സ്പൈഡര്‍ പ്ലാന്റ്
ഏറ്റവും എളുപ്പത്തില്‍ വളര്‍ത്താന്‍ കഴിയുന്ന ഇന്‍ഡോര്‍ പ്ലാന്റാണ് സ്പൈഡര്‍ പ്ലാന്റ്. ഹാംഗിങ് ആയോ ബാസ്ക്കറ്റിലോ പോട്ടിലോ ട്രെയിലിംഗ് പ്ലാന്റായോ ഇത് വളര്‍ത്താം. കുറഞ്ഞ വെളിച്ചത്തില്‍ (കൃത്രിമ വെളിച്ചത്തില്‍ വരെ) സ്പൈഡര്‍ പ്ലാന്റ് വളരും. മണ്ണ് വരണ്ടുപോകാതെ ദിവസവും നനച്ചുകൊടുക്കാന്‍ ശ്രദ്ധിക്കണം.
ടാങ്കിള്‍ഡ് ഹാർട്ട് വൈൻ
സ്വീഡിഷ് ഐവി ,പില്ലോ പ്ലാന്റ് എന്നീ പേരുകളിലും അറിയപ്പെടുന്ന ചെടിയാണിത്. ഹാങ്ങിങ് പോട്ടുകളിൽ നന്നായി വളർരാന്‍ സാധിക്കുന്ന ചെടിയാണിത്. അധികം വെള്ളമോ, സൂര്യ പ്രകാശമോ ,പരിപാലനമോ ആവശ്യമില്ലാതെ എളുപ്പത്തിൽ വളർത്തി എടുക്കാൻ സാധിക്കും. പെട്ടെന്ന് വളരും. അധികം വെയിലേറ്റാലും നനവ് കൂടിയാലും ഇതിന്റെ ഇലകളില്‍ മഞ്ഞനിറം വരും, ഇല പൊഴിയാനും കാരണമാകും. തണ്ടുകളിൽ നിന്ന് എളുപ്പത്തിൽ തൈകൾ വളർത്തി എടുക്കാം .
സ്ട്രിംഗ് ഓഫ് പേൾ
ഹാങ്ങിങ് പോട്ടുകളിൽ നന്നായി വളർത്താൻ സാധിക്കുന്ന ചെടിയാണിത്. മുത്തുകൾ പോലെ ഉള്ള ഇലകളാണ് ഇതിന്റെ ഭംഗി കൂട്ടുന്നത് . ചെടി നട്ട ശേഷം വളർച്ച നിരീക്ഷിക്കണം. നന്നായി വളര്‍ന്നു തുടങ്ങിയ ശേഷം ഹാങ്ങിങ് ചെയ്തു ഇടാം. പതുക്കെ വളരുന്ന ചെടിയാണിത്. അധികം സൂര്യ പ്രകാശം ആവശ്യമില്ല. വെള്ളത്തിന്റെ അളവ് കൃത്യമായി ശ്രദ്ധിക്കണം. അധികം കുറവോ കൂടുതലോ ആയ വെള്ളത്തിന്റെ അളവ് ദോഷം ചെയ്യും. തണ്ടിൽ നിന്ന് ഉള്ള കട്ടിങ് ഉപയോഗിച്ചു പുതിയ തൈകൾ വളർത്തി എടുക്കാം .
സ്ട്രിംഗ് ഓഫ് ഹാർട്ട്
ഹൃദയത്തിന്റെ രൂപത്തിൽ ഉള്ള ഇലകളാണ് ഈ ചെടിക്കു ഇങ്ങനെ ഒരു പേര് ലഭിക്കാൻ കാരണം. റോസറി വൈൻ ,ചെയിൻ ഓഫ് ഹേർട്സ് ,ചൈനീസ് ലാന്റേൺ തുടങ്ങിയ പേരുകളിലും ഈ ചെടി അറിയപ്പെടുന്നു.അധികം സൂര്യ പ്രകാശം ആവശ്യമില്ല .പുതിയ തൈകൾ വളർത്തി എടുക്കാൻ കുറച്ചു സമയം എടുക്കും .അധികം ജലാംശം ഇല്ലാത്ത മണ്ണാണ് നല്ലത് .ജലസേചനത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണം.
