തിരുവനന്തപുരം: കാലവർഷം ശക്തിയാർജിക്കുകയാണ്. ഇന്നലെ സംസ്ഥാനത്ത് പെയ്തത് ഈ സീസണിലെ ഏറ്റവും കൂടിയ മഴ. ശരാശരി 69.6 മില്ലിമീറ്റർ മഴയാണ് കേരളത്തിൽ ഇന്നലെ പെയ്തിറങ്ങിയത്.
കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 103 മില്ലിമീറ്റർ. വയനാട് -95.8 മില്ലിമീറ്റർ, കണ്ണൂർ-89.2 മില്ലിമീറ്റർ, കാസർകോട് -85 എറണാകുളം-80.1 മഴയും രേഖപ്പെടുത്തി. കോട്ടയം ജില്ലയിലെ കിടങ്ങൂരിൽ ഇന്നലെ 199 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. വയനാട്ടിലെ പടിഞ്ഞാറത്തറയിൽ 165 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തിയിട്ടുണ്ട്.
മധ്യകേരള തീരം മുതൽ മഹാരാഷ്ട്ര തീരംവരെ ന്യുനമർദ പാത്തി സ്ഥിതിചെയ്യുന്നതിനാൽ പലയിടങ്ങളിലും കനത്ത മഴ തുടരുകയാണ്. കേരള തീരത്തു പടിഞ്ഞാറൻ, തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു. ഇതിന്റെ ഫലമായി അടുത്ത 3 ദിവസം വരെ അതിശക്തമായതോ അതിതീവ്രമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
ദേശിയ ദുരന്ത നിവാരണ സേനയുടെ 9 ടീമിനെ കേരളത്തിന്റെ വിവിധ ഇടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കൊല്ലം, കോഴിക്കോട്, തൃശ്ശൂർ, വയനാട് ജില്ലകളില്ലാണ് സേനയെ വിന്യസിച്ചത്.
അരുവിക്കര, കല്ലാർകുട്ടി, ലോവർ പെരിയാർ, പാംബ്ലാ, പെരിങ്ങൽകൂത്ത് എന്നി ഡാമുകളിൽ നിന്നും മുൻകരുതലിന്റെ ഭാഗമായി നിയന്ത്രിത അളവിൽ ജലം പുറത്തേക്കൊഴുക്കുന്നുണ്ട്. തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ട്. മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ഇത്തരം മേഖലകളിലേക്കുള്ള രാത്രി യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക.ജല വിനോദങ്ങളും വനമേഖലയിലെ ട്രക്കിംഗും ഒഴിവാക്കാൻ ശ്രദ്ധിക്കണം.
Discussion about this post