അതിമനോഹരമായ പൂക്കളോടു കൂടിയ ബഹുവർഷിയായ വള്ളിച്ചെടിയാണ് വെളുത്തുള്ളിച്ചെടി അഥവാ ഗാർലിക് വൈൻ. ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഇവ നന്നായി വളരുന്നത്. അമേരിക്കയാണ് ജന്മദേശം.ഫാൾസ് ഗാർലിക് എന്നും ഇതിന് പേരുണ്ട്. മാൻസോവ അലിയേസി എന്നാണ് ശാസ്ത്രനാമം.ഇലകൾ ഉടച്ച് മണപ്പിച്ചാൽ വെളുത്തുള്ളിയുടെ അതേ ഗന്ധമാണ്. എന്നാൽ വെളുത്തുള്ളിയുമായി ഈ ചെടിക്ക് യാതൊരു ബന്ധവുമില്ല. ഇവ വേലിയിൽ പടർത്തി വളർത്താൻ പറ്റിയ ചെടിയാണ്.
വർഷത്തിൽ രണ്ടുതവണ ഗാർലിക് വൈൻ പൂക്കും. ഒക്ടോബർ- മാർച്ച് മാസങ്ങളാണ് പൂക്കാലം.വള്ളികൾ പൂക്കളാൽ അലങ്കരിക്കപ്പെടും.ലാവൻഡർ നിറത്തിൽ ബെൽ ആകൃതിയിലുള്ള സുഗന്ധമുള്ള പൂക്കളാണ്. ഇവ അടുക്കടുക്കായി കുലകളായി വിടരും. വിരിയുന്ന പൂക്കൾക്ക് കടുത്ത പർപ്പിൾ നിറമായിരിക്കും. പിന്നീട് അത് ഇളം ലാവൻഡർ നിറത്തിലേക്ക് മങ്ങും. ശേഷം വെള്ളനിറമാകും. ഒരേ സമയം ഒരേ വള്ളിയിൽ മൂന്നു വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കൾ കാണാം.
വെളുത്തുള്ളി ചെടി ഒരു അലങ്കാരസസ്യം മാത്രമല്ല. അനേകം ഗുണങ്ങളുള്ള ഒരു ഔഷധസസ്യം കൂടിയാണ്. വാതം, പനി, ജലദോഷം മുതലായ അസുഖങ്ങൾക്ക് പ്രതിവിധിയാണിത്.
വെളുത്തുള്ളി ചെടി വളർത്തുന്നതിനായി അധികം ശ്രദ്ധയൊന്നും ആവശ്യമില്ല. 3 മുട്ടുകളുള്ള ആരോഗ്യമുള്ള കമ്പുകൾ നട്ട് വളർത്തിയെടുക്കാം. മണ്ണിലോ ചെടിച്ചട്ടിയിലോ വളർത്താം. പോട്ടിങ് മിശ്രിതത്തിന് നല്ല നീർവാർച്ചയും ജൈവാംശവും ഉറപ്പുവരുത്തണം. നന്നായി സൂര്യപ്രകാശം ലഭിക്കുന്ന ഇടങ്ങളിലാണ് ഗാർലിക് വൈൻ നടേണ്ടത്. മാസത്തിലൊരിക്കൽ ചുവട്ടിൽ ജൈവ വളമിട്ടു കൊടുക്കുന്നത് നല്ലതാണ്
Discussion about this post