പത്തുമണിച്ചെടികൾ (പോർട്ടുലാക്ക)
സാധാരണ നിലത്തോ മതിലിനുമുകളിലോ വെച്ച ചട്ടികളിലാണ് കൂടുതലും പത്തു മണി ചെടികൾ വളർത്തുന്നത്. ഹാങ്ങിങ് ബാസ്കറ്റുകളിൽ അല്ലെങ്കിൽ ചട്ടികളിൽ വളർത്തുമ്പോൾ ഇതിന് കൂടുതല്‍ ഭംഗിയുണ്ടാകും. തൂക്കുചട്ടിയില്‍ പോട്ടിങ് മിശ്രിതം തയ്യാറാകുമ്പോൾ അധികം ഭാരം കൂടാതെ നോക്കണം. വിവിധ തരത്തിലുള്ള ഹാങ്ങിങ് ഐഡിയകൾ ഉപയോഗിക്കാം
പലനിറങ്ങളിൽ വിടർന്നുനിൽക്കുന്ന പത്തുമണിപ്പൂക്കളെ ഇഷ്ടമാകാത്തവർ ചുരുക്കമാണ്.പോർട്ടുലാക്ക എന്ന സസ്യക്കൂട്ടത്തിൽ അനേകം ഇനങ്ങളുണ്ട്. വീതികുറഞ്ഞ സൂചി പോലെയുള്ള ഇലകളുള്ളവയാണ് സാധാരണയായി പോർട്ടുലാക്ക എന്നറിയപ്പെടുന്ന പത്തുമണിച്ചെടികൾ. ഇവയുടെ പുഷ്പങ്ങളിൽ ധാരാളം അടുക്കുകളുണ്ടാവും. പൂക്കൾ വൈകുന്നേരം 3 മണി വരെയൊക്കെ വിടർന്നു തന്നെ നിൽക്കും
കമ്പ് നട്ട് വളർത്തുന്നതാണ് ഏറ്റവും എളുപ്പം. നല്ല സൂര്യപ്രകാശമാണ് പുഷ്പിക്കാൻ ആദ്യം വേണ്ടത്. തീവ്രമായ മഴ പത്തുമണിക്ക് യോജിച്ചതല്ല. മഴയത്ത് നിൽക്കുന്ന ചെടികൾ ചീഞ്ഞ് നശിക്കുന്നത് കാണാറുണ്ട്. ചട്ടികളിലാണ് നട്ടിരിക്കുന്നതെങ്കിൽ മഴക്കാലത്ത് മഴ കൊള്ളാത്ത രീതിയിൽ മാറ്റിവയ്ക്കാൻ ശ്രദ്ധിക്കാം. കീടാക്രമണം വരുന്നുണ്ടോ എന്ന് നോക്കണം.
ഫ്ലെയിം വയലറ്റ്
എപ്പീസിയ കുപ്രിയേറ്റ എന്നാണ് ഫ്രെയിം വയലറ്റിന്റെ ശാസ്ത്രനാമം. അമേരിക്കയാണ് ജന്മദേശം.ഫ്ളയിം വയലറ്റിന്റെ ഇലകളും പൂക്കളും ഒരുപോലെ ആകർഷകമാണ്. പച്ച, ചുവപ്പ് കലർന്ന പച്ച, എന്നിങ്ങനെയുള്ള നിറങ്ങളിൽ തിളങ്ങുന്ന ഇലച്ചാർത്താണ് എപ്പീസിയക്കുള്ളത്. ഓറഞ്ച് കലർന്ന ചുവന്ന നിറത്തിലും പിങ്ക്, മഞ്ഞ, വെള്ള എന്നീ നിറങ്ങളിലുമുള്ള എപ്പീസിയപ്പൂക്കളുണ്ട്. നമ്മുടെ നാട്ടിൽ സാധാരണയായി ചുവപ്പ്, പിങ്ക് എന്നീ നിറങ്ങളിലുള്ള പൂക്കൾ കാണാം.
