കൃഷിയിൽ മികച്ച വിളവ് ലഭിക്കുവാനും, കീട നിയന്ത്രണത്തിനും ഉപയോഗിക്കാവുന്ന ഒന്നാണ് ഹരിത കഷായം. പ്രധാനമായും പത്തിലകൾ ചേർത്തുണ്ടാക്കുന്ന ഈ ഹരിത കഷായം 100 മില്ലി കഷായം ഒരു ലിറ്റർ വെള്ളത്തിൽ എന്ന രീതിയിലാണ് ചെടികൾക്ക് ഒഴിച്ചുകൊടുക്കുന്നത്. കീടസാധ്യതകളെ ഇല്ലാതാക്കാൻ ഇത് സ്പ്രേ ചെയ്തു നൽകാം. നല്ല ഗന്ധം ഉള്ളതും, കയ്പ്പ് രസ പ്രധാനവുമായ ഇലകളാണ് ഹരിത കഷായം നിർമ്മാണത്തിനുവേണ്ടി പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്. ഹരിതകഷായത്തിന് വേണ്ടി തെരഞ്ഞെടുക്കുന്ന ഇലകൾ ശീമക്കൊന്ന ഇല, പെരുവലം, പപ്പായ ഇല, കരിനൊച്ചി, ആര്യവേപ്പ്, അരളി, കർപ്പൂരം, കൂവളം പാന്നൽ, കാഞ്ഞിരം തുടങ്ങിയവയാണ്. തണ്ടുകൾ ഒടിയുമ്പോൾ പശ വരുന്ന ചെടികൾ പൊതുവേ ഹരിത കഷായത്തിന് ഉപയോഗപ്പെടുത്താറില്ല. പുല്ലു വർഗ്ഗത്തിൽ പെട്ട ചെടികൾക്ക് കരുത്ത് കുറവായതുകൊണ്ട് ഇത്തരം സസ്യങ്ങളും ഹരിത കഷായം നിർമാണത്തിൽ ഉപയോഗിക്കാറില്ല. ഒരിനത്തിൽ പെട്ട ചെടി 1 മുതൽ 2 കിലോ വരെ മാത്രം എടുക്കുക. മുകളിൽ പറഞ്ഞ പത്തിലകൾ ലഭ്യമാകാത്തപക്ഷം വീട്ടുവളപ്പിൽ നിന്ന് ലഭ്യമാകുന്ന അസഹ്യ ഗന്ധമുള്ള മറ്റു കളകൾ ഉപയോഗപ്പെടുത്താവുന്നതാണ്. തുമ്പ, തൊട്ടാവാടി, തഴുതാമ തുടങ്ങിയവയും ഹരിത കഷായത്തിന് മികച്ചതാണ്. ഹരിത കഷായം മണ്ണിൽ പ്രയോഗിക്കുമ്പോൾ മണ്ണിൻറെ ഉർവരത മെച്ചപ്പെടുകയും, പോഷക ആഗീരണം വേഗത്തിൽ നടക്കുകയും ചെയ്യുന്നു. ഇത് ചെടികളുടെ വളർച്ചയ്ക്ക് ഏറ്റവും മികച്ചതാണ്. കൂടാതെ ഇതിൻറെ പ്രയോഗം കീട നിയന്ത്രണത്തിനും ഗുണം ചെയ്യും.
തയ്യാറാക്കുന്ന രീതി
മുകളിൽ പറഞ്ഞ പത്തിലകൾക്ക് പുറമെ 10 കിലോഗ്രാം പശുവിൻ ചാണകം, രണ്ട് കിലോ മുളപ്പിച്ച ഉഴുന്ന്, മൂന്ന് കിലോ ശർക്കര വെള്ളം, 100 ലിറ്റർ ശുദ്ധമായ വെള്ളം, സിൽ പോളിൻ ഷീറ്റ് 5*3 മി സൈസ്, രണ്ടിഞ്ച് വണ്ണമുള്ള ഒന്നര മീറ്റർ നീളമുള്ള മരത്തിൻറെ വടി. തയ്യാറാക്കുവാൻ വെയിൽ തട്ടാത്ത സ്ഥലത്ത് പ്ലാസ്റ്റിക് ഡ്രം വെച്ച് ഇതിലേക്ക് പച്ച ചാണകം വിതറുക. തുടർന്ന് അരിഞ്ഞ ഇലകളും മുളപ്പിച്ച ഉഴുന്നും ശർക്കര പൊടിച്ചതും പല അടുക്കുകളായി നിറക്കണം. അതിനുശേഷം 100 ലിറ്റർ വെള്ളം അളന്നു ഒഴിഞ്ഞ ശേഷം ഡ്രം നല്ല രീതിയിൽ അടച്ചു വയ്ക്കുക. പിറ്റേദിവസം മുതൽ 15 ദിവസം അതിരാവിലെ വടി ഉപയോഗിച്ച് ഇടത്തോട്ടും വലത്തോട്ടും അഞ്ച് പ്രാവശ്യം എന്ന രീതിയിൽ ഇളക്കണം. ഏകദേശം 15 ദിവസത്തിനു ശേഷം ഈ മിശ്രിതം അരിച്ച് എടുക്കുക. അരിച്ചെടുക്കുവാൻ തുണി ഉപയോഗിക്കാം. അരിച്ചു കിട്ടുന്ന വേസ്റ്റ് വളം എന്ന രീതിയിലും ഉപയോഗിക്കാവുന്നതാണ്.
Discussion about this post