തെങ്ങിന്റെ നാടാണ് കേരളം, നമ്മുടെ സംസ്ഥാനത്തിന് ആ പേരു ലഭിച്ചത് തന്നെ തെങ്ങില്‍ നിന്നാണ്. ഒരു കാലത്ത് സുലഭമായി നല്ല തേങ്ങകള്‍ ഉത്പാദിപ്പിച്ചിരുന്ന നമ്മുടെ നാട്ടില്‍ നിന്ന് തെങ്ങിന്‍ തോട്ടങ്ങളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. രോഗങ്ങളും കീടങ്ങളും ബാധിച്ചുണ്ടാകുന്ന ഉത്പാദന നഷ്ടം വേറെയും. ഇതിനൊക്കെയുള്ള പരിഹാരങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. വിത്തു തേങ്ങ പാകി തൈ മുളപ്പിക്കുന്നതുമുതല്‍ കീട നിയന്ത്രണം വരെയുള്ള കാര്യങ്ങള്‍ വിശദമാക്കുന്നു.
1. വിത്തുതേങ്ങാ പാകുന്നതിന് 50 ദിവസമെങ്കിലും തണലത്തു സൂഷിക്കണം.
2. ചുവടു ഭാഗം ഉരുണ്ട തേങ്ങ വേണം തൈയുണ്ടാക്കാന്‍ തെരെഞ്ഞെടുക്കാന്‍. തൈ നല്ലവണ്ണത്തില്‍ വളരും. കൂടുതല്‍ കാമ്പുള്ള തേങ്ങ ഉണ്ടാകും.
3. വിത്തു തേങ്ങാ പാകുന്നതിന് ഒരാഴ്ച്ച മുമ്പ്് വെള്ളത്തിലിട്ട് കുതിര്‍ത്തിയ ശേഷം നട്ടാല്‍ പെട്ടെന്ന് മുളച്ചുവരും.
4. ആദ്യം മുളക്കുന്ന തൈകള്‍ക്ക് കരുത്തുകൂടും ഉല്‍പ്പാദനക്ഷമതയും വര്‍ദ്ധിക്കും.
5. കൂടുതല്‍ തേങ്ങ ലഭിക്കുന്ന തെങ്ങില്‍ നിന്ന് ഇടത്തരം വലുപ്പമുള്ള തേങ്ങാ വിത്തുതേങ്ങയായി എടുക്കുക.
6. ജനുവരി മാസം മുതല്‍ മെയ് മാസം വരെയുള്ള കാലത്തെ തേങ്ങായാണ് വിത്തിനായിയെടുക്കാന്‍ നല്ലത്.
7. സങ്കരയിനം തെങ്ങുകളുടെ തേങ്ങാ വിത്തിനായി അത്ര നല്ലതല്ല.
8. പോളിബാഗുകളില്‍ വിത്തു തേങ്ങാ പാകിയാല്‍ വേഗം മുളയ്ക്കും. കരുത്തുറ്റ തൈകള്‍ ലഭിക്കും.
9. തെങ്ങിന്‍ തൈ നടുന്ന കുഴിയില്‍ ഒന്നാ രണ്ടോ കാട്ടുകൂവ കൂടി നട്ടാല്‍ ചിതല്‍ ശല്യം ഉണ്ടാവില്ല.
10. തൈങ്ങിന്‍ തൈ നടുമ്പോള്‍ കുഴിയില്‍ 100 ഗ്രാം ഉലുവ പൊടിച്ചിട്ടാല്‍ ചിതല്‍ ശല്യം ഒഴിവാക്കാം.
11. തെങ്ങിന്‍ തടത്തില്‍ കാഞ്ഞിരത്തിന്റെ ഇലയോ, കരിങ്ങോട്ടയിലയോ പച്ചില വളമായി ഉപയോഗിച്ചാല്‍ ചീതല്‍ വരില്ല.
12. കടുപ്പമുള്ള വെട്ടുകല്‍ പ്രദേശത്തു തെങ്ങിന്‍ തൈ നടുമ്പോള്‍ കുഴിയുടെ അടിഭാഗത്തു അരക്കിലോ കല്ലുപ്പു ചേര്‍ക്കുക.
13. തെങ്ങിന്‍ തൈ നടുന്ന കുഴിയില്‍ ഒരു കൂവ കൂടി നട്ടാല്‍ വേരുതീനിപ്പുഴുക്കളുടെ ആക്രമണം ഉണ്ടാവില്ല.
14. തെങ്ങിന്‍ തൈ നടുന്ന കുഴിയില്‍ ചകിരി തൊണ്ട് (ഉണങ്ങിയും പച്ചയും ) മലര്‍ത്തി അടുക്കിയതിനു ശേഷം മുകളില്‍ തൈ നട്ടാല്‍ വേനല്‍ക്കാലത്ത് ഉണക്കു ബാധിക്കില്ല.
15. ചുവന്നുള്ളിയും കാരവും കൂടി അരച്ച് കൂമ്പില്‍ പുരട്ടിയാല്‍ തുടക്കത്തില്‍ തന്നെ കാറ്റു വീഴ്ചയെ നിയന്ത്രിക്കാം.
16. തെങ്ങിന്റെ മണ്ട നന്നായി വൃത്തിയാക്കി ഉപ്പും തുരിശും ചാരവും കൂടി ചേര്‍ത്തു മണ്ടയില്‍ പുരട്ടുക. കാറ്റു വീഴ്ച്ചയെ പ്രതിരോധിക്കാം.
17.തെങ്ങിന്റെ കവളില്‍ കായം ഇടുക. ചെമ്പന്‍ ചെല്ലിയുടെ ഉപദ്രവം ഉണ്ടാവില്ല.
18.ചെന്നീരൊലിപ്പുള്ള ഭാഗങ്ങളില്‍ ടാര്‍ പുരട്ടിയില്‍ രോഗം നിയന്ത്രിക്കാം.
19. കൃത്യമായി തെങ്ങിന്റെ മുകള്‍ഭാഗം (മണ്ട ) വൃത്തിയാക്കികൊണ്ടിരുന്നാള്‍ കീടനിയന്ത്രണം ഫലപ്രദമാകും.
20. തെങ്ങിന്റെ മണ്ടയില്‍ വേപ്പിന്‍ പിണ്ണാക്കിട്ടാല്‍ ചെല്ലി, ചുണ്ടന്‍ എന്നിവയുടെ അക്രമണം കുറയും മഴക്കാലത്താണ് ഇങ്ങനെ ചെയ്യണ്ടത്. മഴയത്ത് ഒലിച്ചിറങ്ങി തെങ്ങിന് വളമാകുകയും ചെയ്യും.
