നിത്യഹരിത വൃക്ഷമാണ് ഏഴിലംപാല. വിഷച്ചെടികളുടെ ഗണത്തിൽ ഉൾപ്പെടുത്താം ഇവയെ. ഡെവിൾസ് ട്രീ എന്നാണ് ആംഗലേയത്തിൽ പേര്. അപ്പോസയനേസിയെ സസ്യകുടുംബത്തിലെ അംഗമാണ്. ആൾസ്റ്റോണിയ സ്കോളാരിസ് എന്നാണ് ശാസ്ത്രനാമം.
40 മീറ്ററോളം ഉയരം വയ്ക്കും ഇവയ്ക്ക്. തിളക്കമുള്ള ഇലകളാണ് ഇവയുടെ. ഒക്ടോബർ മാസമാണ് പൂക്കാലം. മനം മയക്കുന്ന ഗന്ധമാണ് പൂക്കൾക്ക്. യക്ഷിക്കഥകളുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളിലെല്ലാം നിറ സാന്നിധ്യമാണ് പാലയും പാലപ്പൂക്കളും. യക്ഷിക്കഥകളും പാല പൂക്കുന്ന സമയവും ഓർത്ത് പേടിക്കാത്ത കുട്ടിക്കാലം ഉണ്ടാവുമോ ആർക്കെങ്കിലും!!
അപ്പോസയനേസിയെ അംഗമായതുകൊണ്ടുതന്നെ ഇവയുടെ തണ്ടോ ഇലകളോ ഓടിച്ചാൽ പാല് പോലെയുള്ള ദ്രാവകം പുറത്ത് വരുന്നത് കാണാൻ സാധിക്കും. കുടുംബത്തിന്റെ തിരിച്ചറിയൽ രേഖയാണ് അത്.
വിഷച്ചെടിയാണ് ഏഴിലംപാല. ശരീരത്തിനകത്തു ചെന്നാൽ ആന്തരികാവയവങ്ങൾക്കെല്ലാം തന്നെ കേടുപാടുകൾ ഉണ്ടാക്കും. ഇവയിലുള്ള ആൽക്കലോയിഡുകൾ ആണ് ഇവയെ ഒരു വിഷച്ചെടി ആക്കുന്നത്. പെട്ടെന്ന് വളരുന്ന ഇവ കൃഷി ചെയ്യുവാനും എളുപ്പമാണ്. പെൻസിൽ നിർമ്മാണത്തിന് ഏഴിലംപാലയുടെ തടി ഉപയോഗിക്കാറുണ്ട്. ഔഷധഗുണങ്ങളും ഒത്തിരിയുണ്ട് ഇവയ്ക്ക്. ഡിറ്റാമിൻ, എക്കിടെനിൻ, എക്കിട്ടാമിൻ, സ്ട്രിക്റ്റാമിൻ, എന്നീ ആൽക്കലോയിഡുകളാണ് ഇവയുടെ ഔഷധ ഗുണങ്ങൾക്ക് കാരണം.
Discussion about this post