രാജ് ഭവനെ കാർഷിക ഉദ്യാനമാക്കി മാറ്റാൻ ഗവർണർ രാജേന്ദ്ര ആർലേക്കർ. രാജ്ഭവനിലെ 50 ഏക്കർ ഭൂമിയിൽ വ്യാപകമായി കൃഷിയിറക്കാൻ നടപടി ആരംഭിച്ചു കഴിഞ്ഞു. ഇതിനോടൊപ്പം കൃഷിയിൽ നിന്നുള്ള മൂല്യ വർധിത ഉത്പന്നങ്ങൾ ‘മെയ്ഡ് ഇൻ രാജ്ഭവൻ’ എന്ന പേരിൽ വിപണിയിലേക്ക് എത്തിക്കാനും ശ്രമിക്കുന്നു. ഇതിനോട് അനുബന്ധിച്ച് കല്ലാർ കൃഷിഭവനിൽ നിന്ന് പാളയംകോടൻ, രസകദളി, ഏത്തൻ തുടങ്ങി വിവിധ ഇനങ്ങളിലായി 150ലധികം വാഴ രാജ്ഭവനിൽ എത്തിച്ചു. എല്ലാത്തരത്തിലുള്ള പച്ചക്കറികളും കൃഷി ചെയ്യും. ഇതു മാത്രമല്ല ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ ആയിരുന്ന സമയത്ത് ആരംഭിച്ച ഗോശാല ആർലേക്കർ വന്നശേഷം വിപുലീകരിക്കുകയും ചെയ്തിരുന്നു.
രാജ് ഭവനിൽ നിലവിൽ 150ലേറെ ജീവനക്കാരുണ്ട്. ഈ ജീവനക്കാരുടെ അധ്വാനവും സേവനവും കാര്യക്ഷമമായി പ്രയോജനപ്പെടുത്താൻ കൂടിയാണ് രാജ് ഭവനിൽ കൃഷിത്തോട്ടം ഒരുക്കാനുള്ള ഗവർണറുടെ തീരുമാനത്തിന് പിന്നിലും. ഇതിന്റെ മേൽനോട്ടത്തിനായി കൃഷിവകുപ്പിൽ നിന്നുള്ള സൂപ്പർവൈസറെ നിയോഗിച്ചു. രാജ് ഭവൻ വളപ്പിലെ നാല് കുളങ്ങളിൽ മത്സ്യകൃഷി നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ഈ ഓണത്തിന് രാജ് ഭവനിലെ ജീവനക്കാർക്ക് വിഷമുക്തമായ പച്ചക്കറി കിറ്റ് നൽകുക എന്നതാണ് തന്റെ ആഗ്രഹം എന്നും ഗവർണർ പറഞ്ഞു.
Discussion about this post