മണ്ണിന് സംരക്ഷണ കവചമൊരുക്കിയാൽ എങ്ങനെയിരിക്കും. ചിന്തിച്ചു മുഷിയേണ്ട, കൊല്ലം ജില്ലയിലെ തേവലക്കര ഗ്രാമ പഞ്ചായത്ത് ആണ് ഇങ്ങനെ ഒരു ആശയത്തിന് പിന്നിൽ. മണ്ണിന് സംരക്ഷണ കവചവും കുളത്തിനു ഭൂവസ്ത്രവുമായി കയർ കൊണ്ട് മറ തീർത്തിരിക്കുകയാണിവർ.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പുത്തൻ സങ്കേതം 14 ആം വാർഡിൽ പുളിയറത്താഴത്ത് നിർമ്മിച്ച കുളത്തിനാണ് കയർ ഭൂവസ്ത്രത്താൽ ചന്തമൊരുക്കിയത്. 2019 – 2020 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇതിനുള്ള തുകയായ 198000 രൂപ കണ്ടെത്തിയിരിക്കുന്നത്.
ചകിരിയിൽ നീളത്തിലും വീതിയിലും നെയ്ത, അരിപ്പകളോട് കൂടിയ മണ്ണ് സംരക്ഷണ കവചമായാണ് കയർ ഭൂവസ്ത്രം ഒരുക്കിയത്. ഭൂമിയെ തട്ടുകളായി തിരിച്ച് കയ്യാല കെട്ടി അതിനു മുകളിലായാണ് കയർ ഭൂവസ്ത്രം സ്ഥാപിച്ചിരിക്കുന്നത്. കാലക്രമേണ ജൈവ വളമായി കയർ മണ്ണിൽ സംസ്കരിക്കപ്പെടും എന്നതാണ് ഇതിന്റെ നേട്ടം.
കൂടാതെ മണ്ണിൽ എത്തുന്ന ജലത്തെ കടത്തി വിടാനും ഖര രൂപത്തിലുള്ള തരികളെ മണ്ണിലുറപ്പിച്ചു നിർത്താനും ഇവയ്ക്ക് കഴിയുന്നു.കുളത്തിന് ചുറ്റുമുള്ള ബണ്ട് ബലപ്പെടുത്താനുള്ള പുല്ല് പ്രദേശത്ത് നിന്നാണ് കണ്ടെത്തിയത്.
വരൾച്ച കാലത്തും ജനങ്ങൾക്ക് പ്രയോജനപെടുന്ന തരത്തിലാണ് കുളം നിർമിച്ചിരിക്കുന്നത്.പണി ആരംഭിച്ചപ്പോൾ ആണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ കുളത്തിന്റെ നിർമാണം നീണ്ടു പോയിരുന്നു.എങ്കിലും ലോക്ക് ഡൗൺ ഇളവുകൾ വന്നതോടെ സാമൂഹിക അകലം പാലിച്ച് തൊഴിലാളികളുടെ എണ്ണത്തിൽ ക്രമീകരണം നടത്തി ജോലി പൂർത്തിയാക്കുകയായിരുന്നു.
40 തൊഴിലാളികൾക്ക് 560 തൊഴിൽ ദിനങ്ങൾ കണ്ടെത്താനായതിന്റെയും, വരൾച്ച കാലത്ത് തെളിനീര് ലഭിക്കുന്നതിന്റെയും സന്തോഷത്തിലാണ് തേവലക്കര ഗ്രാമ പഞ്ചായത്ത്.
Discussion about this post