കേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായ പാർക്ക് ഇന്ന് പാലക്കാട് ജില്ലയിൽ പ്രവർത്തനമാരംഭിക്കുന്നു.പാലക്കാട് ജില്ലയിലെ കനാൽപിരിവിൽ ഫെദർ ലൈക്ക് ഫോം പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആരംഭിക്കുന്ന പാർക്ക് ഇന്ന് പ്രവർത്തനം ആരംഭിക്കും.രജിസ്റ്റർ ചെയ്ത് 9 മാസത്തിനുള്ളിൽ മെഷിനറികൾ ഉൾപ്പെടെ എത്തിച്ചുകൊണ്ട് EPE ഫോം ഷീറ്റ് നിർമ്മാണ യൂണിറ്റ് പ്രവർത്തനം ആരംഭിക്കും. ഇതിനൊപ്പം രണ്ടാമത്തെ യൂണിറ്റിൻ്റെ തറക്കല്ലിടലും ഇന്ന് നിർവ്വഹിക്കുന്നുണ്ട്. പദ്ധതി 3 വർഷത്തിനുള്ളിൽ പൂർത്തിയാകുന്നതോടെ 100 കോടിയിലധികം രൂപയുടെ വിറ്റുവരവുള്ള വ്യവസായ പാർക്കായി ഇത് മാറും.
കേരളത്തിലെ നൂറിലധികം മാട്രസ് യൂണിറ്റുകളും പാക്കേജിങ്ങ്, ഫർണിഷിങ്ങ് യൂണിറ്റുകളും ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ ഈ പാർക്കിൽ നിർമ്മിക്കാനാണ് കമ്പനികൾ ശ്രമിക്കുന്നത്. ഇതിനൊപ്പം പുതുതായി ആരംഭിക്കുന്ന ലോ ഫോം, നോൺ വീവൺ ഫാബ്രിക് എന്നീ ഉൽപ്പന്നങ്ങൾ കയറ്റുമതിക്കും സാധ്യതയുള്ളവയാണ്.
സ്വകാര്യ മേഖലയിലും വ്യവസായ പാർക്കുകൾ സ്ഥാപിച്ചുകൊണ്ട് സംസ്ഥാനത്തിൻ്റെ സമ്പദ് വ്യവസ്ഥക്ക് പുത്തൻ ഉണർവ്വ് നൽകും. 2022ലെ ബജറ്റിൽ തുക വിലയിരുത്തിയും പാർക്കുകളിലെ അടിസ്ഥാന സൗകര്യവികസനത്തിന് 3 കോടി രൂപ വരെ സഹായവും സർക്കാർ നൽകിയിട്ടുണ്ട്. 15 പാർക്കുകളാണ് ഇപ്പോൾ കേരളത്തിലെ വിവിധ ജില്ലകളിലായി നിർമ്മാണം ആരംഭിച്ചിരിക്കുന്നത്. 100 സ്വകാര്യ വ്യവസായ പാർക്കുകളെങ്കിലും ഈ സർക്കാരിൻ്റെ കാലത്ത് കേരളത്തിൽ ആരംഭിക്കാൻ സാധിക്കുമെന്നാണ് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് തൻറെ ഫേസ്ബുക്ക് പേജിലൂടെ പറയുന്നത്.
Discussion about this post