കാർഷിക മേഖലയിലെ വികസനവും യന്ത്രവൽക്കരണവും സുഗമമാക്കുന്നതിന് ഇനിമുതൽ മൊബൈൽ ആപ്ലിക്കേഷനും. ഫാംസ് ( ഫാം മെഷിനറി സൊല്യൂഷൻസ് ) എന്നാണ് ആപ്ലിക്കേഷന്റെ പേര്. ദേശീയ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ആണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഫാംസ് ആപ്പിൽ രജിസ്റ്റർ ചെയ്യുന്നത് വഴി കാർഷികയന്ത്രങ്ങൾ വാങ്ങാനും വിൽക്കാനും വാടകയ്ക്കെടുക്കാനും സാധിക്കും. കേന്ദ്ര കാർഷിക മന്ത്രാലയം നടപ്പിലാക്കുന്ന പദ്ധതികളുമായി സംയോജിച്ചു പോരുന്ന ഫാം മെഷിനറി ബാങ്കുകൾ, കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ, ഹൈടെക് ഹബ്ബുകൾ എന്നിവയുടെ സേവനങ്ങളും കർഷകർക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഭ്യമാകും. ആപ്പിന്റെ സേവനങ്ങൾ പ്രാദേശിക ഭാഷകളിലും ലഭ്യമാണ്.
കാർഷിക യന്ത്രവൽക്കരണത്തിലൂടെ കർഷകർക്ക് ചിലവും ആയാസവും കുറയ്ക്കാനും വരുമാനം വർധിപ്പിക്കാനുമാകും. ഈ അവസരത്തിൽ കാർഷികയന്ത്രങ്ങളുടെ ലഭ്യത ചെറുകിട കർഷകർക്കും വൻകിട കർഷകർക്കും ഒരുപോലെ ഉറപ്പുവരുത്തുന്നതിനായാണ് ഫാംസ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ആപ്പിലൂടെ പഴയ കാർഷികയന്ത്രങ്ങൾ വിൽക്കാനും വാങ്ങാനുമാകും. കർഷകന് ഫാംസ് ആപ്പ് പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്ത്, പേരും വിവരങ്ങളും രജിസ്റ്റർ ചെയ്ത് സേവനങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്.
Discussion about this post