മലപ്പുറം ജില്ലയിലെ എടയൂർ ഗ്രാമത്തിന്റെ സ്വകാര്യ അഹങ്കാരമായ എടയൂർ മുളക് ലോകഭൂപടത്തിലും സ്ഥാനം പിടിച്ചു. എടയൂർ മുളകിന് ഭൗമ സൂചിക അംഗീകാരം (ജോഗ്രഫിക്കൽ ഇൻഡിക്കേഷൻ സ്റ്റാറ്റസ്) ലഭിച്ചതിന്റെ സന്തോഷത്തിലാണ് എടയൂർ നിവാസികൾ. പരമ്പരാഗതമായ കൃഷി രീതിയും എടയൂരിന്റെ മണ്ണും കാലാവസ്ഥയുമാണ് എടയൂർ മുളകിന്റെ ഗുണനിലവാരത്തിന്റെ രഹസ്യം. ”കൊണ്ടാട്ടം’’ ഉണ്ടാക്കുന്നതിനാണ് ഇത് കൂടുതലായും ഉപയോഗിക്കുന്നത്. ഭൗമ സൂചികയിൽ ഇടം ലഭിച്ചതോടെ കൃഷി വകുപ്പിന്റെ കാർഷിക വികസന പദ്ധതിയിൽ ഇനി മുതൽ എടയൂർ മുളകിനും സ്ഥാനമുണ്ടാകും. ഭൗമ സൂചിക അംഗീകാരം നേടിയെടുക്കുന്നതിനായി മുൻകൈയ്യെടുത്ത കേരള കാർഷിക സർവകലാശാല അധികൃതരെ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് അഭിനന്ദിച്ചു. ഭൗമ സൂചികയിൽ ഇടം നേടിയതിലൂടെ അന്താരാഷ്ട്ര വിപണിയിലേക്കുള്ള കൂടുതൽ സാധ്യതകളെക്കുറിച്ചും അദ്ദേഹം പങ്കുവെക്കുകയുണ്ടായി.
Discussion about this post