മേടം ഒന്നോടുകൂടി മലയാളിയുടെ കാർഷിക വർഷം ആരംഭിക്കുകയായി.
വിഷുക്കണിയോടെ.. വിഷു ക്കൈനീട്ടത്തോടെ…
കണി കാണാൻ വെള്ളരിക്ക സ്വന്തം തോട്ടത്തിൽ തന്നെ വിളയിക്കാനാണ് പരിപാടിയെങ്കിൽ ഇതാ സമയം ആയിരിക്കുന്നു.മകരം 28 , ഉച്ചാറൽ അല്ലെങ്കിൽ വടക്കൻ കേരളത്തിൽ ഏര്പ്പു ഉത്സവം ആയി ആചരിക്കുന്നു.അന്ന് ഭൂമിക്കു വിശ്രമ ദിനം.യാതൊരു നിർമാണ പ്രവർത്തനവും പാടില്ല.വിത്ത് എടുക്കാനോ കൈമാറ്റം ചെയ്യാനോ പണി ആയുധങ്ങൾ മണ്ണിൽ തൊടാനോ പാടില്ല എന്നാണ് ആചാരം.(വിശ്വാസികളുടെ കാര്യമാണ് ).
പത്തായം തുറക്കാതിരിക്കാൻ പണ്ട് കരുവിലാഞ്ചി വള്ളികൾ കൊണ്ട് കെട്ടി വയ്ക്കും.
പാട്ടക്കൃഷി ചെയ്യുന്നവർ അന്ന് വരെയുള്ള എല്ലാ കുടിശ്ശികയും അന്നോടെ തീർക്കണം എന്നാണ് വ്യവസ്ഥ.മകരക്കൊയ്ത്തു കഴിഞ്ഞ പാടങ്ങൾക്ക് അന്ന് വിശ്രമ ദിനം.ഭൂമി രജസ്വല ആകുന്നു എന്ന് വിശ്വാസികൾ.പാലക്കാട് ജില്ലയിലെ പല പൂരങ്ങളും അന്നാണ്. പല കാവുകളിലും പൂജകളും വേലകളും കൊണ്ടാടുന്നു. പരിയാനം പറ്റ, കല്ലടിക്കോട്, വാഴാലിക്കാവ്, തെങ്കര മുതുവല്ലി ഇവിടെല്ലാം വേലകൾ.ഉച്ചാറലിനു മുൻപ് വിഷുവിനുള്ള വെള്ളരിവിത്ത് വിതയ്ക്കണം.
മികച്ച ഇനങ്ങൾ
മുടിക്കോട് ലോക്കൽ, സൗഭാഗ്യ, അരുണിമ, വെള്ളായണി വിശാൽ
കൃഷിയൊരുക്കം
2m x1.5 m അകലത്തിൽ തടങ്ങൾ എടുക്കുക.രണ്ടടി വ്യാസം, ഒന്നരയടി ആഴം ഉള്ള കുഴികൾ.
തടം ചുടുന്നത് നല്ലതാണ്.(മത്തൻ വണ്ടുകളുടെയും കായീച്ചകളുടെയും പുഴുക്കളോ പ്യൂപ്പകളോ ഉണ്ടെങ്കിൽ നശിച്ചുപോകും.രണ്ടു മണിക്കൂർ സ്യൂഡോമോണസ് കലക്കിയ വെള്ളത്തിൽ കുതിർത്തിട്ട 5 വിത്തുകൾ ഓരോ തടത്തിലും വിതയ്ക്കുക.
തടമൊന്നിന് അടിവളമായി 5 കിലോ ചാണകപ്പൊടി, 100ഗ്രാം വീതം വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി എന്നിവ ചേർക്കുക. 20 ഗ്രാം പൊട്ടാഷും ചേർക്കുക.വിത്ത് മുളച്ചു രണ്ടാഴ്ച കഴിഞ്ഞു കരുത്തുള്ള മൂന്നു തൈകൾ നിർത്തി ബാക്കി ഉള്ളവ പിഴുതു മാറ്റുക
ആഴ്ചയിൽ ഒരിക്കൽ പച്ചച്ചാണകം നീട്ടി കലക്കി തടത്തിൽ ഒഴിക്കുക.
കരിയിലകൾ കൊണ്ട് പുതയിടുക.പടർന്നു തുടങ്ങുമ്പോൾ ഓലകൾ നിരത്തി കൊടുക്കുക.
പിഞ്ചുകായ്കൾ പിടിച്ചു തുടങ്ങുമ്പോൾ കരിയിലകൾ കൊണ്ട് മറയ്ക്കുക.
കായീച്ച കുത്താതെ നോക്കുക.മിതമായി നനയ്ക്കുക.എങ്കിൽ വിഷുവിനു വിളവെടുക്കാൻ പാകത്തിൽ കണി വെള്ളരി റെഡി.
കാലം നോക്കി കൃഷി
മേളം നോക്കി ചാട്ടം
എഴുതി തയ്യാറാക്കിയത്
പ്രമോദ് മാധവൻ ,അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ, സ്റ്റേറ്റ് അഗ്മാർക്ക് ഗ്രേഡിങ് ലേബർട്ടറി, ആലപ്പുഴ
Discussion about this post