വ്യവസായ സംരംഭങ്ങള്‍ക്ക് അനുമതി നല്‍കുന്നതിന് സമയപരിധി നിശ്ചയിക്കുന്നു. അപേക്ഷകളില്‍ തീര്‍പ്പുണ്ടാക്കാതെ വരുന്ന സ്ഥിതി തടയുകയാണ് ലക്ഷ്യം. 17 വകുപ്പുകളിലാണ് ഈ നിബന്ധന ആവിഷ്‌കരിക്കുക.
റവന്യു, തദ്ദേശ സ്വയംഭരണം, രജിസ്‌ട്രേഷന്‍, അഗ്നിരക്ഷ, ലീഗല്‍ മെട്രോളജി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി, ജലഗതാഗതം, എന്നിങ്ങനെയുള്ളവയാണ് പ്രധാന വകുപ്പുകള്‍. ഈ വകുപ്പുകളും സ്ഥാപനങ്ങളും നല്‍കേണ്ട അനുമതിക്ക് എത്ര സമയം വേണമെന്ന് നിശ്ചയിച്ച് നല്‍കാന്‍ വകുപ്പ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ചുള്ള സമയമായിരിക്കും സേവനത്തിന് നിശ്ചയിക്കുക.
ഈ സമയപരിധി മറികടന്നാല്‍ നിയമനടപടിയുണ്ടാകും. സേവനാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ പരിഷ്‌കാരം. സേവനാവകാശനിയമം 2012-ല്‍ നടപ്പാക്കിയിട്ടുണ്ടെങ്കിലും എല്ലാ വകുപ്പുകളിലെയും എല്ലാ സേവനങ്ങളും ഇതിന്റെ പരിധിയില്‍ വന്നിട്ടില്ല. വ്യവസായ സംരംഭങ്ങളുടെ ആവശ്യമായ എല്ലാ സേവനങ്ങളും ഇതിന്റെ ഭാഗമാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇതിനൊപ്പം കെ.വൈ.എ. ( നോ യുവര്‍ അപ്രൂവല്‍) എന്നൊരു ഭാഗം കെ-സ്വിഫ്റ്റ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തും.
വ്യവസായ സംരംഭങ്ങള്‍ക്ക് ഏക ജാലക അനുമതി ലഭിക്കുന്നതിനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലാണ് കെ-സ്വിഫ്റ്റ്. ഇതില്‍ ഒരു സംരംഭം തുടങ്ങുന്നതിന് ഒരാള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍, ആ സംരംഭത്തിന് ഏതൊക്കെ വകുപ്പുകളുടെ അനുമതിയാണ് വേണ്ടതെന്ന് ഓണ്‍ലൈനായി വിവരങ്ങള്‍ ലഭിക്കുന്ന സംവിധാനമാണ് കെ.വൈ.എ.
Discussion about this post