21. തെങ്ങിന്‍ തോപ്പുകളില്‍ ഉണങ്ങിയ കരിയില, ഉണങ്ങിയ ചകിരി തുടങ്ങിയവ ഇട്ട് കത്തിച്ചാല്‍ കാര്‍ബണ്‍ ഡയോക്സൈഡ് ഉല്പാദിപ്പിക്കപ്പെടുകയും പ്രകാശ സംശ്ശേഷണം വര്‍ദ്ധിക്കുകയും ചെയ്യും, ഇതുമൂലം ഉത്പ്പാദനം കൂടും.
22. മണ്‍സൂണിനു മുമ്പും ശേഷവും തെങ്ങിന്റെ കൂമ്പില്‍ ബോര്‍ഡോ മിശ്രിതം തളിച്ചാല്‍ കൂമ്പു ചീയല്‍ രോഗം ഉണ്ടാവില്ല.
23. കൊമ്പന്‍ ചെല്ലിയെ നശിപ്പിക്കാന്‍ തെങ്ങിന്‍ തോട്ടത്തില്‍ ഒരു ബാരലില്‍ അവണക്കിന്‍ പിണ്ണാക്ക് വെള്ളത്തില്‍ കലക്കി വെക്കുക. കൊമ്പന്‍ ചെല്ലി ആകര്‍ഷിക്കപ്പെട്ടു മിശ്രിതത്തില്‍ വീണ് ചാകും.
25. വേപ്പെണ്ണയും മണ്ണണ്ണയും സമം കലര്‍ത്തി തളിച്ചാല്‍ തെങ്ങിലെ ചെല്ലി, ഓലപ്പുഴു തുടങ്ങിയവയെ തുരത്താം.
24. തെങ്ങിന്‍ തടത്തില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ ഉപ്പ് ഇട്ടുകൊടുത്തില്‍ മണ്ണില്‍ പൊട്ടാഷ് ലഭ്യമാകും.
25. തെങ്ങിന്‍ തോപ്പില്‍ തേനീച്ച വളര്‍ത്തിയാല്‍ പരാഗണത്തെ സഹായിക്കും, വിളവുകൂടും.
26. തെങ്ങിന് കറിയുപ്പ് വളമായി ചേര്‍ക്കാം. മണ്ണിന്റെ ഘടന ലഘുകരിച്ച് വേരോട്ടം വര്‍ദ്ധിക്കും.
27. തുടര്‍ച്ചയായി പേടു തേങ്ങാ ഉണ്ടാകുന്ന തെങ്ങില്‍ തുടര്‍ച്ചയായി തൊണ്ടുകള്‍ കൊണ്ട് പൊതിഞ്ഞുകെട്ടുക. പേടു കായ്ക്കുന്ന സ്വഭാവം മാറും.
28. കുമ്മായവും ഉപ്പും ചേര്‍ന്ന മിശ്രിതം ഇടയ്ക്കിടെ ചുവട്ടില്‍ ഇട്ടാല്‍ പേടുതേങ്ങാ ഉണ്ടാകുന്നത് നിയന്ത്രിക്കാം.
29. തെങ്ങില്‍ നിന്നുള്ള ജൈവാശിഷ്ടങ്ങള്‍ അതിന്റെ മുരട്ടില്‍ നിന്ന് അല്‍പ്പം മാറ്റി ഇട്ട് കത്തിക്കുക. മച്ചിങ്ങാ പിടുത്തത്തിനു സഹായിക്കും. ചാരത്തിലൂടെ തെങ്ങിന് പൊട്ടാഷ് ലഭിക്കും. പുകയേറ്റാല്‍ കീട അക്രമണം കുറയും. കൂടുതല്‍ കായ്പിടുത്തത്തിനും നല്ലതാണ്.
30. നേരത്തെ കണയോല വിരിയുന്ന തെങ്ങിന്‍ തൈകള്‍ വേഗത്തില്‍ കായ്ഫലം ലഭിക്കും.
31. ആഫ്രിക്കന്‍ പാല്‍ തെങ്ങിന് മികച്ച ജൈവ വളമാക്കാം.
32. തെങ്ങിന്റെ തടത്തിനു ചുറ്റും ഉപരിതലത്തില്‍ വളരുന്ന വേരുകള്‍ കിളച്ചു പൊട്ടിയാല്‍, മണ്ണിലേയ്ക്ക് ആഴ്ന്നിറങ്ങുന്ന വേരുകളുടെ വളര്‍ച്ച കൂടും. വളവും വെള്ളവും നന്നായി വലിച്ചെടുക്കാന്‍ ആഴ്ന്നിറങ്ങുന്ന വേരുകള്‍ക്കാണ് കഴിയുക.
33. നല്ല വളര്‍ച്ചയുള്ളതും കായ് പിടിക്കാന്‍ മടിച്ചു നില്‍ക്കുന്നതുമായ തെങ്ങുകളുടെ മൂന്നു നാല് തലകള്‍ വെട്ടിമാറ്റുക. വെട്ടിയതിന്റെ മടല്‍ ഭാഗം നെടു നീളത്തില്‍ കീറിവെക്കുക. തെങ്ങ് താമസിക്കാതെ കായ്ക്കും.
34. കൊമ്പന്‍ ചെല്ലിയെ അകറ്റാന്‍ കൂമ്പോലയോടു ചേര്‍ന്ന് മടലുകള്‍ക്കിടയില്‍ മണല്‍ നിറയ്ക്കുക. മണലിനൊപ്പം അല്‍പ്പം വേപ്പിന്‍ പിണ്ണാക്കും ചേര്‍ക്കണം.
35. ജൈവ വളം, പ്രത്യേകിച്ച് കോഴിവളം തെങ്ങിന്‍ തടത്തില്‍ ഇടുന്നത് നല്ലതാണ്. കാറ്റു വീഴ്ച്ചയെ പ്രതിരോധിക്കും.
36. കൊമ്പന്‍ ചെല്ലികള്‍ തെങ്ങിന്‍ തടിയില്‍ ദ്വാരം ഉണ്ടാക്കി കടന്നുകൂടിയാല്‍, ദ്വാരം വൃത്തിയാക്കി ചെമ്പകപ്പൂക്കള്‍ നിറയ്ക്കുക. പിന്നെ ചെല്ലികള്‍ വരില്ല.
