സംസ്ഥാനത്ത് ആദ്യമായാണ് ഒരു നെൽ കർഷകന് സ്വന്തമായി നെല്ല് വിത്ത് വികസിപ്പിച്ചതിന്റെ പേരിൽ കേന്ദ്ര കാർഷിക മന്ത്രാലയത്തിന്റെ ഭൗതിക സ്വത്തവകാശ സെൽ പേറ്റന്റ് ലഭിക്കുന്നത്. പുലാമാന്തോൾ ചോല പറമ്പത്ത് ശശിധരൻ വികസിപ്പിച്ചെടുത്ത നെല്ലിനാണ് കേന്ദ്ര അംഗീകാരം. ഐശ്വര്യ ജ്യോതി എന്നീ വിത്തുകൾ പ്രത്യേക പരാഗണരീതി ഉപയോഗിച്ച് കൃഷി ചെയ്ത് വർഷങ്ങളായുള്ള പരീക്ഷണത്തിന്റെ ഫലമായാണ് “ഗോപിക” പിറന്നത്. നെല്ലിന് സ്വന്തം മകളുടെ പേരാണ് നൽകിയത്.
നീണ്ട ഉരുണ്ട സ്വാദോടുകൂടിയ മട്ട അരിയാണ് ഗോപിക. ഒരു മീറ്ററിലേറെ നീളമുള്ള വൈക്കോൽ ലഭിക്കും. തണ്ടിന് ബലം ഉള്ളതുകൊണ്ട് കാറ്റുവീഴ്ചയും സംഭവിക്കില്ല. ഒരു കതിരിൽ 210ലേറെ നെന്മണികൾ ഉണ്ടാകും. പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രത്തിലെയും കാർഷിക സർവകലാശാലയിലെയും വിദഗ്ധരുടെ മേൽനോട്ടത്തിൽ ആയിരുന്നു ഗവേഷണം. രണ്ടിടങ്ങളിലും നടത്തിയ പരിശോധനയിൽ വിത്തിന്റെ മേന്മ സ്ഥിരീകരിച്ചു. 2012ൽ കേന്ദ്രം കൃഷിമന്ത്രാലയത്തിന്റെ രജിസ്ട്രേഷൻ വിഭാഗത്തിലേക്ക് വിത്തുകൾ അയച്ചു. കേന്ദ്ര കൃഷിമന്ത്രാലയത്തിന് നിർദ്ദേശപ്രകാരം വിവിധ ഗുണമേന്മ പരിശോധനകൾ പൂർത്തിയാക്കി 2019 കാർഷിക സർവകലാശാല വഴി ഭൗതിക സ്വത്താവകാശ സെല്ലിലേക്ക് അപേക്ഷ അയച്ചു. ഒടുവിൽ കഴിഞ്ഞദിവസം കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ അംഗീകാരവും ശശീന്ദ്രനെ തേടി എത്തി.
Discussion about this post