അധികം ശ്രദ്ധ ആവശ്യമില്ലാത്ത ചെടികളിലൊന്നാണ് ഫ്ലെയിം വയലറ്റ്. ഹാങ്ങിങ് ചട്ടികളിൽ വളർത്തുമ്പോൾ ചട്ടിയിൽ കൃത്യമായ നീർവാർച്ച ഉറപ്പുവരുത്തണം. മണ്ണ്, മണൽ, ചാണകം അല്ലെങ്കിൽ കമ്പോസ്റ്റ് എന്നിവ ഒരേ അനുപാതത്തിൽ ചേർത്ത മിശ്രിതത്തിൽ എപ്പീസിയ നട്ടുവളർത്താം. ചട്ടിയുടെ ചുവട്ടിൽ ചെറിയ ഓടിൻ കഷണങ്ങൾ, കരിക്കട്ടകൾ എന്നിവ ഇടുന്നത് നീർവാർച്ച കൂട്ടുന്നതിന് നല്ലതാണ്, ശക്തമായ വെയിൽ ചെടിയെ ദോഷകരമായി ബാധിക്കും. അതിനാൽ 50 ശതമാനം തണലുള്ള ഇടങ്ങളിൽ വളർത്തുന്നതാണ് ഏറ്റവും നല്ലത്. കൃത്യമായി നന നൽകാൻ ശ്രദ്ധിക്കണം. കാര്യമായ വളപ്രയോഗമൊന്നും ആവശ്യമില്ലെങ്കിലും മാസത്തിലൊരിക്കൽ ചെടിച്ചുവട്ടിൽ അല്പം കമ്പോസ്റ്റോ മറ്റു ജൈവവളങ്ങളോ ചേർത്ത് കൊടുക്കുന്നത് നല്ലതാണ്.
എവര്‍ഗ്രീന്‍ ടര്‍ട്ടില്‍ വൈന്‍
തൂക്കുചട്ടികളിലാണ് എവര്‍ഗ്രീന്‍ ടര്‍ട്ടില്‍ വൈന്‍ കൂടുതലായും വളര്‍ത്തുന്നതെങ്കിലും പുല്‍ത്തകിടിയായും പരീക്ഷിക്കുന്നവരുണ്ട്. എങ്കിലും തൂക്കുചട്ടികളില്‍ താഴേക്ക് ഊര്‍ന്നിറങ്ങി പച്ചപ്പോടെ നില്‍ക്കുന്നതിന് തന്നെയാണ് കൂടുതല്‍ ആകര്‍ഷണം. ഇടതൂര്‍ന്ന് മനോഹരമായി നില്ക്കുന്ന ഇവ വളര്‍ത്താനും എളുപ്പമാണ്.
വളരെ എളുപ്പമാണ് ടര്‍ട്ടില്‍ വൈന്‍ വെച്ചുപിടിപ്പിക്കാന്‍. ചെടിയുടെ തലപ്പ് നട്ടാണ് പുതിയ ചെടിയുണ്ടാക്കുന്നത്. ചെടിയുടെ ഓരോ മുട്ടിലും വേരുകളുണ്ട്. അത് മണ്ണില്‍ നട്ടാല്‍ വളരെ വേഗത്തില്‍ തന്നെ വളര്‍ന്നുകൊള്ളും. മണ്ണിലേക്ക് ആഴ്ന്നിറക്കേണ്ട ആവശ്യവും ഇല്ല. മണ്ണിന് മുകളില്‍ വെറുതെയൊന്ന് വെച്ച് കൊടുത്ത് വെള്ളം സ്പ്രേ ചെയ്തുകൊടുത്താല്‍ പോലും അവയ്ക്ക് വളരാന്‍ സാധിക്കും.
