പ്രകൃതിയിൽ പഴങ്ങൾക്കും പച്ചക്കറികൾക്കും പൂക്കൾക്കുമെല്ലാം വൈവിധ്യമാർന്ന രൂപങ്ങളുണ്ട്. ഈ രൂപങ്ങളിൽ മാറ്റം വരുത്താൻ മനുഷ്യർക്കു സാധിക്കുമോ? സാധിക്കും എന്നു തന്നെയാണ് ഉത്തരം. സാധാരണയായി ഉരുണ്ട രൂപമുള്ള ഭീമൻ പഴമാണ് തണ്ണിമത്തൻ. എന്നാൽ ഹൃദയാകൃതിയിൽ ഒരു തണ്ണിമത്തൻ സങ്കൽപ്പിക്കാനാകുമോ?
ഹൃദയ ആകൃതിയിലോ ചതുരപ്പെട്ടിയുടെ രൂപത്തിലോ ഉള്ള തണ്ണിമത്തനോ, നക്ഷത്രങ്ങളുടെ ആകൃതിയിൽ വളരുന്ന വെള്ളരിയോ, എന്തിനേറെ ഒരു തലയോട്ടിയുടെയോ മനുഷ്യന്റെയോ രൂപത്തിലുള്ള മത്തങ്ങയോ ഒന്നും കെട്ടുകഥകളല്ല. ജപ്പാൻ, ചൈന എന്നിങ്ങനെയുള്ള രാജ്യങ്ങളിൽ ഇത്തരത്തിലുള്ള വ്യത്യസ്ത രൂപങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും വലിയ വിലയ്ക്കാണ് വാങ്ങാൻ ലഭിക്കുന്നത്. സാധാരണ പഴങ്ങൾക്ക് നൽകുന്നതിനേക്കാൾ പതിന്മടങ്ങ് വില കൊടുത്ത് ഇത്തരത്തിലുള്ള പഴങ്ങൾ വാങ്ങാനും അവിടങ്ങളിൽ ആളുകളുണ്ട്. വിശേഷാവസരങ്ങളിൽ സമ്മാനമായി നൽകാൻ പോലും ഇവ ഉപയോഗിക്കാറുണ്ട്.
ബുദ്ധന്റെ ആകൃതിയിലുള്ള പേർഫ്രൂട്ട്, ഫുട്ബോൾ രൂപത്തിലുള്ള വിവിധ ഫലങ്ങൾ, ഹൃദയാകൃതിയിലുള്ള ആപ്പിൾ, വെള്ളരി എന്നിങ്ങനെ അനേകം വ്യത്യസ്ത രൂപങ്ങളിലുള്ള പഴങ്ങൾ പല രാജ്യങ്ങളിലും വിപണിയിൽ ലഭ്യമാണ്. രുചിയിൽ മാറ്റമൊന്നുമില്ലെങ്കിലും രൂപത്തിൽ വരുത്തുന്ന ഈ വ്യത്യാസം കൊണ്ട് മാത്രം ഈ പഴങ്ങൾക്കെല്ലാം വിപണിയിൽ വലിയ വില ലഭിക്കുന്നുണ്ട്. എന്നാൽ ഇവ നിർമ്മിക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യവുമല്ല. ഓരോ പഴത്തിനും പ്രത്യേകം പ്രത്യേകം പരിചരണം വേണമെന്നുമാത്രം.നിശ്ചിത വലിപ്പത്തിലെത്തിയ പഴങ്ങളെ പല രൂപത്തിലുള്ള മോൾഡുകളിൽ വളർത്തിയാണ് വ്യത്യസ്ത രൂപങ്ങളിലുള്ള പഴങ്ങൾ സൃഷ്ടിക്കുന്നത്. തണ്ണിമത്തൻ പോലുള്ള ഫലങ്ങളെ 60 മുതൽ 80 ദിവസം വരെ മോൾഡുകളിൽ സൂക്ഷിച്ചാണ് രൂപമാറ്റം വരുത്തയെടുക്കുന്നത്. എന്നാൽ ഇവയെല്ലാം സാധാരണ പ്രകൃതിയിൽ തന്നെ കാണുന്ന ഫലങ്ങളാണെന്ന് തെറ്റിദ്ധരിച്ച് വാങ്ങുന്നവരാണ് കൂടുതലും.
അധികം കണ്ടു പരിചയമില്ലാത്ത രൂപമാറ്റം വരുത്തിയ പഴങ്ങൾ കുട്ടികളെയും മുതിർന്നവരെയുമെല്ലാം ഒരുപോലെ ആകർഷിക്കുന്നതാണ്. പരീക്ഷണങ്ങൾ ഇഷ്ടപ്പെടുന്ന ആർക്കും വീടുകളിൽപോലും ഇത്തരത്തിലുള്ള ഫലങ്ങൾ വളർത്തിയെടുക്കാവുന്നതേയുള്ളൂ.
Discussion about this post