പുരാതന കാലം മുതലേ പ്രചാരത്തിലുള്ള സുഗന്ധവ്യഞ്ജന വിളയാണ് ഇഞ്ചി. ഔഷധഗുണമുള്ള വിള കൂടിയാണ് ഇഞ്ചി. പച്ച ഇഞ്ചിയായും ഉണക്കി ചുക്ക് ഇഞ്ചിയായും വിപണിയില്‍ ലഭ്യമാണ്. ഇഞ്ചി തൈലവും സത്തും ലഭ്യമാണ്.
കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ ഇഞ്ചി ഇനങ്ങളാണ് ആതിര, കാര്‍ത്തിക, അശ്വതി, ചന്ദ്ര, ചിത്ര എന്നിവ. ഇതില്‍ വാണിജ്യ പ്രാധാന്യമുള്ളതും തൈലവും സത്തും കൂടിയ ഇനങ്ങളാണ് ആതിര, കാര്‍ത്തിക എന്നിവ. പച്ച ഇഞ്ചിക്ക് യോജിച്ച ഇനങ്ങളാണ് അശ്വതിയും ചന്ദ്രയും. എന്നാല്‍ ചുക്ക് ഇഞ്ചിക്ക് യോജിച്ച ഇനമാണ് ചിത്ര. കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം പുറത്തിറക്കിയ ഇനമാണ് വരദ, രജത, മഹിമ എന്നിവ.
കേരളത്തില്‍ മഴയെ ആശ്രയിച്ചാണ് ഇഞ്ചിക്കൃഷി. അതുകൊണ്ട് തന്നെ നല്ല നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള മണ്ണ് വേണം കൃഷിക്കായി തെരഞ്ഞെടുക്കാന്‍. ഇഞ്ചി മണ്ണില്‍ നിന്നും കൂടുതലായി പോഷകങ്ങള്‍ വലിച്ചെടുക്കുമെന്നതിനാല്‍ ഒരേ സ്ഥലത്ത് തന്നെ തുടര്‍ച്ചയായി കൃഷി ചെയ്യാന്‍ പാടില്ല. ഓരോ വര്‍ഷവും പുതിയ കൃഷിയിടങ്ങള്‍ തെരഞ്ഞെടുക്കണം. നന്നായി ഉഴതുമറിച്ച മണ്ണ് ചെറുവാരങ്ങളെടുത്ത് വേണം കൃഷി ചെയ്യാനായി. ഇതിനായി 3 അടി വീതിയും 10 അടി നീളവും 1 അടി ഉയരവുമുള്ള തടങ്ങള്‍ എടുക്കണം.
ഇഞ്ചിയിലെ പ്രധാന രോഗമായ മൂടുചീയലിന് പ്രതിരോധമെന്ന രീതിയില്‍ തടമൊന്നിന് 15 ഗ്രാം ബ്ലീച്ചിങ് പൗഡറും 250 ഗ്രാം കുമ്മായവും ഇട്ടുകൊടുക്കാം. ഇങ്ങനെ തയ്യാറാക്കിയ തടങ്ങളില്‍ 20 സെന്റിമീറ്റര്‍ അകലത്തില്‍ ചെറുകുഴികളെടുത്ത് അതില്‍ വേണം ഇഞ്ചി നടാന്‍. ഇങ്ങനെ തയ്യാറാക്കിയ തടങ്ങളില്‍ ജൈവവളമിട്ട ശേഷം ഇഞ്ചി നടാം. ചെറുകുഴികളില്‍ ജൈവവളം ചേര്‍ക്കുന്നതിനൊപ്പം അടിവളമായി രാജ്‌ഫോസും പൊട്ടാഷും ചേര്‍ക്കുന്നത് നല്ലതാണ്. ഒരു ഹെക്ടറിന് 250 കിലോഗ്രാം രാജ്‌ഫോസ്, 40 കിലോ പൊട്ടാഷ് എന്ന തോതില്‍ നല്‍കാം.