37. വേനല്‍ക്കാലത്തു തെങ്ങിന് നനച്ചുകൊടുത്താല്‍ ഇരുന്നൂറ് ശതമാനം വരെ അധിക വിളവു ലഭിക്കാം.
38. തെങ്ങിന് കോഴി കാഷ്ടം നല്ല വളമാണ്. നല്ല മഴയുള്ള ജൂണ്‍, ജൂലായ് , ഓഗസ്റ്റ് മാസങ്ങളില്‍ ഇടുക.
39. പഴക്കം ചെന്ന വേരുകള്‍ മുറിച്ചു നീക്കുന്നത് തെങ്ങിന് നല്ലതാണ്. പുതിയ വേരുകള്‍ ഉണ്ടാകും.
40. തെങ്ങിന്‍ പൂക്കള്‍ അമിതമായി പൊഴിയുന്നത് തടയാന്‍ മണ്ടയിലും പൂങ്കുലകളിലും ഉപ്പുലായനി തളിക്കുക. കൂടാതെ ഉപ്പുലായനി ചുവട്ടില്‍ നനയ്ക്കുക…
തെങ്ങില്‍ കൊമ്പന്‍ ചെല്ലി ശല്യം
തളിരോലയുടെ ഭാഗം തുരന്ന് തിന്ന് ചണ്ടി പുറത്തേക്ക് നിക്ഷേപിച്ചു കണ്ടാല്‍ ഉറപ്പിക്കാം അകത്ത് കൊമ്പന്‍ ചെല്ലിയാണ് എന്ന്. ഇളം ഓലകളില്‍ ത്രികോണാകൃതിയില്‍ കത്രിക കൊണ്ട് വെട്ടിയ പോലെയും കാണാം.ചില പരിഹാരങ്ങള്‍ ചുവടെ കൊടുക്കുന്നു.
മണ്ട വൃത്തിയാക്കുക എന്നത് ഏറ്റവും പരിഗണന കൊടുക്കേണ്ട ഒന്നാണെങ്കിലും തൊഴിലാളികളെ കിട്ടാനില്ല എന്നതും താങ്ങാനാവാത്തകൂലി ചിലവും കാരണം എല്ലാവരും ആ കാര്യത്തില്‍ പിന്നോട്ടാണ്.
1) വളക്കുഴി / ചാണകക്കുഴി എന്നിവിടങ്ങളില്‍ പെരുവലം എന്ന ചെടിയുടെ ഇല 10 കി.ഗ്രാം. 100 കി.ഗ്രാം. വളത്തിന് എന്ന നിരക്കില്‍ ചേര്‍ത്ത് ഇളക്കുക.
2) ഏറ്റവും ഉള്ളിലുള്ള രണ്ട് ഓലക്കവിളുകളില്‍ പാറ്റ ഗുളിക രണ്ടെണ്ണം വീതം 45 ദിവസത്തിലൊരിക്കല്‍ നിക്ഷേപിക്കുക.
3) 250 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് / മരോട്ടിപ്പിണ്ണാക്ക് 250 ഗ്രാം മണലുമായി ചേര്‍ത്ത് തെങ്ങിന്റെ നാമ്പോലയ്ക്ക് ചുറ്റുമുള്ള ഓലയുടെ കവിളില്‍ മഴക്കാലത്തിന് തൊട്ടുമുമ്പും മഴക്കാലം കഴിഞ്ഞും നിറക്കുക.
4)കൊമ്പന്‍ ചെല്ലിക്കും ചെമ്പന്‍ ചെല്ലിക്കും ഫിറമോണ്‍ കെണിലഭ്യമാണ്.അതും ഉപയോഗിക്കാം.
5) മെറ്റാ റൈസിയം എന്ന മിത്ര കുമിള്‍ 250 ഗ്രാം 5 ലിറ്റര്‍ വെള്ളത്തില്‍ കലക്കി വളക്കുഴികളില്‍ ഒഴിച്ചാല്‍ ചെല്ലിയുടെ ലാര്‍വ്വകളെ നശിപ്പിക്കാം.
തെങ്ങിന്റെ ചുവട്ടില്‍ നിന്നും രണ്ടു മീറ്റര്‍ അകലെ നാലു മൂലയിലും നാലു വാഴ വയ്ക്കുക. സെപ്റ്റംബറില്‍ നടുന്ന വാഴകള്‍ വേനല്‍ക്കാലമാകുമ്പോഴേക്കും ശരിക്കും വളര്‍ന്ന് തെങ്ങിന്റെ കടയ്ക്കല്‍ വെയിലേല്‍ക്കാതെ സംരക്ഷിക്കും. വാഴവെട്ടുമ്പോള്‍ പിണ്ടി വെട്ടിനുറുക്കി തെങ്ങിന്റെ ചുവട്ടിലിട്ടാല്‍ വളം ലഭിക്കും. മണ്ണിലെ ജലാംശവും നിലനിര്‍ത്താം.
ഒരേക്കര്‍ തെങ്ങിന്‍ തോട്ടത്തില്‍ രണ്ടു തേനിച്ചപ്പെട്ടികള്‍ വച്ചാല്‍, പരാഗണം മെച്ചപ്പെടുന്നതിനാല്‍ മച്ചിങ്ങാ പൊഴിച്ചില്‍ കുറഞ്ഞു കിട്ടും. കൂടാതെ തേനില്‍ നിന്ന് ഒരു വരുമാനവും കൂടി ലഭിക്കുന്നു. കുളങ്ങളിലെ അടിച്ചേറ് വേനലില്‍ തെങ്ങിന്‍ തടത്തിലിടുക. ഇത് നല്ല വളമാണ്.’പ്ലാനോ പിക്‌സ്’ എന്ന ഹോര്‍മോണുപയോഗിച്ചാല്‍ അമിതമായ മച്ചിങ്ങാ പൊഴിച്ചില്‍ തടയാനൊക്കും. ചൊട്ടവിരിഞ്ഞ് മുപ്പതു ദിവസം കഴിഞ്ഞ് പ്ലാനോഫിക്‌സ് മണ്ടയില്‍ തളിക്കുക. തെങ്ങിന്‍ തടത്തില്‍ വേനല്‍ക്കാലങ്ങളില്‍ ചീരയും, വെണ്ടയും നട്ടുവളര്‍ത്തുക. അവയ്ക്ക് ദിവസവും നനയ്ക്കുന്നതിന്റെ പ്രയോജനം തെങ്ങിനും കൂടി കിട്ടുന്നു. മണ്ടശോഷിപ്പ് എന്ന തെങ്ങു രോഗം സസ്യമൂലകങ്ങളുടെ കുറവുമൂലം ഉണ്ടാകുന്നതാണ്. കോഴിക്കാഷ്ടം തെങ്ങിനിടേണ്ടത് നല്ല മഴയുള്ള ജൂണ്‍, ജൂലൈ, മാസങ്ങളിലാണ്.
