പ്ലാസ്റ്റിക് ഗ്രോബാഗ് ഉപയോഗിച്ചുള്ള പച്ചക്കറി കൃഷിയുടെ സാധ്യതകൾ ഇനി മങ്ങുമോ? അതെ പ്ലാസ്റ്റിക് ഗ്രോബാഗുകൾക്ക് ഒരു അപരൻ വരുന്നു ” ഇ കൊയർ ബാഗ്”. സംസ്കരിച്ച കയർ ഉപയോഗപ്പെടുത്തി ഉണ്ടാക്കുന്ന ഗ്രോബാഗുകൾ ഇന്നലെ വിപണിയിൽ എത്തിയിരിക്കുകയാണ്. ഇത്തരം ഒരു ബാഗ് നിർമ്മിക്കാനുള്ള സാധ്യത തേടിയ NCRMI യും FOMIL ഉം സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് ecoir ബാഗുകൾ.
പരിസ്ഥിതിക്ക് ദോഷം വരുന്ന രീതിയിലുള്ള ഹാനികരമായ രാസവസ്തുക്കളോ പ്ലാസ്റ്റിക് സംയുക്തങ്ങളോ ഇതിൽ അടങ്ങിയിരിക്കുന്നില്ല. പ്ലാസ്റ്റിക് ഗ്രോബാഗുകൾ പൊതുവേ ഒന്നരവർഷം വരെ ഉപയോഗപ്പെടുത്തുകയും, പിന്നീട് അലക്ഷ്യമായി മണ്ണിലേക്ക് വലിച്ചെറിയപ്പെട്ടുകയും ചെയ്യുന്നു. ഇത് പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകുന്നു. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള പരിസ്ഥിതി സൗഹൃദ കയർ ബാഗുകളുടെ സാധ്യതയെ കുറിച്ച് നാം അറിയണം. പ്രത്യേക ഇനം കയർ ഉപയോഗിച്ച് നിർമ്മിച്ച വായുസഞ്ചാരമുള്ള ഇ കൊയർ ബാഗുകൾ കൂടുതൽ കാലം ഈട് നിൽക്കുന്നതും, ഏറെനാൾ പുനരുപയോഗപ്പെടുത്താനും സാധിക്കുന്നതാണ്. ക്രോസ് സ്റ്റിച്ച് ചെയ്ത് ബലപ്പെടുത്തിയ കയർ ഉപയോഗിച്ചാണ് ഇതിൻറെ നിർമ്മാണം. പ്രകൃതിയോട് ഇണങ്ങിയ ഘടനയാണ് ഇതിന്. സ്ഥലപരിമിതി നേരിടുന്നവർക്ക് ഇ കൊയർ ബാഗുകൾ ഉപയോഗപ്പെടുത്തി പച്ചക്കറി തോട്ടമോ പൂന്തോട്ടമോ ഔഷധസസ്യങ്ങളോ ഇൻഡോർ പ്ലാൻറുകളോ വളർത്താവുന്നതാണ്.
പ്ലാസ്റ്റിക് ഗ്രോബാഗുകൾ പോലെ തന്നെ മികച്ച വിളവ് നൽകുന്നതാണ് ഇവ. വായുസഞ്ചാരം ഉറപ്പാക്കി വേരുകളുടെ അനായാസമായ വളർച്ച സാധ്യമാക്കുവാനും പുതിയ വേരുകൾ മുളയ്ക്കുവാനും ഇതിൻറെ ഉപയോഗം ഏറെ സഹായകമാണ്. വേനൽക്കാലത്തും ശൈത്യകാലത്തും കൃത്യമായ ഇൻസുലേഷൻ നൽകുന്ന രീതിയിൽ നിർമ്മിച്ചിരിക്കുന്ന ഈ ബാഗുകൾ ഉപയോഗശേഷം കംമ്പോസ്റ്റിലൂടെ മണ്ണിൽ തന്നെ ലയിപ്പിച്ചു കളയുകയും ചെയ്യാം. ഗ്രോബാഗുകളിലെയോ മൺചട്ടികളിലെയോ പോലെ വേരുകൾ ചുറ്റിവളഞ്ഞ് വളർച്ച മുരടിക്കുന്ന ഒരു അവസ്ഥ ഇത്തരം ബാഗുകൾ ഉപയോഗപ്പെടുത്തുന്നത് മൂലം ഇല്ലാതാക്കാം.
പ്രധാന സവിശേഷതകൾ
1.സസ്യങ്ങളുടെ വളര്‍ച്ചയ്ക്ക് മികച്ച വായുസഞ്ചാരവും ജലലഭ്യതയും ഉറപ്പാക്കുന്നു.
2.സുസ്ഥിരമായ ഒരു ഘടന നിലനിര്‍ത്തി പുനരുപയോഗത്തിനുള്ള അവസരം ഒരുക്കുന്നു.
3.ഇത് ജൈവവും പരിസ്ഥിതി സൗഹാര്‍ദ്ദപരവും ആണ്.
4.വേരുകളുടെ ആരോഗ്യകരമായ വളര്‍ച്ച ത്വരിതപ്പെടുത്തുന്നു.
5.പ്രകൃതിക്ക് ഹാനികരമാകുന്ന രാസവസ്തുക്കളോ പ്ലാസ്റ്റിക് സംയുക്തങ്ങളോ ഇല്ല.
6.രണ്ടു മുതല്‍ നാലു തവണ വരെ പുനരുപയോഗിക്കാവുന്നതാണ്.
7.നടീല്‍ മിശ്രിതത്തില്‍ ജലാംശം നിലനിര്‍ത്തുന്നു.
8.വായു ചംക്രമണം കൂട്ടി വേരുകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുകയും, ചെടികളെ ആരോഗ്യമുള്ളതാക്കുകയും ചെയ്യുന്നു.
9.ഉപയോഗശേഷം കമ്പോസ്റ്റിങ്ങിലൂടെ മണ്ണില്‍ അലിയിപ്പിച്ചു കളയാം.
10.ചെടികള്‍ ബാഗുകളോട് കൂടെ തന്നെ മണ്ണിലേക്ക് ഇറക്കി വച്ച് വളര്‍ത്താവുന്നതാണ്. അതുമൂലം പറിച്ചുനടീലിന്റെ സമ്മര്‍ദ്ദം ഒഴിവാക്കാം.
11.ജൈവമായതുകൊണ്ട് മണ്ണില്‍ അലിഞ്ഞു ചേര്‍ന്ന് മണ്ണിനെ വളക്കൂറുള്ളതാക്കി മാറ്റുന്നു.
12.വളരെ ലളിതമായി ഉപയോഗിക്കാം.
Discussion about this post