ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉത്തമമാണ് സീതപ്പഴം എന്നറിയപ്പെടുന്ന കസ്റ്റാർഡ് ആപ്പിൾ. മുന്തിരിച്ചക്ക എന്നും ഓമനപ്പേരുണ്ട്. അൾസർ, അസിഡിറ്റി എന്നിവയ്ക്കെതിരായും കണ്ണിന്റെയും തലച്ചോറിന്റെയും സുഗമമായ പ്രവർത്തനത്തിനും ചർമത്തിന്റെ ആരോഗ്യത്തിനുമെല്ലാം ഏറെ ഉത്തമമാണ് സീതപ്പഴം. വൈറ്റമിൻ സി കൊണ്ട് സമ്പുഷ്ടമാണ് കസ്റ്റാർഡ് ആപ്പിൾ. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഫല വൃക്ഷങ്ങളിൽ ഒന്നുകൂടിയാണിത്. ഇന്ത്യയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ സീതപ്പഴം വിപുലമായി കൃഷി ചെയ്യുന്നുണ്ട്. ആത്തച്ചക്കയുടെ കുടുംബത്തിൽ ഏറ്റവുമധികം കൃഷി ചെയ്യുന്ന ഇനമാണ് സീതപ്പഴം. അധികം ശുശ്രൂഷകൾ ഒന്നുമില്ലാതെ തന്നെ വീട്ടുവളപ്പിൽ സീതപ്പഴം കൃഷി ചെയ്യാം.
അഞ്ച് മുതൽ പത്ത് മീറ്ററോളം ഉയരത്തിൽ വളരുന്ന വൃക്ഷമാണിത്. വർഷംതോറും ഇലകൊഴിയും. മഞ്ഞു കാലത്താണ് ഇല കൊഴിയുന്നത്. ജനുവരി ഫെബ്രുവരി മാസങ്ങളിൽ പുതിയ തളിർ വരും. പിന്നീട് പുഷ്പിക്കുകയും ചെയ്യും. ആകർഷകമായ വ്യത്യസ്തമായ പുറംതോടോടുകൂടെയുള്ള കായ്കളും ഉണ്ടാകും. നാല് മുതൽ അഞ്ചു മാസംകൊണ്ട് ഇവ മൂപ്പെത്തി പഴുത്തു തുടങ്ങും. നല്ല കറുത്ത നിറത്തിലുള്ള വിത്തുകൾക്ക് ചുറ്റും വെളുത്ത പൾപ്പ് കാണാം. നറുമണമുള്ള മധുരമേറിയ പൾപ്പ് ഏറെ സ്വാദിഷ്ടമാണ്. എട്ടു മുതൽ പത്ത് വർഷം പ്രായമായ മരത്തിൽനിന്ന് നൂറിൽ കൂടുതൽ ഫലങ്ങൾ ലഭിക്കും.
ഇനങ്ങൾ
സീതപ്പഴത്തിന് അമ്പതിൽപരം ഇനങ്ങളുണ്ട്. വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്ക് മാമോത്ത്, ബാലാനഗർ, റെഡ് കസ്റ്റാഡ് ആപ്പിൾ, ബാർബഡോസ്, വാഷിങ്ടൺ, കുറ്റാലം എന്നീ ഇനങ്ങളാണ് ഉപയോഗിക്കുന്നത്.
കൃഷിക്കാലം
നടീലിനായി കാലവർഷാരംഭം തിരഞ്ഞെടുക്കാം. വിത്തുപാകി മുളപ്പിച്ച, ഒരു വർഷം പ്രായമായ തൈകൾ നടാനായി ഉപയോഗിക്കാം. ഒന്നിൽ കൂടുതൽ തൈകൾ നടുകയാണെങ്കിൽ ചെടികൾ തമ്മിൽ 5 മീറ്ററും വരികൾ തമ്മിൽ ആറ് മുതൽ എട്ട് മീറ്ററും അകലം നൽകണം. നല്ല രീതിയിൽ സൂര്യപ്രകാശം ലഭ്യമാകുന്ന സ്ഥലമാണ് നടാനായി തിരഞ്ഞെടുക്കേണ്ടത്. 60 സെന്റീമീറ്റർ നീളവും വീതിയും 45 സെന്റീമീറ്റർ താഴ്ചയുമുള്ള കുഴികളിൽ ജൈവവളം ( കമ്പോസ്റ്റ്/ കാലിവളം) മേൽമണ്ണുമായി ചേർത്ത് നിറച്ച് ചെടികൾ നടാം.
ഈ വൃക്ഷത്തിന് വേരുകൾ അധികം ആഴത്തിൽ പോകാത്തതിനാൽ താഴ്ത്തിയുള്ള കൊത്തിക്കിള ഒഴിവാക്കാം. മരത്തിന്റെ ചുവട്ടിൽ നിന്നും കളകൾ യഥാസമയം നീക്കം ചെയ്യണം. വർഷത്തിലൊരിക്കൽ ചുവട്ടിൽ കാലിവളവും വേപ്പിൻപിണ്ണാക്കും ചേർത്തു കൊടുക്കുന്നത് നല്ലതാണ്.വിളവെടുപ്പ് കഴിഞ്ഞ് കമ്പ്കോതിയാൽ പുതു ശാഖകൾ ഉണ്ടായി ധാരാളം കായ്കൾ ലഭിക്കും.
മാർച്ച് മുതൽ ഓഗസ്റ്റ് വരെയാണ് പൂക്കളുണ്ടാകുന്നത്. പൂ ഉണ്ടായി നാലുമാസം കൊണ്ട് കായ്കൾ പാകമാകും. ഓഗസ്റ്റ് മുതൽ നവംബർ വരെയാണ് പഴക്കാലം. പഴത്തിന്റെ കനമുള്ള പുറംതൊലി അനേകം കള്ളികളായി വേർതിരിച്ചിരിക്കുന്നു. ഇതിന്റെ ഇടഭാഗം മഞ്ഞ നിറമാകുമ്പോൾ കായ്കൾ പറിക്കാം. ഒരു മരത്തിൽ നിന്നും കുറഞ്ഞത് 60 മുതൽ 80 കായ്കൾ വരെ ലഭിക്കും. ഓരോന്നിനും 200 മുതൽ 400 ഗ്രാം വരെ തൂക്കമുണ്ടാകും.
Discussion about this post