അധിനിവേശ സസ്യങ്ങളിൽ ഒന്നാണ് കോൺഗ്രസ് പച്ച. പൂച്ചെടിയാണിവ. ആസ്റ്ററേസിയെ സസ്യകുടുംബത്തിലെ അംഗമാണ്. സൂര്യകാന്തിയുടെ കുടുംബം. പാർത്തീനിയം, വെള്ളത്തൊപ്പി, ക്യാരറ്റ് കള, എന്നിങ്ങനെയും പേരുകളുണ്ട്. പാർത്തീനിയം ഹിസ്റ്റിറോഫോറസ്സ് എന്നാണ് ശാസ്ത്രനാമം. റോഡരികിലും തരിശുഭൂമിയിലുമെല്ലാം ഇവയെ കാണാം.
കൃഷിയിടങ്ങളിൽ വലിയൊരു ശല്യമാണിവ. തെക്കേ അമേരിക്കയിലാണ് ജന്മം. ഇറക്കുമതി ചെയ്ത ഗോതമ്പ് ചാക്കുകളിലൂടെയാണ് ഇന്ത്യയിലെത്തിയത്. ഉപ്പു ലായനി തളിക്കുന്നത് ഇവയെ ഉണക്കാൻ പര്യാപ്തമാണ്. സൈഗോഗ്രാമ ബൈകളറേറ്റ എന്ന് വണ്ട് കോൺഗ്രസ് പച്ചയുടെ ജൈവിക നിയന്ത്രണത്തിന് ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
കോൺഗ്രസ് പച്ച പുറപ്പെടുവിക്കുന്ന ചില കെമിക്കലുകൾ ചുറ്റുമുള്ള സസ്യങ്ങളുടെ വളർച്ചയെ മുരടിപ്പിക്കും. അല്ലിലോപതി എന്നാണ് അതിനെ വിളിക്കുന്നത്. ഇവയിലുള്ള പാർത്തെനിൻ എന്ന ഘടകം അലർജിക്ക് കാരണമാകും. ദേഹത്ത് ചൊറിച്ചിലും തടിപ്പും ഉണ്ടാക്കുകയും ചെയ്യും. ഇവയുടെ പൂമ്പൊടിയും അലർജിക്ക് കാരണമാണ്. പൂമ്പൊടിയുള്ള വായു ശ്വസിക്കുന്നത് തുമ്മൽ, മൂക്കടപ്പ്, കണ്ണിൽനിന്നു വെള്ളം വരുക, എന്നീ പ്രശ്നങ്ങൾക്ക് കാരണമായേക്കാം.
Discussion about this post