ആരോഗ്യമുള്ള ചെടി ലഭിക്കാന്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് നേരിട്ട് വെയില് ലഭിക്കുന്ന സ്ഥലങ്ങളില്‍ വളര്ത്തരുതെന്നതാണ്. നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കുന്നത് ചെടി മഞ്ഞനിറത്തിലായി പോകാന്‍ ഇടയാക്കും. മറ്റൊന്ന് കൃത്യമായി നനയ്ക്കാന്‍ ശ്രദ്ധിക്കണം. അതിനൊപ്പം നീര്‍വാര്‍ച്ചയും ഉറപ്പുവരുത്തണം. വെള്ളം കെട്ടിനില്ക്കാന് പാടില്ല. കൂടുതല്‍ വെള്ളം ചെടിയുടെ വളര്‍ച്ചയെ ദോഷകരമായി ബാധിക്കും. തൂക്കുചട്ടികളില്‍ വളര്‍ത്തുമ്പോള്‍ വള്ളികള്‍ താഴോട്ട് വളരുംതോറും കട്ടി കുറയുന്നതായി കാണാം. ഈ സമയത്ത് തുമ്പ് മുറിച്ച് കൊടുത്ത് ഭംഗിയാക്കി നിര്‍ത്താം.
വാണ്ടറിംഗ് ജ്യൂ
ഹാങ്ങിങ് പ്ലാന്റായി വളർത്താന്‍ നല്ലതാണ് വാണ്ടറിംഗ് ജ്യൂ. ഇലകളുടെ അടിയിലെ പർപ്പിൾ നിറം എടുത്തറിയുന്നത് ഇങ്ങനെ വളർത്തുമ്പോഴാണ്.കാര്യമായ പരിചരണമോ വളപ്രയോഗമോ ഒന്നുംതന്നെ ആവശ്യമില്ല. പൂന്തോട്ടങ്ങളിലും അകത്തളങ്ങളിലും ഒരുപോലെ സൗന്ദര്യം പകരുന്ന അലങ്കാര സസ്യമാണ് വാണ്ടറിംഗ് ജ്യൂ.ട്രെടെസ്കാൻഷ്യ എന്ന ജനുസ്സിൽപ്പെട്ട സസ്യങ്ങളാണ് വാണ്ടറിംഗ് ജ്യൂ എന്ന പേരിൽ അറിയപ്പെടുന്നത്. സെബ്രിന, ഫ്ലുമിനെൻസിസ്, പല്ലിട എന്നീ സ്പീഷീസുകളാണ് സാധാരണയായി നാം നട്ടുവളർത്തുന്നത്.നല്ല നീർവാർച്ചയുള്ള ഇടങ്ങളിലാണ് വാണ്ടറിംഗ് ജ്യൂ നടേണ്ടത്. മണ്ണ് വരണ്ട് പോകാത്ത വിധത്തിൽ നനച്ചു കൊടുക്കാൻ ശ്രദ്ധിക്കണം. ചെടിയുടെ ആരോഗ്യവും ആകൃതിയും നിലനിർത്തുന്നതിന് കൊമ്പുകോതുന്നത് നല്ലതാണ്
പെപ്പറോമിയ
ശ്രദ്ധിക്കാൻ അധികം സമയമില്ലെങ്കിലും അകത്തള സസ്യങ്ങളെ ഇഷ്ടപ്പെടുന്ന ധാരാളം ആളുകളുണ്ട്. അത്തരക്കാർക്ക് വളർത്താൻ പറ്റിയ ചെടിയാണ് പെപ്പറോമിയ. റേഡിയേറ്റർ പ്ലാന്റ്, ബേബി റബ്ബർ എന്നീ പേരുകളിലും പെപ്പറോമിയ അറിയപ്പെടുന്നുണ്ട്. പൈപ്പറേസിയെ കുടുംബത്തിൽപ്പെട്ട പെപ്പറൊമിയക്ക് കുരുമുളകിനോട് സാദൃശ്യമുള്ള ഇലകളുണ്ട്. കുരുമുളകിന്റെ തിരി പോലെയുള്ള പൂങ്കുലകളുമുണ്ടാകാറുണ്ട്.