തെങ്ങിന്റെ ചെന്നീരൊലിപ്പ് ബാധിച്ച ഭാഗം ചെത്തി മാറ്റിയ ശേഷം, തടിയില്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം പുരട്ടുക. ഒപ്പം തേങ്ങ് ഒന്നിന് 5 കിലോഗ്രാം വേപ്പിന്‍ പിണ്ണാക്ക് വളമായും നല്‍കുക. പുറമെ കാലിക്‌സിന്‍ എന്ന മരുന്ന് ഒരു ശതമാനം വീര്യത്തില്‍ കലക്കി തെങ്ങൊന്നിന് 25 ലി. വീതം തെങ്ങിന്‍ ചുവട്ടിലൊഴിച്ച് മണ്ണ് കുതിര്‍ക്കുക.
തെങ്ങിന്‍ തോപ്പുകളില്‍ വെറ്റില കൃഷി ചെയ്താല്‍ തെങ്ങിന്റെ ഉല്പാദന ക്ഷമത വര്‍ദ്ധിക്കും. തെങ്ങിലെ പൂക്കള്‍ അമിതമായി പൊഴിയുന്നത് തടയാന്‍ മണ്ടയിലും പൂങ്കുലകളിലും ഉപ്പു ലായനി തളിക്കുക. കൂടാതെ ഉപ്പു ചേര്‍ന്ന വെള്ളം കൊണ്ട് ചുവട് നനയ്ക്കുകയും ചെയ്യുക.
കൊമ്പന്‍ ചെല്ലികളെ നിഷ്‌ക്രിയരാക്കാന്‍ തെങ്ങിന്റെ മണ്ടയ്ക്കടുത്തുള്ള മടലുകള്‍ക്കിടയില്‍ തലമുടി പന്തുപോലെ ചുരുട്ടി വയ്ക്കുക. മുടി ചെല്ലിയുടെ കാലുകളില്‍ ചുറ്റിപ്പിണഞ്ഞ് അതിനെ നിഷ്‌ക്രിയമാക്കും.
തെങ്ങിന്‍ തോപ്പില്‍ കൃഷി ചെയ്യുന്ന ഇഞ്ചിക്ക് പൊതുവേ രോഗബാധകള്‍ കുറവാണ്. തെങ്ങിന്‍ തോട്ടത്തിലുള്ള ഫലവൃക്ഷങ്ങള്‍ തെങ്ങിനേക്കാള്‍ ഉയരത്തില്‍ വളര്‍ന്നാല്‍ തെങ്ങിന്റെ വിളവ് കുറയും. ചെമ്പന്‍ ചെല്ലിയുടെ ആക്രമണത്തിന് വിധേയമായിട്ടുള്ള തെങ്ങുകളുടെ അടിപ്പട്ടയോടു തൊട്ടുചേര്‍ന്ന് തെങ്ങിന്‍ തടിയില്‍ ആഴത്തിലൊരു ദ്വാരമുണ്ടാക്കുക. ഈ ദ്വാരത്തില്‍ യൂക്കാലിപ്റ്റസ് എണ്ണയില്‍ കുതിര്‍ത്ത പഞ്ഞി നന്നായി തിരുകിക്കയറ്റുക. തുടര്‍ന്ന് സിമന്റ് ഉപയോഗിച്ച് ദ്വാരം അടയ്ക്കുക. ചെമ്പന്‍ ചെല്ലിയുടെ പുഴുക്കള്‍ ചത്തൊഴിഞ്ഞുകൊള്ളും.
പഴുത്ത് പാകമായ നാലു മരോട്ടിക്കായ ചതച്ച് ,രണ്ടു ലിറ്റര്‍ വെള്ളത്തില്‍ കലക്കി, വാവട്ടമുള്ള ഒരു കലത്തിലോ അലുമിനിയ പാത്രത്തിലോ ഒഴിച്ച്, രണ്ടോ മൂന്നോ വര്‍ഷം പ്രായമുള്ള തെങ്ങിന്‍തൈയുടെ മണ്ടയിലോ, അല്ലെങ്കില്‍ അധികം പൊക്കമില്ലാത്ത മാവിന്റെ കൊമ്പത്തോ കെട്ടി ഉറപ്പിച്ച് വയ്ക്കുക. മഴയില്ലാത്ത ദിവസങ്ങളിലാണ് ഇപ്രകാരം ചെയ്യേണ്ടത്. മരോട്ടിക്കായുടെ മണവും രുചിയും കൊമ്പന്‍ ചെല്ലിക്ക് പ്രിയങ്കരമാണ്. രണ്ടുദിവസത്തേക്ക് കലം അവിടെത്തന്നെ വയ്ക്കുക. ഏതാണ്ട് ആറു കിലോമീറ്റര്‍ ചുറ്റളവിലുള്ള കൊമ്പന്‍ ചെല്ലികള്‍, ഇതിന്റെ മണത്താല്‍ ആകൃഷ്ടരായി അവിടെയത്തി, കലത്തിലെ മരോട്ടിക്കാ വെള്ളം കുടിച്ച് മത്തരായും, ചിലത് ചത്തും കലത്തില്‍ ഉണ്ടാകും. ഇവയെ വാരിയെടുത്ത് നശിപ്പിക്കുകയേ വേണ്ടൂ.
