ഇന്ത്യ എന്ന മഹാരാജ്യത്തിൻ്റെ തലവര തിരുത്തിക്കുറിച്ച നിശ്ശബ്ദ ശാസ്ത്ര വിപ്ലവകാരി, ഇന്ത്യൻ ഹരിത വിപ്ലവത്തിൻ്റെ പിതാവിന് ജൻമ്മ ശദാബ്ദി .
ഡോ. എം എസ് സ്വമി നാഥൻ്റെ ശാസ്ത്രീയ വൈഭവം, നയപരമായ ഉൾക്കാഴ്ചകൾ, കർഷകരുടെ ക്ഷേമത്തോടുള്ള പ്രതിബദ്ധത എന്നിവ ഇന്ത്യയുടെ സുസ്ഥിരമായ കാർഷിക വികസനത്തിന് അടിത്തറ പാകി. കാലാവസ്ഥാ വ്യതിയാനവും മണ്ണിന്റെ ശോഷണവും പോലെ ഇന്ത്യൻ കാർഷികമേഖല വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ ഡോ. സ്വാമിനാഥന്റെ കാർഷിക ദർശനത്തിന് വലിയ പ്രാധാന്യമാണുള്ളത്. സ്വാതന്ത്രാനന്തര ഇന്ത്യയിൽ തുടർച്ചയായ വരൾച്ചയും വർധിച്ചുവരുന്ന ജനസംഖ്യയും കാരണം ഇന്ത്യ ഗുരുതരമായ ഭക്ഷ്യപ്രതിസന്ധി നേരിട്ടു. ഭക്ഷ്യധാന്യ ഉത്പാദനം അപര്യാപ്തമായി. ഇന്ത്യ ഭക്ഷ്യധാന്യങ്ങൾക്കായി വിദേശ രാജ്യങ്ങളെ വളരെയധികം ആശ്രയിച്ചുതുടങ്ങി. ദേശീയ ഭക്ഷ്യസുരക്ഷ അപകടത്തിലേക്ക് നീങ്ങി. കടുത്ത ക്ഷാമത്തിന്റെ സാഹചര്യങ്ങൾ ഭയാനകമായ സ്ഥിതിയിലേക്ക് രാജ്യത്തെ നയിച്ച സാഹചര്യത്തിൽ ഡോ. എം.എസ്. സ്വാമിനാഥൻ നൽകിയ സംഭവനകൾ ശ്രദ്ധേയമാണ്. അത്യുൽപ്പാദന ശേഷിയുള്ള
ഗോതമ്പിന്റെ ഇനങ്ങൾ വികസിപ്പിച്ചെടുത്ത അമേരിക്കൻ കാർഷിക ശാസ്ത്രജ്ഞനായ ഡോ. നോർമൻ ബോർലോഗുമായി സഹകരിച്ചു ഡോ. സ്വാമിനാഥൻ ഈ ഇനങ്ങളെ ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റം വരുത്തി ഇന്ത്യൻ കാർഷിക രംഗത്ത് അവതരിപ്പിക്കുകയും ചെയ്തു
രാസവളങ്ങളുടെയും കീടനാശിനികളുടെയും കൃത്യമായ ഉപയോഗം, ജലസേചന സൗകര്യങ്ങൾ ഒരുക്കൽ, കർഷകർക്ക് കൃത്യമായ പരിശിലനങ്ങളും വായ്പാ സൗകര്യങ്ങളും ഒരുക്കി , കൃത്യതയായിരുന്ന കാർഷിക പ്രവർത്തനങ്ങൾക്ക് സ്വാമിനാഥൻ നേതൃത്വം നൽകി. സ്വാമിനാഥൻ മുന്നൊട്ട് വച്ച ഈ പ്രവർത്തനങ്ങളുടെ ഫലം അത്ഭുതകരമായിരുന്നു. 1960 ൽ 12 ദശലക്ഷം ടൺ ആയിരുന്ന ഇന്ത്യയിലെ ഗോതമ്പ് ഉത്പാദനം ഏതാനും വർഷങ്ങൾക്കുള്ളിൽ 20 ദശലക്ഷം ടണ്ണിലധികമായി ഉയർത്താൻ സ്വാമിനാഥൻ്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു. പഞ്ചാബ്, ഹരിയാന, പശ്ചിമ ഉത്തർപ്രദേശ് എന്നിവ കാർഷിക മികവിന്റെ കേന്ദ്രങ്ങളായി മാറി. ഭക്ഷ്യധാന്യ ഉത്പാദനത്തിലെ ഈ ദ്രുതഗതിയിലുള്ള വർദ്ധന ഇന്ത്യയെ ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കാൻ സഹായിച്ചു. അതിൻ്റെ ഫലമായി സ്വാമിനാഥൻ്റെ നേതൃത്വത്തിൽ നടന്ന ഈ നിശബ്ദ ശാസ്ത്ര വിപ്ലവത്തെ ലോകം ഇന്ത്യൻ ഹരിത വിപ്ലവമെന്ന് വാഴ്ത്തിപ്പാടി ഇതിനു നേതൃത്വം നൽകിയ സ്വാമിനാഥനെ നാം സ്നേഹപൂർവ്വം ഇന്ത്യൻ ഹരിത വിപ്ലവത്തിൻ്റെ പിതാവ് എന്നും വിളിച്ചു. ഹരിതവിപ്ലവം ഭക്ഷ്യക്ഷാമം പരിഹരിച്ചെങ്കിലും, അതിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ചും ഡോ. സ്വാമിനാഥൻ വ്യക്തമായി ബോധവാനായിരുന്നു.പരിസ്ഥിതിക്ക് ദോഷം വരുത്താതെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്ന സുസ്ഥിരമായ കാർഷിക സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. ഭൂമിയെ പരിപോഷിപ്പിക്കുകയും ഉത്പാദനം ഉറപ്പാക്കുകയും ചെയ്യുകയായിരുന്നു അദ്ദേഹത്തിന്റെ ദർശനം.
