തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മത്സ്യവിത്ത് ഉല്പാദന കേന്ദ്രങ്ങളും സീഡ് ഫാമുകളും സംസ്ഥാന മത്സ്യവിത്ത് കേന്ദ്രത്തിൽ പേര്, സ്ഥാപനം എന്നിവ രജിസ്റ്റർ ചെയ്ത് ലൈസൻസ് എടുക്കണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ. ഗുണനിലവാരമുള്ള മത്സ്യക്കുഞ്ഞുങ്ങൾ കർഷകർക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.
വിദേശത്തു നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും ഗുണനിലവാരമില്ലാത്ത മത്സ്യവിത്തുകൾ വിമാനങ്ങൾ വഴിയും അല്ലാതെയും കേരളത്തിൽ എത്തിച്ച് മത്സ്യ കർഷകർക്ക് വിതരണം ചെയ്യുന്നതിലൂടെ ആഭ്യന്തര മത്സ്യോല്പാദനം കുറയ്ക്കുന്നതും മത്സ്യ കർഷകരെ നഷ്ടത്തിലാക്കുന്നതും കണക്കിലെടുത്താണ് ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
മത്സ്യവിത്ത് സംഭരണം, വിതരണം, വിപണനം, ഇറക്കുമതി, കയറ്റുമതി നടത്തുന്ന വ്യക്തികളും സ്ഥാപനങ്ങളും, ഏജൻസികളും നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി ലൈസൻസ് എടുത്തശേഷമേ പ്രവർത്തിക്കാനാവൂ. ഇറക്കുമതി ചെയ്യുന്ന മത്സ്യവിത്തുകൾ ലാബുകളിൽ പരിശോധിച്ച് രോഗമുക്തമെന്ന് മത്സ്യവിത്ത് കേന്ദ്രം സർട്ടിഫൈ ചെയ്തതിനുശേഷമേ കർഷകർക്ക് വിതരണം ചെയ്യാവൂ. രജിസ്ട്രേഷനും ലൈസൻസും ഇല്ലാതെ മത്സ്യവിത്ത് ഇറക്കുമതി ചെയ്ത് കർഷകർക്ക് വിതരണം ചെയ്യുന്ന ഏജന്റുമാർക്കും സ്ഥാപനങ്ങൾക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഹാച്ചറികളും ഫാമുകളും അലങ്കാര മത്സ്യ വിപണന യൂണിറ്റുകളും രജിസ്റ്റർ ചെയ്ത് ലൈസൻസ് എടുക്കണം. ലൈസൻസ് എടുക്കാതെ 1000 രൂപയ്ക്ക് താഴെയുള്ള വിത്തുകൾ വിതരണം ചെയ്യുന്നവർക്ക് 5000 രൂപയും 1000 രൂപയ്ക്ക് മുകളിലാണെങ്കിൽ വിത്ത് വിലയുടെ അഞ്ച് ഇരട്ടിയും പിഴ അടയ്ക്കണം.
രജിസ്ട്രേഷനും ലൈസൻസും ലഭിക്കുന്നതിന് കൊല്ലം ജില്ലയിലെ തേവള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന സംസ്ഥാന മത്സ്യവിത്ത് കേന്ദ്രം ഓഫീസുമായോ (04742797188), ജില്ലകളിൽ പ്രവർത്തിക്കുന്ന മത്സ്യ കർഷക വികസന ഏജൻസിയേയോ സമീപിക്കാം.
Discussion about this post