വേലിപടർപ്പുകളിലും മതിലുകളിലുമൊക്കെ കാടുപിടിച്ച് വളരുന്ന ചെടിയാണ് ധൃതരാഷ്ട്രപച്ച. അസ്റ്ററേസിയെ സസ്യകുടുംബത്തിലെ അംഗമാണ്. അതായത് സൂര്യകാന്തിയുടെ കുടുംബം. ധൃതരാഷ്ട്രാലിംഗനം എന്ന് കേട്ടിട്ടില്ലേ?? ഭീമന്റെ കൽപ്രതിമയെ വരെ പൊടിച്ചു കളയും വിധം ശക്തിയുള്ള ധൃതരാഷ്ട്രരുടെ ആലിംഗനം. അതുപോലെ തന്നെയാണ് ഈ ചെടിയും. പടർന്നു കയറുന്നിടം ഒരു തരി പോലും പുറത്തു കാണാനാവാത്ത വിധം ആർത്തു പിടിച്ചു വളരും ഇവ. അതുകൊണ്ടുതന്നെയാണ് ധൃതരാഷ്ട്രപച്ച എന്ന പേരും വന്നത്.
മിഖാനിയ മൈക്രാന്ത എന്നാണ് ധൃതരാഷ്ട്രപച്ചയുടെ ശാസ്ത്രനാമം. ബിറ്റർ വൈൻ, അമേരിക്കൻ റോപ്, എന്നൊക്കെയാണ് ഇംഗ്ലീഷിൽ പേര്. ഹൃദയാകൃതിയിലുള്ള ഇലകളാണ്. വെളുത്ത പൂക്കൾ. കാറ്റ് വഴിയാണ് പരാഗണം നടത്തുന്നത്.
ഉഷ്ണമേഖലാ പ്രദേശങ്ങളിലെല്ലാം തന്നെ ഒരു കളയാണ് ധൃതരാഷ്ട്രപച്ച. പെട്ടെന്ന് വളരാനുള്ള കഴിവുണ്ട് ഇവയ്ക്ക്. പടർന്നു പിടിച്ചാൽ ഒഴിവാക്കാൻ വളരെ ബുദ്ധിമുട്ടാണ്.
ഔഷധഗുണങ്ങളും ഒത്തിരിയുണ്ട്. നിരവധി ഫൈറ്റോ കെമിക്കലുകൾ ഇവയിൽനിന്ന് വേർതിരിച്ചെടുത്തിട്ടുണ്ട്. കാംപെസ്റ്റിറോൾ, സ്റ്റിഗ്മസ്റ്റിറോൾ, ബീറ്റസൈറ്റോസ്റ്റിറോൾ, ട്രൈടെർപ്പീൻ, ആൽഫ അമിറിൻ, എന്നിവ ചില ഉദാഹരണങ്ങളാണ്.
Discussion about this post