തണുപ്പുള്ള സ്ഥലങ്ങളിൽ യാത്ര പോകുമ്പോൾ ഉപ്പും മുളകുമെല്ലാം നന്നായി തേച്ച് വറുത്തെടുത്ത ചോളം കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്!!! അതുപോലെ തന്നെയാണ് തീയേറ്ററുകളിൽ പോപ്കോണിന്റെ സാന്നിധ്യവും. കരിമ്പും നെല്ലും ഗോതമ്പുമൊക്കെ ചോളത്തിന്റെ കുടുംബാംഗങ്ങളാണ്. സിയാ മെയ്സ് എന്നാണ് ശാസ്ത്രനാമം.
ജനിതക ശാസ്ത്രത്തിൽ ഒത്തിരി ഒത്തിരി പ്രാധാന്യമുള്ള സസ്യമാണ് ചോളം. സാധാരണ സ്വർണ്ണ നിറത്തിലുള്ള ചോളത്തിന് ഇടയിലായി ചുവപ്പോ കറുപ്പോ അല്ലെങ്കിൽ മറ്റേതെങ്കിലും നിറത്തിലുള്ളതോ ആയ ചോളമണികൾ ചിലപ്പോഴെങ്കിലും നമ്മൾ കണ്ടിട്ടുണ്ടാകും. അത്ഭുതപ്പെടുത്തുന്ന ഒരു ജനിതക പ്രതിഭാസമാണത്. ഡിഎൻഎയിൽ കാണപ്പെടുന്ന ചില സീക്വൻസുകളാണ് ഇതിന് കാരണം. ട്രാൻസ്പോസോൺസ് അഥവാ ജമ്പിങ് ജീനുകൾ എന്നാണ് ഈ സീക്വൻസുകളെ പറയുന്നത്. ഡിഎൻഎയിൽ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറി ഇരിക്കുവാൻ കഴിവുള്ള ജീനുകളാണ് ജമ്പിങ് ജീനുകൾ. 1953 ൽ ബാർബറ മക്ലിന്റോക് എന്ന ശാസ്ത്രജ്ഞയാണ് ഈ പ്രതിഭാസം ആദ്യമായി കണ്ടുപിടിച്ചത്. ഇതിലൂടെ ഗവേഷണത്തിനന്റെ പുതിയൊരു പാത തുറക്കുവാൻ ബാർബറ മക്ലിന്റോക്കിന് കഴിഞ്ഞുവെങ്കിലും അതിന് ശാസ്ത്രലോകത്തിന്റെ അംഗീകാരം കിട്ടുവാൻ വീണ്ടും 40 വർഷത്തോളം എടുത്തു. വൈകിയാണെങ്കിലും 1983 ഈ കണ്ടുപിടുത്തത്തിന് അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിക്കുകയും ചെയ്തു.
നടീൽ രീതി
വിത്തുകൾ മുളപ്പിക്കുന്നതിനായി അൽപസമയം വെള്ളത്തിൽ കുതിർത്തു വച്ചതിനുശേഷം പാകുന്നതാണ് നല്ലത്. വിത്തുപാകി ഒന്നര ആഴ്ചയ്ക്കുള്ളിൽ മുളപൊട്ടി ഇലകൾ വന്നുതുടങ്ങും. ഈ സമയത്ത് തൈകൾ പറിച്ചു മാറ്റി നടണം. നടീൽ മിശ്രിതം തയ്യാറാക്കുമ്പോൾ നല്ലതുപോലെ ചാണകപ്പൊടി ചേർക്കണം. നല്ല രീതിയിൽ ജൈവവളം ലഭിച്ചെങ്കിൽ മാത്രമേ നല്ല വിളവ് ലഭിക്കൂ. ചോളത്തിന്റെ വേരുകൾക്ക് ഒത്തിരി വളർച്ചയുള്ളതുകൊണ്ട് നടുന്നതിനായി ഗ്രോബാഗ് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. വിത്തു നട്ട് 90 ദിവസത്തിനുള്ളിൽ വിളവെടുക്കാൻ സാധിക്കും.
Discussion about this post