തെങ്ങിന്‍ തോട്ടത്തില്‍ ആവണക്കു പിണ്ണാക്കു നന്നായി ഒരു പാത്രത്തില്‍ കലക്കി തുറന്നു വയ്ക്കുക. കൊമ്പന്‍ ചെല്ലി അതിലേക്ക് ആകര്‍ഷിക്കപ്പെട്ട് അതില്‍ ചാടി ചത്തുകൊള്ളും. തെങ്ങുകള്‍ക്കിടയില്‍ നെടുകെയും കുറുകെയും ചാലുകീറി അതില്‍ നിറച്ച് ചകിരി അടുക്കി മണ്ണ് മുകളിലിട്ട് ബണ്ടു പോലെ രൂപപ്പെടുത്തക വേനലില്‍ ഓല ഒടിഞ്ഞു തൂങ്ങുന്ന രോഗം ഉണ്ടാവുകയില്ല. ചുവന്ന ഉള്ളിയും കാരവും അരച്ച് കൂമ്പില്‍ പുരട്ടിയാല്‍ കാറ്റുവീഴചയുടെ ആരംഭഘട്ടത്തില്‍ നിയന്ത്രിക്കാനാവുന്നതാണ്. തെങ്ങിന്റെ മണ്ട തെളിച്ച് ഉപ്പും തുരിശും ചാരവും കൂട്ടിയിളക്കി മണ്ടയ്ക്കു തൂകുന്നത് കേര രോഗങ്ങള്‍ നിയന്ത്രിക്കാന്‍ നല്ലതാണ്. തെങ്ങിന്റെ മടല്‍ തടിയോടു ചേര്‍ത്തു വെട്ടിയാല്‍ ചെമ്പന്‍ ചെല്ലിയുടെ ശല്യം കൂടാനിടയുണ്ട്. അതുകൊണ്ട് മടല്‍ നീട്ടി വെട്ടാന്‍ ശ്രദ്ധിക്കണം. തെങ്ങിനു ചുറ്റും ചവറിട്ടു ചുട്ടാല്‍ പുകയേറ്റ് തെങ്ങില്‍ ധാരാളം മച്ചിങ്ങാ പിടിക്കാന്‍ ഇടയാകും.
തെങ്ങിലെ പോടുകള്‍ അടയ്ക്കാന്‍ കീല്, മണല്‍ ഇവ ചേര്‍ത്ത് നന്നായി ഉരുട്ടി അടുത്ത ദിവസം ഉരുളകളായി പോടുകള്‍ക്ക് ഉള്ളില്‍ തിരുകിക്കയറ്റുക. പോട് പൂര്‍ണ്ണമായും നിറയത്തക്കവണ്ണം മിശ്രിതം അതില്‍ നിറയ്ക്കണം. പോടുകള്‍ക്കുള്ളിലെ തടി കുറേശ്ശേ വളരുന്നതനുസരിച്ച് കീല്‍-മണല്‍ മിശ്രിതം പുറത്തേയ്ക്കു തള്ളിവരും. ആറുദിവസം കൊണ്ട് പോട് മുഴുവനായും വളര്‍ന്ന് നികരുകയും കീല് മുഴുവനായും പുറത്തു വരികയും ചെയ്യുന്നു.
തെങ്ങിന്‍ തടിക്കുള്ളില്‍ കാണുന്ന ചെല്ലിയുടെ പുഴുക്കളെ നശിപ്പിക്കാന്‍ മരം കൊത്തിപ്പക്ഷികള്‍ക്കു കഴിയും. മരം കൊത്തികളുടെ വംശവര്‍ദ്ധനയ്ക്ക് ശ്രമിക്കുക.തെങ്ങോലയില്‍ കുമിള്‍ ബാധ കണ്ടു കഴിഞ്ഞാല്‍ നീളമുള്ള കമ്പിയിന്മേല്‍ പന്തം കത്തിച്ച് ഇടയ്ക്കു വാട്ടം തട്ടാതെ വീശുക. കുമിളുകള്‍ നശിച്ചു കൊള്ളും. തെങ്ങിന്മേല്‍ ഓല, മുളമുള്ള് ഇവകൊണ്ട് പൊത്തു കെട്ടുക. എലി, കള്ളന്‍ ഇവയുടെ ശല്യം കുറയും.
കായ്ക്കാത്ത തെങ്ങുകള്‍ ആനയെക്കൊണ്ട് തള്ളി ഉലയ്ക്കുക. താമസിയാതെ ചൊട്ട പൊട്ടാനിടയാകും. ചെന്നീരൊലിപ്പ് എന്ന കേര രോഗം ടാര്‍ പുരട്ടി നിയന്ത്രിക്കാവുന്നതാണ്. തെങ്ങില്‍ നിന്നുള്ള ജൈവാവശിഷ്ടങ്ങള്‍ അതിന്റെ ചുവട്ടില്‍ത്തന്നെ ഇട്ടു കത്തിക്കുന്നത് മെച്ചപ്പെട്ട മച്ചിങ്ങാ പിടുത്തത്തിനു സഹായിക്കും. ചാരത്തിലൂടെ കൂടുതല്‍ പൊട്ടാഷ് തെങ്ങിനു കിട്ടുന്നു. പുകയേല്‍ക്കുന്നതു കൂടുതല്‍ കായ പിടുത്തത്തിനു നല്ലതാണ്. പുകയേറ്റാല്‍ കീട രോഗബാധ കുറെയെങ്കിലും കുറയും.
തെങ്ങിന്റെ കേടു ബാധിച്ച ഭാഗങ്ങള്‍ വെട്ടുമ്പോള്‍ ചെറിയ കഷ്ണങ്ങള്‍ വരെ പെറുക്കിയെടുത്ത് തീയിലിട്ട് കത്തിച്ചു കളയുക. മറ്റുള്ളവയ്ക്ക് രോഗം ബാധിക്കുന്നത് തടയാനാകും. മണല്‍ മണ്ണില്‍ തെങ്ങു നനയ്ക്കുന്നതിന് ഉപ്പുവെള്ളം ഉപയോഗിച്ചാലും കുഴപ്പമില്ല. എന്നാല്‍, തൈത്തെങ്ങുകള്‍ നനയ്ക്കുന്നതിന് യാതൊരു കാരണവശാലും ഉപ്പുവെള്ളം ഉപയോഗിക്കരുത്. തെങ്ങിന്‍ തൈ നട്ട് ആദ്യമുണ്ടാകുന്ന ആറ് ഓലകള്‍ കഴിച്ച് മുപ്പത്താറാമത്തെ ഓല വരുമ്പോള്‍ പൂങ്കുലയും വിരിഞ്ഞിരിക്കും.കുള്ളന്‍ തെങ്ങിനങ്ങളില്‍ മൂന്നു വര്‍ഷം കൊണ്ട് പൂങ്കുല വിരിയും. തെങ്ങില്‍ ചൊട്ട വിരിഞ്ഞ് 220 ദിവസം ആകുമ്പോള്‍ കരിക്കിന്‍ വെള്ളത്തിന്റെ മാധുര്യം ഏറ്റവും കൂടി നില്‍ക്കുന്നു. ഉള്‍തേങ്ങാ ഉണ്ടാകുവാന്‍ ചെത്തി മാറ്റുന്ന പുറന്തൊലി ഉണക്കി ആട്ടിയാല്‍ 50% വരെ എണ്ണ കിട്ടും.
