മുട്ടയ്ക്കും ഇറച്ചിക്കും പുറമേ അരുമയായി പോലും കോഴിയെ നാം വളർത്തുന്നു. ഏറെ ശ്രദ്ധയും പരിചരണവും നൽകിയില്ലെങ്കിൽ കോഴികൾക്ക് വളരെ പെട്ടെന്ന് രോഗങ്ങൾ പിടിപ്പെടാം. അത്തരത്തിൽ വ്യാപകമായി പടരുന്ന രോഗമാണ് പാദരോഗം. കാൽപാദത്തിനടിയിൽ നീരും പഴുപ്പും നിറഞ്ഞ് കുമിള പോലെ തടിച്ച് വരുന്നതാണ് രോഗം. കോഴികളുടെ കാലുകൾക്ക് കറുത്ത നിറവും നടക്കാൻ ബുദ്ധിമുട്ടും വരുമ്പോഴാണ് കോഴി വളർത്തൽ സംരംഭകർ രോഗത്തെ തിരിച്ചറിയുന്നത്.
കോഴികളെ ബാധിക്കുന്ന ബാക്ടീരിയ അണുബാധയായ ബംബിൾ ഫൂട്ട് രോഗമാണിത്. സ്റ്റഫൈലോകോക്കസ്, ഇ കോളി തുടങ്ങിയ ബാക്ടീരിയകളാണ് രോഗം പരത്തുന്നത്. പാദത്തിലേൽക്കുന്ന പോറലുകളും വ്രണങ്ങളുമാണ് രോഗത്തിന്റെ പ്രധാനകാരണം. മുറിവുകളിലൂടെ പാദത്തിനുള്ളിലേക്ക് കടന്നുകയറുന്ന ബാക്ടീരിയ അണുക്കൾ എളുപ്പം പാദവീക്കമുണ്ടാക്കും. പറമ്പിൽ അഴിച്ചുവിട്ട് വളർത്തുന്ന കോഴികളിലാണ് രോഗസാധ്യത കൂടുതൽ.
കോഴികളുടെ അമിതഭാരം, അധികമായി വളർന്ന നഖങ്ങൾ, ത്വക്കിന്റെ ആരോഗ്യത്തിനാവശ്യമായ പോഷകങ്ങളുടെ കുറവ്, വൃത്തിഹീനമായ കൂടും പരിസരവും രോഗ സാധ്യത വർദ്ധിപ്പിക്കും. വീക്കം വന്ന പാദം എപ്‌സം സാൾട്ട് ഇളം ചൂടുള്ള ലായനിയിൽ മുക്കി അൽപസമയം വയ്ക്കുന്നതും പുറമേ ആന്റിബയോട്ടിക് ലേപനങ്ങൾ പുരട്ടുന്നതും നല്ലതാണ്. നീര് കുറയാൻ പച്ച മഞ്ഞൾ അരച്ചിടാം. ആന്റിബയോട്ടിക് മരുന്നുകളും നൽകണം. രോഗലക്ഷണങ്ങൾ ഗുരുതരമായാൽ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.
foot disease in chicken
Discussion about this post