സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന താറാവ് വളര്‍ത്തല്‍ വ്യാപന പദ്ധതിയ്ക്ക് തുടക്കം കുറിച്ച് ഇടുക്കി ജില്ല. ജില്ലയില്‍ താറാവ് ഇറച്ചിയ്ക്കും മുട്ടയ്ക്കും വര്‍ദ്ധിച്ചു വരുന്ന ആവശ്യകത തിരിച്ചറിഞ്ഞാണ് പദ്ധതി ആവിഷ്‌കരിച്ചത്.
ജലാശയങ്ങള്‍ കൂടുതലുളള കുട്ടനാട് പ്രദേശത്ത് വളര്‍ത്തിവരുന്ന താറാവുകളെ ഇടുക്കി ജില്ലയിലും വളര്‍ത്തുന്നതിനുളള പദ്ധതിയ്ക്കാണ് തുടക്കമിട്ടത്. തൊടുപുഴ ബ്ലോക്കില്‍ മാത്രമാണ് പ്രാഥമികമായി പദ്ധതി തുടങ്ങിയത്. കരിംങ്കുന്നം, മുട്ടം, കുമാരമംഗലം, പുറപ്പുഴ, മണക്കാട്, ഇടവെട്ടി എന്നീ പഞ്ചായത്തുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 150 കര്‍ഷകര്‍ക്ക് പത്ത് താറാവിന്‍ കുഞ്ഞുങ്ങളെ വീതം ആകെ 1500 കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്. കുഞ്ഞുങ്ങള്‍ സര്‍ക്കാര്‍ അംഗികൃത എഗ്ഗര്‍ നഴ്‌സറിയില്‍ നിന്നുളളതും, 50 ദിവസം പ്രായമായതും, പ്രതിരോധ മരുന്നുകളെല്ലാം നല്‍കിയിട്ടുളളതുമാണ്. 1200 രൂപ വില വരുന്ന കുഞ്ഞുങ്ങളെ സൗജന്യമായാണ് നല്‍കിയത്. 1500 രൂപയെങ്കിലും ചുരുങ്ങിയത് മുടക്ക് വരുന്ന കൂട് സ്വന്തമായി നിര്‍മ്മിച്ച ഗുണഭോക്താവിന് മാത്രമേ കുഞ്ഞുങ്ങളെ നല്‍കിയിട്ടുളളു. പദ്ധതി വിജയകരമായാല്‍ കൂടുതല്‍ സ്ഥലങ്ങളിലേയ്ക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.
കോഴികളെ വളര്‍ത്തുന്നതു പോലെ തന്നെ വീട്ടില്‍ പ്രത്യേകം തയ്യാറാക്കിയ കൂടുകളില്‍ താറാവിനേയും വളര്‍ത്താം. അങ്ങനെ വളര്‍ത്തുമ്പോള്‍ മുട്ട വിരിയിച്ച് കുഞ്ഞുങ്ങളെ വളര്‍ത്താന്‍ പറ്റില്ലയെന്നതാണ് വ്യത്യാസം. വീട്ടിലെ ഭക്ഷണാവശിഷ്ടങ്ങള്‍ കൊത്തിപ്പെറുക്കി കോഴിമുട്ടയേക്കാള്‍ ഏകദേശം 20 ഗ്രാമും, അഞ്ച് രൂപയും യഥാക്രമം തുക്കവും വിലയും കൂടുതലുളള മുട്ടയിടുന്ന താറാവുകള്‍ കര്‍ഷകന്റെ മിത്രം തന്നെയാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ.ജയാചാണ്ടി പറഞ്ഞു.
ഈ രംഗത്തേയ്ക്കു വരുവാനാഗ്രഹിക്കുന്ന കര്‍ഷകര്‍ക്കായി വാഗമണ്ണിലെ മൃഗസംരക്ഷണ പരിശീലനകേന്ദ്രം വഴി സൗജന്യ പരിശീലനം നല്‍കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പബ്ലിക് റിലേഷന്‍ ഓഫിസര്‍ ഡോ. ബിജു.ജെ.ചെമ്പരത്തി അറിയിച്ചു. പരിശീലനത്തിന് ബുക്ക് ചെയ്യേണ്ട നമ്പര്‍ : 9446131618, 9946485058















Discussion about this post