ചെടികളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും കീടരോഗ ആക്രമണം ഒരുപരിധിവരെ തടയാനും ഏറ്റവും നല്ല മാര്‍ഗമാണ് ഫിഷ് അമിനോ ആസിഡ്. ഇന്ന് പച്ചക്കറികൃഷിയില്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ദ്രാവക ജൈവവളമാണിത്. ചെടികള്‍ക്ക് ആവശ്യമായ മൂലകങ്ങളെല്ലാം ഫിഷ് അമിനോ ആസിഡില്‍ അടങ്ങിയിട്ടുണ്ട്. മണ്ണിന്റെ പോഷകാംശം കൂട്ടാനും മിത്ര സൂക്ഷ്മാണുക്കളെ വളര്‍ത്താനും ഈ വളം സഹായിക്കും.
ഒരു കിലോഗ്രാം പച്ച മത്സ്യം, ഒരു കിലോഗ്രാം പൊടിച്ച ശര്‍ക്കര, ഈസ്റ്റ് എന്നിവയാണ് ഫിഷ് അമിനോ ആസിഡ് തയ്യാറാക്കാന്‍ ആവശ്യമായ സാധനങ്ങള്‍.
എങ്ങനെ തയ്യാറാക്കാം?
ഒരു കിലോഗ്രാം പച്ച മത്സ്യമോ മീനിന്റെ അവശിഷ്ടമോ എടുത്ത് ചെറിയ കഷ്ണങ്ങളായി മുറിക്കണം. മത്തി, ചാള മുതലായ മീനുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് ഒരു കിലോഗ്രാം പൊടിച്ച ശര്‍ക്കരയുമായി ചേര്‍ത്ത് യോജിപ്പിക്കണം. ഈ മിശ്രിതം വായു കടക്കാത്ത അടപ്പുള്ള പാത്രത്തില്‍ 20 ദിവസത്തേക്ക് അടച്ചു വയ്ക്കാം. അല്പം ഈസ്റ്റ് കൂടി ചേര്‍ത്ത് കൊടുക്കുന്നത് ഗുണം ചെയ്യും. 20 – 30 ദിവസം കഴിയുമ്പോഴേക്കും നല്ല തവിട്ടുനിറമുള്ള ലായനി രൂപപ്പെട്ടിരിക്കും. മുള്ളുകള്‍ ഒഴികെയുള്ള ഭാഗങ്ങള്‍ അഴുകി ചേര്‍ന്നിരിക്കുന്നതായി കാണാം.ശര്‍ക്കര ചേര്‍ത്തതിനാല്‍ കാര്യമായ ദുര്‍ഗന്ധവുമുണ്ടാവില്ല.
ഉപയോഗിക്കേണ്ടതെങ്ങനെ?
ലായനി നന്നായി അരിച്ചെടുക്കണം. പച്ചക്കറികളുടെ ഇലകളില്‍ 2 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി സ്‌പ്രേ ചെയ്യാം. ചെടികളുടെ ചുവട്ടിലൊഴിക്കാന്‍ അഞ്ച് മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കുക . വൈകുന്നേരങ്ങളില്‍ തളിക്കുന്നതാണ് നല്ലത്. ഒരു മാസത്തില്‍ കൂടുതല്‍ ഈ മിശ്രിതം സൂക്ഷിക്കാന്‍ പാടില്ല.
Discussion about this post