അലങ്കാര സസ്യമാണ് ഗ്ലാഡിയോലസ്. ഒത്തിരി നിറങ്ങളിൽ ഇവ ലഭ്യമാണ്. നീളമുള്ള തണ്ടിൽ നിരനിരയായാണ് പൂക്കൾ ഉണ്ടാകുന്നത്. ഏറെനാൾ വാടാതെ നിൽക്കും ഇവയുടെ പൂക്കൾ. ബൊക്കെകൾ നിർമ്മിക്കുമ്പോൾ ഗ്ലാഡിയോലസ് കഴിഞ്ഞേ മറ്റ് പൂക്കൾക്ക് സ്ഥാനം ഉണ്ടാകാറുള്ളൂ. ഇവയുടെ ഒത്തിരി ഇനങ്ങൾ വാണിജ്യപരമായി കൃഷി ചെയ്യുന്നുണ്ട്. അമേരിക്കൻ ബ്യൂട്ടി, വൈറ്റ് ഫ്രണ്ട്ഷിപ്പ്, ആംസ്ട്രോങ്ങ്, എന്നിവയാണ് പ്രശസ്തരായ വിദേശികൾ. മീര, സ്വപ്ന, മോഹിനി, എന്നിവ ഇന്ത്യൻ ഇനങ്ങളിൽ മുന്നിൽ നിൽക്കുന്നവരാണ്.
ഇവയുടെ കാണ്ഡമാണ് നടീൽ വസ്തുവായി ഉപയോഗിക്കുന്നത്. മണ്ണിന് നല്ല നീർവാർച്ചയും ഉണ്ടായിരിക്കണം. സൂര്യപ്രകാശം നന്നായി ലഭിച്ചാൽ മാത്രമേ ഒത്തിരി പൂക്കൾ ഉണ്ടാകൂ. ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളാണ് ഗ്ലാഡിയോലസ് നടുവാൻ പറ്റിയ സമയം. പൂവിടുവാൻ മൂന്നുമാസം വരെ സമയമെടുക്കും.
ഫ്ലൂറൈഡ് മൂലമുണ്ടാകുന്ന പരിസ്ഥിതി മലിനീകരണം കാണിച്ചുതരുന്ന ചെടിയാണ് ഗ്ലാഡിയോലസ്. വളരുന്ന മണ്ണിൽ ഫ്ലൂറൈഡിന്റെ അംശം കൂടുതലാണെങ്കിൽ ഇവയുടെ ഇലകളുടെ അഗ്രഭാഗം മഞ്ഞനിറത്തിലാകാൻ തുടങ്ങും. മറ്റു ചില ചെടികളും ഫ്ലൂറൈഡ് മലിനീകരണം കാണിച്ചു തരുമെങ്കിലും ഗ്ലാഡിയോലസാണ് അവയേക്കാൾ മുൻപിൽ.
Discussion about this post