വളർത്തു മൃഗങ്ങളുടെയും പക്ഷികളുടെയും വ്യാപാരത്തിനായി സർക്കാർ നിയന്ത്രണത്തിനുള്ള ഓൺലൈൻ പ്ലാറ്റ്ഫോം അണിയറയിൽ ഒരുങ്ങുന്നു. ഇടനിലക്കാരില്ലാതെ കർഷകർക്ക് നേരിട്ട് ഓൺലൈൻ വിപണി ഉപയോഗപ്പെടുത്തി കന്നുകാലികളെയും പക്ഷികളെയും സുരക്ഷിതമായി പണമിടപാട് നടത്തി വാങ്ങാൻ ഈ പ്ലാറ്റ്ഫോം സഹായകമാകും. കേരള കന്നുകാലി വികസന ബോർഡ് ഇത് സംബന്ധിച്ച് കേരള സ്റ്റാർട്ട് മിഷനുമായി പ്രാഥമിക ചർച്ച പൂർത്തിയാക്കിയിട്ടുണ്ട്.

ഓൺലൈൻ പ്ലാറ്റ്ഫോമിൽ വളർത്തുമൃഗങ്ങളുടെ ഫോട്ടോകൾ, വീഡിയോകൾ, ബ്രീഡിനെ കുറിച്ചുള്ള വിശദങ്ങൾ ആരോഗ്യനില, തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തി പരസ്യം തയ്യാറാക്കിയ പോസ്റ്റ് ചെയ്യാം. സ്പീഷ്യസ്, ജനുസ്, വില, സ്ഥലം എന്നിവ അറിയാൻ സെർച്ച് ഓപ്ഷനുകൾ ഉണ്ട്. സുരക്ഷിതമായി മൃഗങ്ങളെ എത്തിക്കാൻ ഗതാഗത ഏജൻസികളായുള്ള ക്രമീകരണവും നിലവിൽ ഉറപ്പുവരുത്തിയിട്ടുണ്ട്. ഇതിനൊപ്പം വ്യാപാരവുമായി ബന്ധപ്പെട്ട സർക്കാർ നിയമങ്ങൾ, വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും നിർബന്ധിത കെ വൈ സി, വില്പനയ്ക്ക് മുൻപുള്ള വെറ്റിനറി പരിശോധനകൾക്കും സർട്ടിഫിക്കേഷനുകൾക്കുമുള്ള ഓപ്ഷൻ തുടങ്ങിയവയും പ്ലാറ്റ്ഫോമിൽ സജ്ജമാക്കിയിട്ടുണ്ട്.
ഈ സംവിധാനം ബിസിനസ് അവസരങ്ങൾ വർധിപ്പിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ഇടനിലക്കാരുടെ സ്വാധീനം കുറയ്ക്കൽ, വില നിശ്ചയിക്കൽ, ന്യായമായ വ്യാപാരം എന്നിവയാണ് ഓൺലൈൻ പ്ലാറ്റ്ഫോമിന്റെ ലക്ഷ്യങ്ങൾ. കർഷകർ, കന്നുകാലി വളർത്തുന്നവർ, ക്ഷീരസംരംഭകർ, കോഴിഫാം ഉടമകൾ, മൃഗസംരക്ഷണ കേന്ദ്രങ്ങളും സന്നദ്ധസംഘടനകളും, വെറ്റിനറി ഡോക്ടർമാർ തുടങ്ങിയവരെയാണ് ഈ ഓൺലൈൻ പ്ലാറ്റ്ഫോം ഉപയോക്താക്കളായി ലക്ഷ്യമിടുന്നത്.
Discussion about this post