞുപോകാനും സാധ്യതയുണ്ട്. ആരോഗ്യമുള്ള ചെടി ലഭിക്കാന്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് നേരിട്ട് വെയില്‍ ലഭിക്കുന്ന സ്ഥലങ്ങളില്‍ വളര്‍ത്തരുതെന്നതാണ്. നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കുന്നത് ചെടി മഞ്ഞനിറത്തിലായി പോകാന്‍ ഇടയാക്കും. മറ്റൊന്ന് കൃത്യമായി നനയ്ക്കാന്‍ ശ്രദ്ധിക്കണം. അതിനൊപ്പം നീര്‍വാര്‍ച്ചയും ഉറപ്പുവരുത്തണം. വെള്ളം കെട്ടിനില്‍ക്കാന്‍ പാടില്ല. കൂടുതല്‍ വെള്ളം ചെടിയുടെ വളര്‍ച്ചയെ ദോഷകരമായി ബാധിക്കും. തൂക്കുചട്ടികളില്‍ വളര്‍ത്തുമ്പോള്‍ വള്ളികള്‍ താഴോട്ട് വളരുംതോറും കട്ടി കുറയുന്നതായി കാണാം. ഈ സമയത്ത് തുമ്പ് മുറിച്ച് കൊടുത്ത് ഭംഗിയാക്കി നിര്‍ത്താം.
വളപ്രയോഗം
ആഴ്ചയില്‍ പച്ചച്ചാണകം കലക്കി ഒഴിച്ചുകൊടുക്കുന്നത് ടര്‍ട്ടില്‍ വൈന്‍ പച്ചപ്പോടെ തഴച്ചുവളരാന്‍ സഹായിക്കും. നൈട്രജന്‍ കൂടുതല്‍ അടങ്ങിയിട്ടുള്ള കപ്പലണ്ടി പിണ്ണാക്ക് നല്‍കുന്നതും ചെടിയുടെ വളര്‍ച്ചയ്ക്കും പച്ചപ്പിനും സഹായിക്കും. ഒരു പിടി കപ്പലണ്ടി പിണ്ണാക്കെടുത്ത് അര മഗ് വെള്ളത്തില്‍ ഒന്നോ രണ്ടോ ദിവസമിട്ടു വെക്കുക.ഇതില്‍ നിന്ന് തെളിഞ്ഞ വെള്ളമെടുക്കുക. ഇതിലേക്ക് അതേയളവില്‍ വെള്ളം ചേര്‍ക്കുക. ഇത് ചെടിയുടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കുക. ഇലകളില്‍ സ്േ്രപ ചെയ്തും നല്‍കാം. മറ്റൊരു വളമാണ് തേയില ചണ്ടി. മധുരമില്ലാത്ത തേയില ചണ്ടിയാണ് ഉപയോഗിക്കേണ്ടത്. 15 ദിവസത്തിലൊരിക്കലാണ് ഇത് പ്രയോഗിക്കേണ്ടത്.
പച്ചപരവതാനി പോലെ
ചില ആളുകള്‍ ഇപ്പോള്‍ പുല്‍ത്തകിടി പോലെയും ടര്‍ട്ടില്‍ വൈന്‍ പരീക്ഷിക്കാറുണ്ട്. ഇടതൂര്‍ന്ന് നില്‍ക്കുന്നതും പടര്‍ന്നു പിടിക്കുന്നതിനാലും സെറ്റ് ചെയ്ത് കൊടുക്കുന്നതനുസരിച്ച് അവ പുല്‍ത്തകിടിയാക്കാം. എന്നാല്‍ സാധാരണ പുല്‍ത്തകിടി പോലെ അതില്‍ ചവിട്ടി നില്‍ക്കാനോ ഇരിക്കാനോ പാടില്ല. ചെടി നശിച്ചുപോകും.
Discussion about this post