വളരെ വേഗം വളരുന്നതും, വരൾച്ചയെ അതിജീവിക്കാൻ കഴിവുള്ളതുമായ ഒരു മരമാണ് മുരിങ്ങ. വൈറ്റമിൻ എ, ഇരുമ്പ് എന്നിവയുടെ കലവറയാണ് ഈ സസ്യം. മുരിങ്ങയുടെ കായും ഇലയും പൂവും പച്ചക്കറിയായി ഉപയോഗിക്കാറുണ്ട്. വിത്ത് നട്ടു വളർത്തുന്ന ചെടി മുരിങ്ങയും കമ്പ് മുറിച്ചു നടുന്ന നാടൻ ഇനങ്ങളുമുണ്ട്.ജാഫന, ചാവക്കച്ചേരി, ചെംമുരിങ്ങ, കാട്ടുമുരിങ്ങ, കൊടികാൽ മുരിങ്ങ എന്നിവയാണ് മുരിങ്ങയുടെ പ്രധാനയിനങ്ങൾ. എ.ഡി 4,കെ എം 1 എന്നിവ തമിഴ്‌നാട് കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്തതാണ്. അനുപമ, ജാഫ്ന, പാൽ മുരിങ്ങ എന്നിവ കമ്പ് മുറിച്ചുനട്ട് വംശവർദ്ധനവ് നടത്തുന്നവയാണ്. വിത്തു വഴി വംശവർധന നടത്തുന്ന ഇനങ്ങളാണ്എ.ഡി 4,കെ എം 1 എന്നിവ.
ഒരു മീറ്റർ മുതൽ ഒന്നര മീറ്റർ വരെ നീളവും 15 മുതൽ 20 സെന്റീമീറ്റർ വരെ വണ്ണവുമുള്ള ഒരു വർഷം പ്രായമായ കമ്പുകളാണ് നടാനായി തിരഞ്ഞെടുക്കേണ്ടത്. മാതൃ ചെടിയിൽ നിന്നും മുറിച്ചുമാറ്റിയ ശേഷം ഒരാഴ്ചക്കാലം തണലിൽ ചെരിച്ചു വെച്ച് ഉണക്കിയശേഷമാണ് കമ്പുകൾ നടേണ്ടത്. വിത്ത് ഉപയോഗിക്കുകയാണെങ്കിൽ ചെറിയ പോളിത്തീൻ കവറുകളിൽ പോട്ടിങ് മിശ്രിതം നിറച്ച് പാകിയ ശേഷം തുറസ്സായ പ്രദേശത്ത് സൂക്ഷിച്ച് ഒരാഴ്ച വെള്ളമൊഴിക്കാം. ഒരാഴ്ചയ്ക്കുള്ളിൽ വിത്തുകൾ മുളപൊട്ടും. മൂന്നുനാല് ആഴ്ചയാകുമ്പോഴേക്കും തൈകൾ പറിച്ചുനടാൻ പാകമാകും. 30 സെന്റീമീറ്റർ ഉയരമെത്തുമ്പോഴാണ് കുഴികളിലേക്ക് മാറ്റി നടേണ്ടത്.
മെയ്-ജൂൺ മാസങ്ങളാണ് മുരിങ്ങ നടാൻ യോജിച്ച സമയം. ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന ഇടങ്ങളിലാണ് മുരിങ്ങ നടേണ്ടത്. 60 സെന്റീമീറ്റർ നീളവും വീതിയും ആഴവുമുള്ള കുഴികളിൽ മേൽമണ്ണും ജൈവ വളവും ചേർത്തു നിറച്ചു വേണം തൈകളോ കമ്പുകളോ നടാൻ. ഓരോ കുഴിയിലും 10 മുതൽ 20 കിലോ വരെ ജൈവ വളം ചേർക്കാം. കൂടാതെ കാലവർഷാരംഭത്തോടെ ചെടിക്കു ചുറ്റും തടമെടുത്തു ജൈവവളം ചേർത്താൽ മികച്ച വിളവ് ലഭിക്കുകയും ചെയ്യും. ഒരാണ്ടൻ മുരിങ്ങയുടെ തൈകൾ മുളച്ച് 75 സെന്റീമീറ്റർ നീളം വയ്ക്കുമ്പോൾ അഗ്രഭാഗം നുള്ളിക്കളയുന്നത് കൂടുതൽ ശിഖരങ്ങൾ വളരാൻ സഹായിക്കും. ചെടികൾ നട്ട് മൂന്ന് മാസം കഴിയുമ്പോൾ 100 ഗ്രാം യൂറിയ 100 ഗ്രാം സൂപ്പർ ഫോസ്ഫേറ്റ് 50 ഗ്രാം പൊട്ടാഷ് എന്നിവ ഓരോ ചെടിക്കും തടമെടുത്ത് മണ്ണിൽ ചേർക്കാം. പിന്നീട് മൂന്നു മാസം കഴിയുമ്പോൾ 100 ഗ്രാം യൂറിയ കൂടി നൽകണം. ആദ്യ വിളവെടുപ്പിന് ശേഷം കമ്പുകൾ കോതി ജൈവവളം ചേർത്ത് നനക്കുന്നതും നല്ലതാണ്.
20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിച്ചു കൊടുക്കുന്നതും ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച ജൈവവളം ചേർക്കുന്നതും വാട്ടരോഗത്തെ തടയാൻ സഹായിക്കും.
വേനൽക്കാലത്ത് ആഴ്ചയിലൊരിക്കൽ നനച്ചു കൊടുക്കാം.ഉണങ്ങിയ ഇലകൾ കൊണ്ട് പുതയിടുന്നത് ഏറെ ഗുണം ചെയ്യും. പൂവിടുന്നതിന്റെ തൊട്ടുമുമ്പുള്ള കാലങ്ങളിൽ ജലസേചനം ഒഴിവാക്കുക. പൂവിട്ടു കഴിഞ്ഞുള്ള ജലസേചനം കായ്കളുടെ എണ്ണവും തൂക്കവും കൂട്ടും. കേരളത്തിലെ കാലാവസ്ഥയിൽ ഒക്ടോബർ-നവംബർ, മാർച്ച്-ഏപ്രിൽ മാസങ്ങളിൽ മുരിങ്ങ പുഷ്പിക്കുകയും വിളവുണ്ടാവുകയും ചെയ്യും.
Discussion about this post