ടൈം മാസിക ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശക്തരായ 15 ഏഷ്യക്കാരിൽ ഒരാളായി ഡോ സ്വാമിനാഥനെ തിരഞ്ഞെടുത്തു. പട്ടികയിൽ ഇടം നേടിയ മൂന്ന് ഇന്ത്യക്കാരിൽ മറ്റ് രണ്ട് പേർ മഹാത്മാഗാന്ധിയും രവീന്ദ്രനാഥ ടാഗോറുമായിരുന്നു. 84 സർവ്വകലാശാലകൾ ഹോണററി ഡോക്ടറേറ്റ് നൽകിയ ഡോ സ്വാമിനാഥനെ ആദരിച്ചു.1961 മുതൽ 72 വരെ ഇന്ത്യയിലെ ഏറ്റവും പ്രശസ്ത കാർഷിക ഗവേഷണ സ്ഥാപനമായ ന്യൂ ഡെൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിട്യൂട്ടിൻ്റെ ഡയറക്ടറായിരുന്നു.1972 മുതൽ 79 വരെ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ ഡയറക്ടർ ജനറലായിരുന്നു. 1979-80 ൽ കേന്ദ്ര പ്രിൻസിപ്പൽ സെക്രട്ടറിയായി.1980 – 82 ൽ കേന്ദ്ര ആസൂത്രണ കമ്മീഷൻ അംഗവും ഡെപ്യൂട്ടി ചെയർമാനുമായി, 1982 മുതൽ 88 വരെ മനിലയിലെ അന്താരാഷ്ട്ര നെല്ലു ഗവേഷണ കേന്ദ്രം ഡയറക്ടർ ജനറലായി സേവനമനുഷ്ഠിച്ചു.1981-85 ൽ ലോക ഭക്ഷ്യ കാർഷിക സംഘടനയുടെ കൗൺസിൽ അധ്യക്ഷനായിരുന്നു.1984- 90 ൽ ഐ യു സി എൻ എൻ അധ്യക്ഷനായിരുന്നു. പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ പുരസ്കാരങ്ങൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. 2023 സെപ്തംബർ 28ന് അന്തരിച്ച അദ്ദേഹത്തിന് 2024 ൽ മരണാന്തര ബഹുമതിയായി രാജ്യം ഭാരതരത്ന നൽകി ആദരിച്ചു.1986 ൽ ആൽബർട്ട് ഐൻസ്റ്റീൻ ലോക സയൻസ് പുരസ്ക്കാരം നേടി.1971 ൽ മാഗ്സെസെ അവാർഡും 2000-ൽ ഇന്ദിരാഗാന്ധി സമാധാന സമ്മാനവും തേടിയെത്തി.2000-ൽ തന്നെ യുണെസ്കോയുടെ മഹാത്മാ ഗാന്ധി അവാർഡും ഫ്രാങ്ക്ളിൻ റൂസ്വെൽറ്റ് ഫ്രീഡം മെഡലും നേടി. 2007-ൽ ലാൽ ബഹദൂർ ശാസ്ത്രി ദേശീയ അവാർഡ് സമ്മാനിക്കപ്പെട്ടു.2007 മുതൽ 2013 വരെ രാജ്യസഭാ അംഗമായിരുന്നു ഡോ സ്വാമിനാഥൻ.1987ൽ കാർഷികരംഗത്തെ നോബൽ സമ്മാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന വേൾഡ് ഫുഡ് പ്രൈസ് നേടി.
Discussion about this post