വര്‍ഷകാലത്ത് മഴയില്‍ പെട്ട് ചീഞ്ഞു പോകുന്ന വൈക്കോല്‍, തെങ്ങിന് ചുറ്റും ഒന്നര മീറ്റര്‍ മാറ്റി വൃത്താകൃതിയില്‍ ഇടുക. ഇത് വര്‍ഷം തോറും ആവര്‍ത്തിക്കുക. തെങ്ങ് നല്ലതുപോലെ കായ്ക്കും. വേനല്‍ വരള്‍ച്ച ബാധിക്കുകയുമില്ല. തെങ്ങ് നട്ടതിനു ശേഷം എട്ടു വര്‍ഷം വരെയും ഇരുപത്തഞ്ചു വര്‍ഷം കഴിഞ്ഞും മാത്രം ഇടവിള കൃഷികള്‍ ചെയ്യുക. ഒരു മീറ്റര്‍ വൃത്താകൃതിയില്‍ ഒരടി താഴ്ചയില്‍ തെങ്ങിനു ചുറ്റും മണ്ണെടുത്തു മാറ്റി. ആ കുഴിയില്‍ നിറയെ നെല്ലിന്‍ പതിര് നിറയ്ക്കുക. വര്‍ഷംതോറും ഇത് ആവര്‍ത്തിക്കുക. തെങ്ങ് തഴച്ചു വളരും. വേനലില്‍ നനവ് ഇല്ലെങ്കിലും വരള്‍ച്ച ബാധിക്കുകയില്ല. തെങ്ങിന് ചാലുകീറി വളം ഇടുന്നതിലും നല്ലത്, തടം തുറന്ന് വളം ഇടുന്നതാണ്.
നേരത്തെ കണയോല വിരിയുന്ന തെങ്ങിന്‍ തൈകള്‍ മറ്റു തൈകളെ അപേക്ഷിച്ച് വേഗത്തില്‍ കായ് ഫലം തരും. ആഫ്രിക്കന്‍ പായല്‍ കൊണ്ടുണ്ടാക്കുന്ന കമ്പോസ്റ്റ് തെങ്ങ് കൃഷിക്ക് അത്യുത്തമമാണ്.ഓലഞ്ഞാലി കിളികളെ ഭയപ്പെടുത്തി ഓടിച്ചു വിടരുത്. അവ തെങ്ങോലപ്പുഴുക്കളെ തിന്നു നശിപ്പിക്കുന്നതിനാല്‍ ഉപകാരപ്രദമായ പക്ഷിയാണ്.
കൊച്ചിന്‍ ചൈനാ എന്നയിനം നാളികേരത്തിന്റെ കരിക്കില്‍ നിന്നും ആറു ഗ്ലാസ് വെള്ളം വരെ കിട്ടും. തെങ്ങിന്റെ തടത്തിനു ചുറ്റും ഉപരിതലത്തില്‍ വളരുന്ന വേരുകള്‍ കിളച്ചു പൊട്ടിയാല്‍, മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്ന വേരുകളുടെ വളര്‍ച്ച കൂടും. വെള്ളവും വളവും നന്നായി വലിച്ചെടുക്കാന്‍ പറ്റുന്നത് ആഴ്ന്നിറങ്ങുന്ന വേരുകള്‍ക്കാണ്.
അമിതമായ വളര്‍ച്ചയുള്ളതും കായ്ക്കാന്‍ മടിച്ചു നില്‍ക്കുന്നതുമായ തൈതെങ്ങുകളുടെ മൂന്നുനാല് തലകള്‍ വെട്ടിമാറ്റുക. അവശേഷിക്കുന്ന മടല്‍ ഭാഗം നെടു നീളത്തില്‍ പൊളിച്ചും വയ്ക്കുക. തെങ്ങ് താമസ്സംവിനാ കായ്ക്കാനിടയുണ്ട്.
സൂക്ഷിച്ചു വയ്ക്കുന്ന തേങ്ങയുടെ കണ്ണുള്ള ഭാഗം മേല്‍പോട്ടായിരിക്കത്തക്കവണ്ണം വയ്ക്കുക. തേങ്ങാ ഏറെ നാള്‍ കേടാകാതെയും അഴുകാതെയും ഇരിക്കും.
തെങ്ങിന്‍ തടത്തില്‍ ചണമ്പൂ വിതയ്ക്കുക. വളര്‍ന്നു വരുമ്പോള്‍ ഉഴുതുചേര്‍ക്കുക. നല്ല ജൈവവളമാണിത്.
വളക്കുഴിയില്‍ ചാണകം നിറയ്ക്കുന്നതിനു മുമ്പ് ഏതാനും വേരന്‍ ചെടികള്‍ വേരു സഹിതം പിഴുതു ചേര്‍ത്താല്‍ ചാണകത്തില്‍ വളരുന്ന കുണ്ടളപുഴുക്കളെ നല്ലൊരു പിരിധിവരെ നിയന്ത്രിക്കാം.
രണ്ടു തെങ്ങുകള്‍ക്കിടയില്‍ ഒരു മീറ്റര്‍ നീളവും അറുപതു സെ.മീ. വീതം വീതിയും താഴ്ചയും ഉള്ള കുഴി എടുത്ത് അതില്‍ തൊണ്ടും ചാണകവും ഇട്ടു മൂടുക. തെങ്ങിന് നല്ല വളര്‍ച്ച ഉണ്ടാകും.
തെങ്ങിന്റെ, വളം വലിച്ചെടുക്കുന്ന പൊറ്റ വേര് ഓരോ വര്‍ഷവും ചെത്തിക്കളയണം, കാരണം അവയ്ക്ക് ഒരു വര്‍ഷത്തേ ആയുസ്സേയുള്ളൂ. ആരോഗ്യം കുറഞ്ഞ പഴയ വേരുകള്‍ ചെത്തിക്കളഞ്ഞാല്‍ നല്ല ആരോഗ്യമുള്ള പുതിയവ വളര്‍ന്നു വന്നുകൊള്ളും.
