കോട്ടയം ജില്ലയിലെ മണിമല നിന്ന് ജോലി തേടി ന്യൂസിലാൻ്റിലെത്തിയെങ്കിലും റെജി ഫിലിപ്പ് എന്ന കർഷകൻ കൃഷിയെ കൈവിട്ടില്ല. നഹർവാഹിയ എന്ന സ്ഥലത്ത് കൃഷി ചെയ്യാൻ അനുയോജ്യമായ ഭൂമി ഒപ്പമുള്ള വീടാണ് പത്തു വർഷം മുമ്പ് വാങ്ങിയത്.
ഇപ്പോൾ റെജിയുടെ തോട്ടത്തിൽ പയർ, പാവൽ, നിത്യവഴുതിന, ചതുരപ്പയർ, പച്ചമുളക്, വെണ്ട വഴുതിന, ചേമ്പ്, കറിവേപ്പ് തുടങ്ങിയ എല്ലാ നാടൻ പച്ചക്കറികളും സുലഭം.
സെപ്റ്റംബർ മാസത്തോടെ കാലാവസ്ഥ അനുയോജ്യമാകുമ്പോൾ കൃഷി സീസൺ ആരംഭിക്കുകയാണ് പതിവ്. കിളച്ചൊരുക്കുന്ന മണ്ണിൽ പ്രാദേശികമായി ലഭിക്കുന്ന ജൈവ വളങ്ങൾ ചേർത്ത് തടമെടുത്ത് വിത്തുകൾ നട്ട് ചെറിയ തോതിൽ ജലസേചനം നൽകുന്നു. പാവലും പയറും വള്ളി തലപ്പുകൾ നീട്ടുമ്പോൾ പടർന്നു വളരാൻ പന്തലിട്ടു കൊടുക്കുന്നു. രണ്ടു മാസത്തിനുള്ളിൽ പച്ചക്കറികൾ ഫലസമൃദ്ധിയിൽ നിറയും.
പച്ചക്കറികൾ വീട്ടിലെ കറികൾക്കായി എടുത്ത ശേഷം മലയാളി സുഹൃത്തുക്കൾക്കായി നൽകുന്നു. നാട്ടിൽ പോയി മടങ്ങിയെത്തുന്ന മലയാളികൾ കേരളത്തിലെ പച്ചക്കറിവിത്തുകൾ റെജിക്ക് സമ്മാനിക്കുന്നു .റെജിയും ഭാര്യ ജെയയും ചേർന്ന് ജോലി തിരക്കുകൾക്കിടയിലും കൃഷിയിടത്തിലെ പരിചരണം കൃത്യമായി ചെയ്യുന്നു.
നാടൻ പച്ചക്കറികൾ മറുനാട്ടിലെ കാലാവസ്ഥയിലും കൃഷി ചെയ്തു വിജയിച്ച ഇദ്ദേഹം നമ്മുടെ നാട്ടു പൂക്കളും ന്യൂസിലാഡിൽ വളർത്താനുള്ള തയ്യാറെടുപ്പിലാണ്.
e mail : [email protected]
തയ്യാറാക്കിയത്: രാജേഷ് കാരാപ്പള്ളിൽ
Discussion about this post