പെപ്പറോമിയ പല ഇനങ്ങളിലുണ്ട്. പടർന്നുവളരുന്നവയും നേരേ മുകളിലേക്ക് വളരുന്നവയുമുണ്ട്. വൈവിധ്യമാർന്ന നിറങ്ങളിലുള്ള ഇവയുടെ ഇലകൾ ആകർഷണീയമാണ്. കടും പച്ച ഇലകൾ, ഇളം പച്ചയും മഞ്ഞയും കലർന്ന ഇലകൾ, ചുവപ്പു നിറത്തിലുള്ള അരികുകളുള്ള ഇലകൾ എന്നിങ്ങനെ പല നിറങ്ങളിൽ ഇലകളുള്ള ഇനങ്ങൾ ലഭ്യമാണ്. ഇതുകൂടാതെ ചുളുങ്ങിയ പ്രതലമുള്ള ഇലകൾ ഉള്ളവയുമുണ്ട്. ഇവ കടുംപച്ച, വയലറ്റ് എന്നീ നിറങ്ങളിൽ ലഭ്യമാണ്.
മണിപ്ലാന്റ്
ഭാഗ്യവും സമ്പത്തും കൊണ്ടുവരുമെന്ന് വിശ്വസിച്ച് മണിപ്ലാന്റ് വെക്കുന്നവരായിരുന്നു ഒരു കാലത്തുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് അതിനുപരി മണിപ്ലാന്റിന്റെ ആകര്‍ഷകത്വവും പരിപാലിക്കാന്‍ എളുപ്പമാണെന്നതുമാണ് ഇന്‍ഡോര്‍ ഗാര്‍ഡനുകളില്‍ ഒരു പ്രധാന സ്ഥാനം അലങ്കരിക്കാന്‍ മണിപ്ലാന്റുകളെ തെരഞ്ഞെടുക്കുന്നത്.
മണിപ്ലാന്റുകള്‍ അകത്തും പുറത്തും ഒരു പോലെ വളര്‍ത്താം. ഇന്‍ഡോര്‍ ഗാര്ഡന് ഒരുക്കാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് ആദ്യം വെച്ചുപിടിപ്പിക്കാവുന്ന ചെടി മണിപ്ലാന്റാണ്. ഒരു ഇലയോട് കൂടിയ തണ്ട് മതി മണിപ്ലാന്റ് തഴച്ചുവളരാന്‍. മണ്ണിലും വെള്ളത്തിലും ഒരു പോലെ വളരും.
പോത്തോസ് എന്നാണ് ഇംഗ്ലീഷുകാര്‍ മണിപ്ലാന്റിനെ വിളിക്കുന്നത്. വ്യത്യസ്ത തരം മണിപ്ലാന്റുകള്‍ ലഭ്യമാണ്. ഗോള്‍ഡന്‍ മണിപ്ലാന്റ്, മാര്‍ബിള്‍ ക്വീന്‍, ജേഡ് മണിപ്ലാന്റ്, സില്‍വര്‍, നിയോണ്‍, പേള്‍ ആന്റ് ജേഡ് അങ്ങനെ നീളുന്നു മണിപ്ലാന്റ് പട്ടിക.
മുട്ടത്തോട് പൊടിച്ച് മണിപ്ലാന്റിന് വളമായി ഇട്ടുകൊടുത്താല്‍ വളര്‍ച്ച പെട്ടെന്നാകും. അതുമല്ലെങ്കില്‍ ഒരാഴ്ച മുട്ടത്തോട് വെള്ളത്തിലിട്ടുവെക്കുക. ആ വെള്ളം മണിപ്ലാന്റിന് ഒഴിച്ചുകൊടുക്കുന്നതും വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും.
Discussion about this post