സമൃദ്ധിയായി ജൈവവളം കൊടുത്തുകൊണ്ടും ഇഞ്ചി കൃഷി ചെയ്യാവുന്നതാണ്. ഒരു ഹെക്ടറിലേക്ക് 20 ടണ്‍ ചാണകപ്പൊടി, 4 ടണ്‍ മണ്ണിര കമ്പോസ്റ്റ്, 2 ടണ്‍ വേപ്പിന്‍ പിണ്ണാക്ക്, 1 ടണ്‍ ചാരം എന്ന തോതിലുള്ള ജൈവവളക്കൂട്ട് തയ്യാറാക്കി അതാണ് ഈ ചെറുകുഴികളില്‍ ഇട്ടുകൊടുക്കേണ്ടത്.
മൂപ്പെത്തി പാകമായ വിത്തിഞ്ചി വിത്തറകളില്‍ നിന്ന് എടുത്ത ശേഷം മരുന്നില്‍ മുക്കി നടാം. ഇതിനായി 20 ഗ്രാം ചാണകം 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി അതില്‍ ഏകദേശം 20 ഗ്രാം സ്യൂഡോമോണാസ് ഇട്ട് അതില്‍ 1 കിലോ വിത്തിഞ്ചി അര മണിക്കൂര്‍ നേരം ഇട്ടുവെച്ച ശേഷം തണലത്തിട്ട് ഉണക്കി നടാന്‍ ഉപയോഗിക്കാം.
ഏതാണ്ട് 15 ഗ്രാം തൂക്കമുള്ളതും ഒന്നോ രണ്ടോ മുകുളങ്ങളുള്ളതുമായ വിത്തിഞ്ചി വേണം നടാന്‍. വിത്തിഞ്ചിക്ക് പകരമായി പ്രോേ്രട ഇഞ്ചി തൈകള്‍ ഇന്ന് ലഭ്യമാണ്. 45 ദിവസം പാകമായ പ്രോേ്രട ഇഞ്ചി തൈകള്‍ നടാനായി ഉപയോഗിക്കാം.
വിത്തിട്ട തടങ്ങളില്‍ പച്ചിലയിട്ട് മൂടേണ്ടതാണ്. മഴക്കാലങ്ങളില്‍ മണ്ണൊലിച്ച് പോകാതിരിക്കാനും വിത്ത് വേഗം മുളച്ചുവരാനും ഇത് ആവശ്യമാണ്. ഒരു ഹെക്ടര്‍ സ്ഥലത്തേക്ക് ഏതാണ്ട് 15 ടണ്‍ പച്ചിലവളം വേണ്ടി വരും. നട്ട് രണ്ട് മാസത്തിന് ശേഷം കളകള്‍ നീക്കം ചെയ്ത് 80 കിലോ യൂറിയ ഒരു ഹെക്ടറിനെന്ന തോതില്‍ ഇട്ടുകൊടുത്ത ശേഷം വീണ്ടും പച്ചിലകള്‍ കൊണ്ട് മൂടാം.നാലാം മാസം കളകള്‍ നീക്കം ചെയ്ത് ബാക്കിയുള്ള 80 കിലോ യൂറിയയും 40 കിലോ പൊട്ടാഷും ചേര്‍ത്ത് പച്ചിലകള്‍ കൊണ്ട് വീണ്ടും മൂടാം. നട്ട് ആറ് മാസം കഴിയുന്നതോട് കൂടി പച്ച ഇഞ്ചിക്കായി വിളവെടുക്കാം. ചുക്ക് ഇഞ്ചിക്കായി നട്ട് ഏഴ് മുതല്‍ എട്ട് മാസം കഴിയുന്നതോട് കൂടി വിളവെടുക്കാം. ഒരു ഹെക്ടറില്‍ നിന്നും 15 മുതല്‍ 20 ടണ്‍ പച്ച ഇഞ്ചി പ്രതീക്ഷിക്കാം.
വിവരങ്ങള്‍ക്ക് കടപ്പാട്: ഡയറക്ടറേറ്റ് ഓഫ് എക്സ്റ്റന്‍ഷന്‍, കേരള കാര്‍ഷിക സര്‍വകലാശാല
Discussion about this post