പൂന്തോട്ടങ്ങളുടെ അഴക് വര്‍ദ്ധിപ്പിക്കുന്നതില്‍ ബോഗണ്‍വില്ലയ്ക്ക് പ്രധാനപ്പെട്ട സ്ഥാനമുണ്ട്. പിങ്ക്, ഓറഞ്ച്, വെള്ള, ചുവപ്പ് തുടങ്ങിയ നിറങ്ങളില്‍ പൂത്തുനില്‍ക്കുന്ന ബോഗണ്‍വില്ല അഥവാ കടലാസ് പൂക്കള്‍ പൂന്തോട്ടങ്ങളില്‍ വര്‍ണമനോഹാരിത തീര്‍ക്കും.
അധികം പരിചരണം ആവശ്യമില്ലാത്തതും, വെള്ളത്തിന്റെ ലഭ്യത കുറഞ്ഞാലും പെട്ടെന്ന് വാടിപോകാത്തതും കമ്പ് മുറിച്ച് നട്ട് എളുപ്പത്തില്‍ തൈകള്‍ ഉണ്ടാക്കാന്‍ കഴിയുന്നതുമെല്ലാം ബോഗണ്‍വില്ലയുടെ പ്രത്യേകതകളാണ്. വെയില്‍ നല്ല രീതിയില്‍ ലഭിക്കുന്ന സ്ഥലത്ത് വെക്കാന്‍ ശ്രദ്ധിക്കണം. നല്ല വെയില്‍ ലഭിക്കുന്നതനുസരിച്ച് കൂടുതല്‍ പൂക്കളുണ്ടാകും. നിലത്തും ചട്ടിയിലും ബോഗണ്‍വില്ല വളര്‍ത്താം. കുറ്റിച്ചെടിയായും വള്ളിയില്‍ കയറ്റിവിട്ട് പടര്‍ത്തിയും വളര്‍ത്താന്‍ സാധിക്കും.
മുള്ളുകളുള്ള ഈ ചെടി പന്ത്രണ്ട് മീറ്റര്‍ വരെ ഉയരത്തില്‍ വളരും. ഇതിന്റെ പൂക്കള്‍ വളരെ ചെറുതാണ്. യഥാര്‍ഥത്തില്‍ വര്‍ണ്ണപ്പകിട്ടോടെ കാണപ്പെടുന്നത് അവയുടെ ഇലകളാണ്(ബ്രാക്റ്റ്) . ഇവയുടെ യഥാര്‍ത്ഥ പൂവ് ചെറുതും വെളുത്ത നിറമുള്ളതുമാണ്. അഞ്ചോ ആറോ ബ്രാക്റ്റുകളാല്‍ പൂവ് ചുറ്റപ്പെട്ടിരിക്കും.
ചൂട് കാലാവസ്ഥകളില്‍ ബോഗണ്‍വില്ല പെട്ടെന്ന് വളരും. ശാഖകള്‍ ഒടിച്ചുമാറ്റുകയോ ചെത്തിമാറ്റുകയോ ചെയ്താല്‍ ഇവയുടെ വളര്‍ച്ചയുടേയും പുഷ്പിക്കലിന്റെയും വേഗത വര്‍ദ്ധിപ്പിക്കാം. ഈര്‍പ്പവും വളക്കൂറുമുള്ള മണ്ണിലാണ് ഇവ ഏറ്റവും നന്നായി വളരുക. പുഷ്പിക്കല്‍ ചക്രത്തിന്റെ ദൈര്‍ഘ്യം നാലു മുതല്‍ ആറ് ആഴ്ച വരെയാണ്.
ബോഗണ്‍വില്ല നടേണ്ട വിധം
പതിവെച്ചോ കമ്പുകള്‍ മുറിച്ചുവെച്ചോ ബോഗണ്‍വില്ലയുണ്ടാക്കാം. കമ്പുകള്‍ മുറിച്ചെടുത്ത് മണ്ണ്, മണല്‍, എല്ലുപൊടി, ചാണകപ്പൊടി എന്നിവ ചേര്‍ത്ത ചട്ടിയില്‍ നടാം. വേര് പിടിക്കുന്നതിനായി ഒരുമാസത്തോളം തണല്‍ ലഭിക്കുന്ന സ്ഥലത്താണ് വെക്കേണ്ടത്. അതുകഴിഞ്ഞ് വെയിലുള്ള സ്ഥലത്തേക്ക് മാറ്റിവെക്കാവുന്നതാണ്.
പ്രൂണിങ് ചെയ്താല്‍ കൂടുതല്‍ പൂക്കള്‍ ലഭിക്കും. ശക്തമായ സൂര്യപ്രകാശവും ഇടക്കിടെയുള്ള വളമിടലും ഇവയുടെ വളര്‍ച്ചയെ അനുകൂലിക്കുന്ന ഘടകങ്ങളാണ്. വെള്ളം കുറച്ച് മതി. അമിതമായ ജലസേചനം പൂക്കളുണ്ടാകാതിരിക്കുന്നതിനും, ചിലപ്പോള്‍ വേരഴുകല്‍ മൂലം സസ്യത്തിന്റെ നാശത്തിനുതന്നെ കാരണമായേക്കാം.
Discussion about this post