ഡെവിൾസ് സ്നെയർ എന്നാണ് ഉമ്മം ചെടിക്ക് ഇംഗ്ലീഷിൽ പേര്. അതായത് ‘ചെകുത്താന്റെ കെണി’ എന്നർത്ഥം. വിഷച്ചെടി ആയതുകൊണ്ടാണ് അങ്ങനെയൊരു പേര്. ഡറ്റൂറ സ്ട്രമോണിയം എന്നാണ് ശാസ്ത്രനാമം. സൊളനേസിയെ സസ്യകുടുംബത്തിലെ അംഗമാണ്. തക്കാളി, മുളക്, ഉരുളക്കിഴങ്ങ്, എന്നിവയൊക്കെ ഈ കുടുംബത്തിലെ അംഗങ്ങളാണ്.
കുറ്റിച്ചെടിയാണ് ഉമ്മം. രണ്ടു മുതൽ അഞ്ച് അടി വരെ ഉയരം വയ്ക്കും. വേനൽക്കാലത്താണ് സാധാരണയായി ഇവയിൽ പൂക്കൾ ഉണ്ടാകുന്നത്. വെള്ള, ക്രീം, വയലറ്റ് എന്നീ നിറങ്ങളിലുള്ള പൂക്കൾ കാണാം. മുട്ടയുടെ ആകൃതിയിലുള്ള തോടിനുള്ളിലായി ഒത്തിരി വിത്തുകൾ ഉണ്ടാകും.
അട്രോപ്പിൻ, ഹയോസ്യാമിൻ, സ്കോപലാമിൻ, എന്നീ ആൽക്കലോയിഡുകളുടെ കലവറയാണ് ഉമ്മം. മയക്കുമരുന്നായി പോലും ഉപയോഗിക്കാൻ കഴിയുന്ന ആൽക്കലോയിഡുകൾ ഇവയിലുണ്ട്. ഔഷധ നിർമ്മാണത്തിന് ഈ ആൽക്കലോയിഡുകൾ ഉപയോഗിക്കുന്നുണ്ട് എങ്കിലും ഇവ കൂടുതലായി ശരീരത്തിലെത്തിയാൽ മരണത്തിന് വരെ കാരണമാകും.
Discussion about this post