തെങ്ങില്‍ നിന്നും കള്ളു ചെത്തിയാല്‍ തുടര്‍ന്നുള്ള കാലങ്ങളില്‍ തേങ്ങാ ഉല്പാദനം വര്‍ധിക്കും.
കേരളത്തിലെ തേങ്ങായില്‍ നിന്നുമുള്ള ചിരട്ടകള്‍ക്ക് കരിമൂല്യം വളരെ കൂടുതലാണ്.
ഒരു വര്‍ഷം മൂപ്പെത്തിയ തേങ്ങായില്‍ നിന്നാണ് കൂടുതല്‍ എണ്ണയും കൊപ്രായും ലഭിക്കുന്നത്.
മൂന്നുകിലോ ചുവന്നുള്ളി ചതച്ച് എട്ടുകിലോ ഉപ്പും ചേര്‍ത്ത് മഞ്ഞളിപ്പു രോഗുമള്ള തെങ്ങിന്റെ തടത്തിലിട്ടു കൊടുക്കുക. മൂന്നാം ദിവസം തടം പകുതി മണ്ണിട്ടു മൂടിയ ശേഷം കുറച്ചു ദിവസം തുടര്‍ച്ചയായി ജലസേചനം തടത്തുക. മഞ്ഞളിപ്പ് മാറും.
കൂവ, കാഞ്ഞിരം ഇവയിലൊന്നിന്റെ ഇല, ഓല മഞ്ഞളിപ്പുള്ള ഏതെങ്കിലും മഞ്ഞളിപ്പ് മാറും.
ചാണകക്കുഴിയില്‍ പെരുമരത്തിന്റെ ഇല വെട്ടിയിട്ടാല്‍ ചെല്ലിയുടെ പുഴു വളരുന്നത് തടയാം.
തെങ്ങിന്റെ വെള്ളയ്ക്കാ പൊഴിച്ചിലിന് ഗോമൂത്രം പത്തിരട്ടി വെള്ളത്തില്‍ നേര്‍പ്പിച്ച് തെങ്ങിന്‍ തടത്തില്‍ ഒഴിക്കുക
കൊന്പന്‍ ചെല്ലി, ചുവന്ന ചെല്ലി ഇവയെ നിയന്ത്രിക്കുവാന്‍ 25-40 ഗ്രാം ഫുറഡാന്‍ തെങ്ങിന്റെ കൂന്പിലിടുക.
പുര മേയുന്ന ഓലയില്‍ കശുവണ്ടിക്കറ പുരട്ടിയാല്‍ ഓലയുടെ ആയുസ്സ് മൂന്നിരട്ടി വര്‍ദ്ധിക്കും.
തെങ്ങിന്‍ തൈകളിലുണ്ടാകുന്ന വെള്ള നിറത്തിലുള്ള കീടങ്ങളെ ചുരണ്ടിക്കളഞ്ഞ്, അവിടെ ചാരവും ഉപ്പും പൊടിയും ചേര്‍ത്ത് പുരട്ടുക. പിന്നെ ആക്രമണം ഉണ്ടാവുകയില്ല.
കുളങ്ങളിലെ അടിച്ചേറ് വേനല്‍ക്കാലത്ത് കോരി തെങ്ങിനിടുക. ഇത് തെങ്ങിന് പറ്റിയ ജൈവ വളമാണ്.
ചുവന്ന ഉള്ളിയും കാരവും കൂടി അരച്ച് കൂന്പില്‍ പുരട്ടിയാല്‍ തുടക്കത്തില്‍ത്തന്നെ കാറ്റുവീഴ്ചയെ നിയന്ത്രിക്കാം.
തെങ്ങിന്റെ മണ്ട നന്നായി തെളിച്ച് വൃത്തിയാക്കി ഉപ്പും, തുരിശും, ചാരവും കൂട്ടിയിളക്കി മണ്ടയില്‍ തൂകുക. കാറ്റു വീഴ്ചയെ പ്രതിരോധിക്കാനാകും.
കാറ്റു വീഴ്ച തടയാന്‍ അഞ്ചുകിലോ കറിയുപ്പും, അഞ്ചുകിലോ ഉള്ളിയും (മാര്‍ക്കറ്റില്‍ പുറന്തള്ളുന്നത്) ചേര്‍ത്ത് തടങ്ങളില്‍ ഇടുക.
കൃത്യമായി തെങ്ങിന്റെ മണ്ട വൃത്തിയാക്കിക്കൊണ്ടിരിക്കുക. കീട നിയന്ത്രണത്തിന് ഇത് വളരെ പ്രയോജനപ്രദമാണ്.
തെങ്ങിന്റെ കവിളില്‍ കായം ഇടുക. ചെന്പന്‍ ചെല്ലിയുടെ ഉപദ്രവം മാറും.
ചകിരിച്ചോറ് സസ്യലതാദികള്‍ വളര്‍ത്താനുള്ള മികച്ച ഒരു മാധ്യമം ആണ്.
ചെന്നിരൊലിപ്പ് ഉള്ള ഭാഗങ്ങളില്‍ ടാര്‍ പുരട്ടുക. രോഗം നിയന്ത്രണ വിധേയമാകും.
തെങ്ങിന്റെ മണ്ടയില്‍ വേപ്പിന്‍ പിണ്ണാക്ക് ഇട്ടാല്‍ ചെല്ലി, ചുണ്ടന്‍ എന്നിവയുടെ ആക്രമണത്തില്‍ നിന്ന് തെങ്ങിനെ രക്ഷിക്കാം. മഴക്കാലത്താണ് ഇത് ചെയ്യേണ്ടത്. കാലവര്‍ഷം വരുന്‌പോള്‍ വേപ്പിന്‍ പിണ്ണാക്ക് അലിഞ്ഞ് ഒലിച്ചിറങ്ങി തെങ്ങിന്‍ ചുവട്ടിലെത്തുന്നു. അത് വളമായും പ്രയോജനപ്പെടുന്നു.
തെങ്ങിന്‍ തോപ്പുകളിലും മറ്റു വൃക്ഷത്തോട്ടങ്ങളിലും ഉല്പാദനം കൂട്ടാന്‍ ഇടയ്ക്ക് കരിയില കൂട്ടി തീയിടുന്നത് നല്ലതാണ്. തീയിടുന്നതുകൊണ്ട് കാര്‍ബണ്‍ ഡയോക്സൈഡ് ഉല്പാദിപ്പിക്കപ്പെടുകയും പ്രകാശ സംശ്ലേഷണം വര്‍ദ്ധിക്കുകയും ചെയ്യുമെന്നുള്ളതിനാല്‍ ഉല്‍പാദനം കൂടുന്നു.
