കാലവർഷക്കെടുതിയിൽ കാർഷിക വിളകൾക്ക് വിളനാശം സംഭവിച്ചാൽ കർഷകർ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചാണ് ഈ ലേഖനം. വിള നാശം സംഭവിച്ചാൽ കർഷകർ പ്രസ്തുത വിവരം ആദ്യം കൃഷി ഭവനിൽ അറിയിക്കുകയാണ് വേണ്ടത്.www.aims.kerala.gov.in എന്ന വെബ് പോർട്ടലിലൂടെ വിവരം കർഷകർക്ക് കൃഷിഭവൻ അധികൃതരെ അറിയിക്കാവുന്നതാണ്. കാർഷിക സേവനങ്ങൾക്കായി ഉപയോഗപ്പെടുത്തുന്ന AIMS പോർട്ടൽ ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിലും ലഭ്യമാണ്. ആദ്യമേ കർഷർ ഈ പോർട്ടലിൽ വഴി കർഷക രജിസ്ട്രേഷൻ നടത്തണം. കർഷകന്റെ ഫോട്ടോ, ഭൂമി സംബന്ധമായ വിവരങ്ങൾ, ബാങ്ക് വിവരങ്ങൾ എന്നിവ അപ്ലോഡ് ചെയ്തു കർഷക രജിസ്ട്രേഷൻ സ്വന്തമായോ അക്ഷയ സെൻററുകൾ മുഖേനയോ കൃഷിഭവൻ മുഖാന്തരമോ ചെയ്യാവുന്നതാണ്. കർഷക രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം ലഭിക്കുന്ന യൂസർ നെയ്മും പാസ്സ്‌വേർഡും ഉപയോഗിച്ച് ഇതിൽ വിള നാശംസംഭവിച്ച കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാം. ഒപ്പം മറ്റു കാർഷിക സേവന ആവശ്യങ്ങൾക്കായി എയിംസ് പോർട്ടൽ ഉപയോഗപ്പെടുത്തുകയും ചെയ്യാം. സ്വന്തമായോ പാട്ടത്തിനോ കൃഷി ഇറക്കുന്ന കർഷകർക്ക് അവരുടെ വിളകൾ ഇൻഷൂർ ചെയ്യാവുന്നതാണ്. നെൽകൃഷിക്ക് ഓരോ കർഷകനും പ്രത്യേകമായ ഗ്രൂപ്പ് ഫാമിംഗ് നിലവിലുള്ള പാടശേഖരങ്ങളിൽ ഗ്രൂപ്പ് അടിസ്ഥാനത്തിലോ പദ്ധതിയിൽ അംഗമാകാം. മൂന്നുതരം വിള ഇൻഷുറൻസ് പദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കുന്നുണ്ട് സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയും കേന്ദ്രസർക്കാരുമായി സംയോജിപ്പിച്ചു നടപ്പിലാക്കുന്ന PMFBY,RWBCIS എന്നിവയുമാണ് ഇവ. സംസ്ഥാനവിള പദ്ധതിയിൽ 27 ഇനം കാർഷിക വിളകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
അംഗമാകേണ്ട വിധവും നിബന്ധനകളും
AIMS പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കർഷകർക്ക് ഇതേ പോർട്ടൽ ഉപയോഗപ്പെടുത്തി വിളകൾ ഇൻഷുർ ചെയ്യാം. കൃഷി ഉദ്യോഗസ്ഥരുടെ ഫീൽഡ് പരിശോധനയ്ക്ക് ശേഷം കർഷകന് തന്റെ മൊബൈൽ ഫോണിൽ ഒരു മെസ്സേജ് ലഭ്യമാകുന്നു. മെസ്സേജിന്റെ അടിസ്ഥാനത്തിൽ കർഷകൻ പ്രീമിയം തുക ജില്ലാ സഹകരണ ബാങ്കിലോ, ഗ്രാമീണ ബാങ്ക് ശാഖകളിലോ അടയ്ക്കാം. അതിനുശേഷം ഓൺലൈനായി പോളിസി കരസ്ഥമാക്കാം. പോളിസി തുക അടച്ച ദിവസം മുതൽ ഏഴു ദിവസങ്ങൾക്ക് ശേഷം മാത്രം വിള നഷ്ടപരിഹാരത്തിന് അർഹതയുള്ളൂ. വിളകൾക്ക് ഉണ്ടാകുന്ന പൂർണ്ണനാശത്തിന് മാത്രമേ നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ. കൃഷിഭൂമിയിലെ വിളകൾ പൂർണമായി ഇൻഷുർ ചെയ്യുവാനും മറക്കരുത്. നെൽകൃഷിക്ക് നഷ്ടപരിഹാരം കണക്കാക്കുമ്പോൾ 50 ശതമാനത്തിൽ അധികം നാശനഷ്ടം സംഭവിച്ചാൽ അത് പൂർണ്ണനാശനഷ്ടമായി കണക്കാക്കുകയും നഷ്ടപരിഹാരം ലഭ്യമാകും. സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി പ്രകാരം പോർട്ടൽ വഴി ഇൻഷുർ ചെയ്ത വിളകൾക്ക് പ്രകൃതിക്ഷോഭം കൂടാതെ വന്യജീവികളുടെ ആക്രമണം, രോഗ കീടബാധ എന്നിവ മൂലം കൃഷിനാശം സംഭവിച്ചാൽ നഷ്ടപരിഹാരത്തിനായി അപേക്ഷ ഇതിലൂടെ സമർപ്പിക്കാവുന്നതാണ്. പ്രകൃതിക്ഷോഭം നടന്ന വിവരം ഉടനടി തന്നെ കൃഷിഭവനെ അറിയിക്കുക എന്നത് ആദ്യപടിയായി കണക്കാക്കുക. ഇതുകൂടാതെ എയിംസ് പോർട്ടൽ നെൽകൃഷിക്ക് യോഗ്യമായ നിലത്തിന്റെ ഉടമയ്ക്കുള്ള റോയൽറ്റി അനുകൂലത്തിനായി അപേക്ഷ സമർപ്പിക്കാനും ഉപയോഗപ്പെടുത്താം. എയിംസ് പോർട്ടൽ വഴിയുള്ള എന്തെങ്കിലും സംശയങ്ങൾക്ക് [email protected] എന്ന ഇ മെയിൽ വഴി ബന്ധപ്പെടാം.
Discussion about this post