കിഴങ്ങ് വിളകളുടെ നടീൽക്കാലം ആരംഭിക്കുകയായി. പോഷക മൂല്യങ്ങളുടെ കലവറയായ കിഴങ്ങ് വർഗ്ഗങ്ങൾ നടുന്ന കാലയളമാണ് ധനു, മകരം, കുംഭം മാസങ്ങൾ. അമോർഫോഫലസ് പീനിഫോളിയസ് എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ചേന ഉദരസംബന്ധമായ രോഗങ്ങൾക്ക് ഒരു പ്രതിവിധിയായി ആയുർവേദ ശാസ്ത്രത്തിൽ പറയുന്നു. ഇന്ത്യയിൽ പലയിടങ്ങളിലും വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്.
നടീൽക്കാലം
മകരത്തിലെ തൈപ്പൂയത്തിൽ തുടങ്ങുന്നതാണ് ചേനയുടെ നടീൽ കാലം എങ്കിലും വിത്തിന്റെ ലഭ്യതയും ജലസേചന സൗകര്യത്തിന്റെയും അടിസ്ഥാനത്തിൽ ഏത് സമയത്തും കൃഷി ചെയ്യാവുന്നതാണ്. ഏകദേശം 30 മുതൽ 35 ഡിഗ്രി സെൽഷ്യസ് താപനിലയും, ശരാശരി 1000 മില്ലിമീറ്റർ മഴ ലഭിക്കുന്നതുമായ പ്രദേശങ്ങളിൽ കൃഷി ചെയ്യാൻ അനുയോജ്യമാണ് ഈ കിഴങ്ങുവിള. കുംഭമാസത്തിലാണ് ചേനയുടെ രണ്ടാം നടീൽ കാലം ആരംഭിക്കുന്നത്. കുംഭത്തിൽ നട്ട ചേന കുടം പോലെ എന്ന് പഴമക്കാർ പറയുന്നത് കേട്ടിട്ടില്ലേ. കേരളത്തിൽ പ്രധാനമായും കൃഷി ചെയ്യുന്ന ചേന ഇനങ്ങൾ ശ്രീപത്മ, ഗജേന്ദ്ര, ശ്രീ ആതിര നെയ്യ് ചേന തുടങ്ങിയവയാണ്.
ചേന നടുവൻ തെരഞ്ഞെടുക്കുമ്പോൾ ഏകദേശം 750 മുതൽ ഒരു കിലോഗ്രാം വരെയുള്ള ചേനയോ, അതിന്റെ കഷ്ണങ്ങളോ തിരഞ്ഞെടുക്കാം. കുഴിയെടുക്കുമ്പോൾ തടത്തിന് മുക്കാൽ അടിയിൽ കൂടുതൽ ആഴം വരാതെ നോക്കുകയും വേണം. 100 മുതൽ 200 ഗ്രാം വരെയുള്ള ചെറുചന കഷ്ണങ്ങൾ നെടുകെ മുറിച്ചും നടാം. ശരാശരി ഭാരം ഉള്ള ചേന ചാണകപ്പാലിൽ മുക്കി ഏകദേശം നാല് ദിവസം ഉണക്കി നടുന്ന രീതിയാണ് പരമ്പരാഗത രീതി. ചേന നടുമ്പോൾ അതിൻറെ മുകുളഭാഗം അല്ലെങ്കിൽ ചേന പൂളു ഭാഗം ഓരോ കഷണത്തിലും ഉണ്ടെന്ന് ഉറപ്പുവരുത്തണം. ഇനി നടുമ്പോൾ ഈ പൂളു ഭാഗം നടുന്ന ആളിന്റെ വലതുവശത്ത് വരത്തക്ക വിധം തടത്തിൽ വച്ച് മണ്ണിട്ട് ഉറപ്പിക്കണം ശേഷം പുതിയിട്ട് കൊടുക്കണം. ചെറു ചേനകൾ നടുമ്പോൾ 60 സെൻറീമീറ്റർ വരികൾ തമ്മിലും 45 സെൻറീമീറ്റർ ചെടികൾ തമ്മിലും അകലം പരമാവധി ഉണ്ടായിരിക്കണം. ചേന നട്ട് ഏകദേശം 10 ദിവസത്തിൽ ഒരിക്കൽ എന്ന രീതിയിൽ ഒരു കുടം വെള്ളം കൊണ്ട് നനയ്ക്കുവാൻ മറക്കരുത്. കളകൾ വരാതെ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്തു ഏകദേശം മുപ്പതാം പക്കം മുള വരും എന്നാണ് കണക്ക്. മകരത്തിലാണ് നടന്നതെങ്കിൽ ഏകദേശം കർക്കിടകത്തിൽ ഇതിൻറെ വിളവെടുപ്പ് നടത്താം കുംഭത്തിലാണ് നടന്നതെങ്കിൽ തുലാമാസമാണ് വിളവെടുക്കാൻ അനുയോജ്യം. ശാസ്ത്രീയ കൃഷിരീതി പ്രകാരം ഒരു ഹെക്ടറിന് 25 ടൺ കാലിവളം, 100 കിലോഗ്രാം നൈട്രജൻ, 50 കിലോഗ്രാം ഫോസ്ഫറസ്150 കിലോഗ്രാം പൊട്ടാഷ് തുടങ്ങിയവയാണ് ശുപാർശ ചെയ്യുന്നത്. വളപ്രയോഗ സമയത്ത് ആവശ്യത്തിന് ജലാംശം ഉറപ്പുവരുത്തുവാൻ മറക്കരുത്. ചുവട്ടിൽ വെള്ളം കെട്ടി നിൽക്കാതെ നോക്കുകയും വേണം. മുപ്പതാം പക്കം മുള വരുന്നു. അപ്പോൾ തടത്തിന്റെ വശങ്ങളിലേക്ക് മണ്ണ് മാറ്റി 250 ഗ്രാം എല്ലുപൊടി 5 കിലോ ചാണകപ്പൊടി എന്നിവ ചേർത്ത് മണ്ണിട്ട് ശേഷം പുതിയിടുക പിന്നീട് കാലവർഷം ആരംഭത്തിൽ തടം തുറന്നു ചാരവും പച്ചില വളങ്ങളും ഇട്ടു നൽകുക. ശേഷം 10 കിലോ പച്ച ചാണകം ഇട്ടു നൽകുന്നത് നല്ലതാണ്. തെങ്ങിൻ തോപ്പിൽ ഇടവിള എന്ന രീതിയിലും ചേന കൃഷി ഏറെ അനുയോജ്യമാണ്. കൂടാതെ കവുങ്ങ്, വാഴ,കാപ്പി തുടങ്ങിയവയോടൊപ്പം ചേന കൃഷി ചെയ്യാവുന്നതാണ്. ഇടവിള എന്ന രീതിയിൽ കൃഷി ചെയ്യുമ്പോൾ പയർ വർഗ്ഗങ്ങൾ ചീര, മുളക്, പാവയ്ക്ക തുടങ്ങിയ പച്ചക്കറികളും കൃഷി ചെയ്യുവാൻ തിരഞ്ഞെടുക്കാം. വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർക്ക് കണിക ജലസേചനരീതി ഉപയോഗപ്പെടുത്താം. വിത്ത് ചേന എടുക്കുമ്പോൾ ഏകദേശം 9 മുതൽ 10 മാസം കഴിഞ്ഞു വിളവ് എടുക്കുക. വിളവെടുത്ത ചേനകൾ വൃത്തിയാക്കി തണലിൽ രണ്ടുദിവസം സൂക്ഷിച്ചതിനുശേഷം നല്ല വായു സഞ്ചാരവും തണലുമുള്ള സ്ഥലത്ത് മുളപൊട്ടാതെ കമഴ്ത്തിവെച്ച് സൂക്ഷിക്കാവുന്നതാണ്.
Discussion about this post