മണ്‍സൂണിനു മുമ്പും , അതിനു ശേഷവും തെങ്ങിന്റെ കൂന്പില്‍ ബോര്‍ഡോമിശ്രിതം ഒഴിച്ചാല്‍ കൂന്പു ചീയല്‍ ഉണ്ടാവുകയില്ല. ഓല കരിച്ചില്‍ തടയാന്‍ ഇത് ഉത്തമമാണ്.
തെങ്ങിന്‍ തോട്ടത്തില്‍ ആവണക്കിന്‍ പിണ്ണാക്ക് വെള്ളത്തില്‍ കലക്കി തെങ്ങിന്റെ കൂമ്പില്‍ പാത്രത്തിലാക്കി തുറന്നു വയ്ക്കുക. കൊമ്പന്‍ ചെല്ലി ആകര്‍ഷിക്കപ്പെട്ട് അവിടെയെത്തി. ആ മിശ്രിതത്തില്‍ ചാടി ചത്തുകൊള്ളും.
തെങ്ങിന്റെ മടല്‍ തടിയോടു ചേര്‍ത്തുവെട്ടിയാല്‍ ചെന്പന്‍ചെല്ലി പെരുകാന്‍ ഇടയാകും. മടല്‍ വെട്ടുന്‌പോള്‍ അല്പം നീട്ടിനിര്‍ത്തിയിട്ട് വെട്ടുക.
തെങ്ങിന്റെ പാഴ്തടിയോ മടലോ നെടുകെ കീറി കള്ളു പുരട്ടി തെങ്ങില്‍ തൊട്ടത്തില്‍ ഒന്നു രണ്ടു സ്ഥലത്തായി വയ്ക്കുക. അതില്‍ ചെന്പന്‍ ചെല്ലികള്‍ പറന്നെത്തിക്കൊള്ളും. പിടികൂടി നശിപ്പിക്കാം.
തെങ്ങിന്‍ തോട്ടത്തില്‍ ചപ്പുചവറുകള്‍ കൂനകൂട്ടി രാത്രിയില്‍ കത്തിക്കുക. കീടങ്ങള്‍ പറന്നെത്തി തീയില്‍ വീണ് ചത്തുകൊളളും.
തെങ്ങിന്റെയും കമുകിന്റെയും കൂന്പു ചീയലിന് മണ്ട ചെത്തി വൃത്തിയാക്കി ഉപ്പും ചാരവും കൂട്ടിക്കലര്‍ത്തി ഒഴിക്കുക.
തൈതെങ്ങുകളിലാണ് കൊന്പന്‍ ചെല്ലിയുടെ ഉപദ്രവം കൂടുതലായി ഉണ്ടാകുന്നത്. ശ്രദ്ധിക്കുക.
കേടുവന്ന തെങ്ങിന്റെ ചുവട്ടില്‍ നിന്നും ആറടി ചുറ്റളവിലും ഒരടി താഴ്ചയിലും മണ്ണു മാറ്റി പുതുമണ്ണ് ഇട്ടു കൊടുത്താല്‍ കേടു മാറും.
മൂത്ത തേങ്ങ ഉണ്ടാകാന്‍ വേണ്ട പോഷകാംശങ്ങളുടെ 20% കുറവു മതി കരിക്കിന്. അതിനാല്‍ കരിക്കിടുന്ന തെങ്ങുകളുടെ ഉല്പാദന ക്ഷമത 15% കൂടുന്നു.
തെങ്ങിന് കറിയുപ്പ് ഇടുന്നതുമൂലം മണ്ണില്‍ നിന്നും കൂടുതല്‍ പൊട്ടാഷ് ലഭ്യമാകാനിടയാകുന്നു.
തെങ്ങിന്‍ തോപ്പില്‍ തേനിച്ച വളര്‍ത്തിയാല്‍ അത് പരാഗണത്തെ സഹായിക്കും. മെച്ചപ്പെട്ട വിളവും ലഭിക്കും.
തെങ്ങിന് ആവശ്യമായ പൊട്ടാഷ് 50-75% കുറച്ച്, പകരം കറിയുപ്പ് കൊടുത്താല്‍ വിളവ് വര്‍ദ്ധിക്കും. ഉല്പാദനച്ചെലവ് ഗണ്യമായി കുറയും.
തെങ്ങിന് കറിയുപ്പ് വളമായി ചേര്‍ക്കുന്നതുകൊണ്ട് മണ്ണിന്റെ ഘടന ലഘൂകരിച്ച് വേരോട്ടം വര്‍ദ്ധിപ്പിക്കുന്നു.
മണ്‍കുടത്തില്‍ വെള്ളം നിറച്ചതിനു ശേഷം, തീരെ ചെറിയ ദ്വാരമിട്ട് തെങ്ങിന്‍ ചുവട്ടില്‍ കുഴിച്ചിടുക. ചെലവു കുറഞ്ഞതും അത്യന്തം കാര്യക്ഷമവുമായ ഒരു തരം കണിക ജലസേചനമാണ് ഇത്.
വേപ്പിന്‍ പിണ്ണാക്ക് വളമായി ഉപയോഗിച്ചാല്‍ ചെന്നീരൊലിപ്പും തഞ്ചാവൂര്‍ വില്‍റ്റും തടയാം.
തുടര്‍ച്ചയായി പേടു കായ്ക്കുന്ന തെങ്ങിന്റെ തടിയില്‍ തുടര്‍ച്ചയായി തൊണ്ടുകള്‍ കൊണ്ട് പൊതിഞ്ഞു കെട്ടുക. പേടു കായ്ക്കുന്ന സ്വഭാവം മാറും.
കുമ്മായവും ഉപ്പും ചേര്‍ന്ന മിശ്രിതം ഇടയ്ക്കിടെ തെങ്ങിന്‍ ചുവട്ടിലിട്ടു കൊടുക്കുക. പേട്ടു തേങ്ങാ ഉണ്ടാകുന്നത് നിയന്ത്രിക്കാം
തയ്യാറാക്കിയത്
അനില്‍ മോനിപ്പള്ളി
Discussion about this post