പന്തളം: ലോക് ഡൗൺ കാലത്തെ ഭക്ഷണ പ്രതിസന്ധി മറികടക്കാൻ തുടങ്ങിയ കമ്മ്യൂണിറ്റി കിച്ചണിലേക്ക് സ്വന്തം കൃഷി ഭൂമിയിലെ പച്ചക്കറികൾ സംഭാവന ചെയ്ത് കർഷകൻ. പന്തളം
പൂഴിക്കാട് പരിയാരത്ത് വീട്ടില്‍ ഗോപിനാഥന്‍ നായരാണ് അധ്വാനിച്ചുണ്ടാക്കിയ വിളകൾ കമ്മ്യൂണിറ്റി കിച്ചണിലേക്ക് സംഭാവന ചെയ്ത് കർഷകർക്കിടയിലെ നൻമയുടെ പ്രതീകമായത്.
പന്തളം നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചനിലേക്കാണ് തന്റെ കൃഷിയിടത്തില്‍ നിന്നുള്ള പച്ചക്കറികള്‍ ഗോപിനാഥൻ നായർ നൽകിയത്. പന്തളം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.കെ സതിയുടെ നേതൃത്വത്തിലാണു പച്ചക്കറികള്‍ ശേഖരിച്ചത്. പയര്‍, പടവലങ്ങ തുടങ്ങിയ പച്ചക്കറികളാണ് ഗോപിനാഥൻ നായർ കൈമാറിയത്.
പന്തളം നഗരസഭയുടെ നേതൃത്വത്തില്‍ കുടുംബശ്രീ യൂണിറ്റുകളുടെ സഹായത്തോടെ ശിവരഞ്ജിനി ഓഡിറ്റോറിയത്തില്‍ ആരംഭിച്ചിട്ടുള്ള കമ്മ്യൂണിറ്റി കിച്ചനില്‍ നിന്നും നൂറിലധികം പൊതിച്ചോറുകളാണ് ഇരുപത് രൂപ നിരക്കില്‍ നല്‍കി വരുന്നത്. ശരാശരി മുപ്പതിലധികം ഊണുകള്‍ നിര്‍ധനര്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം അര്‍ഹതപ്പെട്ട മറ്റുള്ളവര്‍ക്കും സൗജന്യമായി നല്‍കുന്നുണ്ട്. ഗോപിനാഥൻ നായരിൽ നിന്ന് ശേഖരിച്ച പച്ചക്കറികൾ ഇതിനായി ഉപയോഗിക്കും.
പച്ചക്കറികൾ ഏറ്റെടുക്കുന്ന ചടങ്ങിൽ നഗരസഭാ കൗണ്‍സിലര്‍മാരായ കെ.ആര്‍ രവി, നിഷ ജോണ്‍, കെ.വി പ്രഭ, നഗരസഭാ സെക്രട്ടറി ജി. ബിനുജി, നഗരസഭാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായി.
Discussion about this post