ഒത്തിരി ഔഷധഗുണങ്ങളുള്ള മരമാണ് യൂക്കാലി. യൂക്കാലിപ്റ്റസ് ഗ്ലോബുലസ് എന്നാണ് ശാസ്ത്രനാമം. മിർട്ടേസിയെ സസ്യ കുടുംബത്തിലെ അംഗമാണ്. ചാമ്പയും ഗ്രാമ്പുവുമൊക്കെ ആ കുടുംബത്തിൽപ്പെട്ടവരാണ്. കേരളത്തിൽ മൂന്നാർ, ദേവികുളം എന്നിവിടങ്ങളിൽ വൻതോതിൽ യൂക്കാലി മരങ്ങൾ കൃഷിചെയ്യുന്നുണ്ട്.
യൂക്കാലി മരങ്ങളിൽ മിക്കവാറും തന്നെ ഓസ്ട്രേലിയയിൽ ജനിച്ചവരാണ്. നിത്യഹരിത വൃക്ഷങ്ങളാണിവ. ഓസ്ട്രേലിയൻ വനങ്ങളിൽ മൂന്നിലൊരു ഭാഗവും യൂക്കാലി മരങ്ങൾ ആണ്. ഇവയിലെ ചില സ്പീസീസുകൾ ലോകത്തിലെ ഏറ്റവും വലിയ മരങ്ങളുടെ പട്ടികയിൽ പെടുന്നവയാണ്. കാട്ടുതീ ചെറുക്കുവാനുള്ള കഴിവ് യൂക്കാലി മരങ്ങളുടെ വിത്തുകളുടെ പ്രത്യേകതയാണ്. കുടുംബത്തിലെ മറ്റ് അംഗങ്ങളെ പോലെ തന്നെ ഇവയുടെ ഇലകളിലും എണ്ണ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥികൾ ഉണ്ട്. ഒത്തിരി അളവിൽ തേൻ ഉല്പാദിപ്പിക്കുന്ന പൂക്കളാണ് ഇവയുടേത്.
പല ആരോഗ്യ പ്രശ്നങ്ങൾക്കുമുള്ള ഒറ്റമൂലിയായി യൂക്കാലി ഉപയോഗിക്കുന്നു. ഇവയുടെ ഇലകളിൽ നിന്ന് തയ്യാറാക്കുന്ന എണ്ണ ശ്വാസകോശത്തിന്റെയും ചർമ്മത്തിന്റെയും ആരോഗ്യത്തിന് ഉത്തമമാണ്. തലവേദനയ്ക്കും പരിഹാരമാണ് യൂക്കാലി എണ്ണ. ചുമ, കഫക്കെട്ട്, എന്നിവയ്ക്കെതിരായും യൂക്കാലി തൈലം ഉപയോഗിക്കുന്നു. മുറിവുകൾ അണുവിമുക്തമാക്കുന്നതിനും ഇവ നല്ലതാണ്. യൂക്കാലി എണ്ണ സന്ധിവേദന കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.
Discussion about this post