തെങ്ങിന്റെ വിളവും അതിലെ ഓലകളുടെ എണ്ണവും തമ്മിലുള്ള പാരസ്പര്യത്തെകുറിച്ചാണ് പറയാന്‍ പോകുന്നത്. തെങ്ങിന് തായ് വേര് പടലം ഇല്ല എന്നതാണ് ഏറ്റവും പ്രധാന സവിശേഷത. ഒരു മീറ്റര്‍ ആഴത്തില്‍ ഉള്ള കുഴികള്‍ എടുത്തു തൈകള്‍ വച്ചു വളര്‍ത്തുമ്പോള്‍ മണ്ണുമായി ചേര്‍ന്ന് നില്‍ക്കുന്ന ഭാഗത്തു മുഴുവന്‍ വേരുകള്‍ വളരും. അത് നാരു വേരുകള്‍ ആണ്. മണ്ണിനു മുകളില്‍ കാണുന്ന ഭാഗം കുറെ നാള്‍ മണ്ണ് മൂടി കിടന്നാല്‍ അവിടെയും വേരുകള്‍ ഉണ്ടാകും. അതാണ് പ്രകൃതം. ഒറ്റ അഗ്രമുകുളമേ ഉള്ളൂ, അതിനെന്തെങ്കിലും പറ്റിയാല്‍ കഥ കഴിഞ്ഞു. തായ് വേര് പടലമുള്ള മരങ്ങള്‍ക്കു പുതിയ ശിഖരങ്ങള്‍ ഉണ്ടാകും. വാഴ പോലെ ഉള്ളവയ്ക്കു കന്നുകള്‍ പൊടിയും. ഈന്തപ്പനയ്ക്കും ചുവട്ടില്‍ നിന്നും ചിനപ്പുകള്‍ ഉണ്ടാകും. അതാണ് അവയുടെ പ്രധാന നടീല്‍ വസ്തു.
കാഴ്ച്ചയില്‍, ഒരു നല്ല തെങ്ങിനെ എങ്ങനെ വിവരിക്കാം?
വളവില്ലാത്ത , അടിമുതല്‍ മുടി വരെ ഒരേ വണ്ണത്തില്‍ ഉള്ള തടി. നല്ല തലപ്പൊക്കം. കുറച്ച് ഓലകള്‍ കക്ഷത്തില്‍ കനം തിങ്ങിയ തേങ്ങാക്കുലകളുമായി ചാഞ്ഞു കിടക്കും. കുറച്ച് ഓലകള്‍ ഉണ്ണിതേങ്ങകളുമായി അന്തരീക്ഷത്തിലേക്കു നിവര്‍ന്നു നില്‍ക്കും. ഗര്‍ഭത്തില്‍ തേങ്ങാ കുലകള്‍ വഹിക്കുന്ന ഇളമുറക്കാരായ ഓലകള്‍ മണ്ടയില്‍ നിന്നും ലംബമായി ഉയര്‍ന്നു നില്‍ക്കും.
ഏറ്റവും ഉള്ളിലായി മണ്ട (cabbage )എന്ന ഭാഗത്തു കുറെ ഓലകളുടെ പ്രാഗ്രൂപം (primordium )വിടരാനുള്ള വെമ്പല്‍ ഒതുക്കി കാത്തു കിടക്കും. എല്ലാം കൂടി ഒരു നാല്പത് ഓലകള്‍ പുറത്തുണ്ടാകും. പുറത്തുള്ളതിനേക്കാള്‍ വലുത് അളയില്‍ എന്ന് പറയുന്നത് പോലെ മണ്ടയ്ക്കകത്തും സൂക്ഷ്മ രൂപത്തില്‍ കുറെ ഓലകള്‍ ഉറങ്ങുന്നുണ്ടാവും. ഒരു മാസത്തില്‍ ഒരു ഓല എന്ന കണക്കിനാണ്, ആയിരിക്കണം തെങ്ങിന് ഓലകള്‍ വരേണ്ടത്. അപ്പോള്‍ വര്‍ഷത്തില്‍ 12 ഓലകള്‍. ചിലപ്പോള്‍ പതിമൂന്നും. അത് ജനുസ്സിന്റെ ഗുണം, മണ്ണിന്റെ തരം, വളപ്രയോഗത്തിന്റെ ഘനം, കാലാവസ്ഥയുടെ പരിലാളനം /താഡനം എന്നിവയെ ആശ്രയിച്ചിരിക്കും.
ആണ്ടില്‍ പന്ത്രണ്ട് ഓലയെങ്കില്‍ പന്ത്രണ്ട് തേങ്ങാക്കുലയും നിശ്ചയം. കുലയൊന്നുക്കു 8 തേങ്ങാ എങ്കില്‍ വര്‍ഷം ഒരു തെങ്ങില്‍ നിന്നും 96 തേങ്ങാ. 120-150 തേങ്ങാ വരെ വിളവെടുക്കുന്നവര്‍ ധാരാളം ഉള്ള നാടാണ് കേരളം. നൂറു തേങ്ങ ഉരുവം കൊള്ളാന്‍ ഉള്ള അസംസ്‌കൃത വസ്തുക്കള്‍ ആയ നൈട്രജന്‍, കാര്‍ബണ്‍, ഫോസ്‌ഫേറ്റ്, പൊട്ടാസ്യം, കാല്‍സ്യം, മെഗ്‌നീഷ്യം, സള്‍ഫര്‍, ക്ലോറിന്‍, ബോറോണ്‍, വെള്ളം, ഓക്‌സിജന്‍, എന്നിവ മണ്ണില്‍ ഉണ്ടാകണം. മണ്ണില്‍ ഉണ്ടായിട്ടും കാര്യമില്ല. മൂലകങ്ങള്‍ ചെടികള്‍ക്ക് വലിച്ചെടുക്കാനുള്ള ത്രാണിയും, വേണ്ടത്ര ഇലകളും ഉണ്ടാകണം.
മൂലകങ്ങള്‍ വലിച്ചെടുക്കുന്നതിനെ തടയുന്ന പുളിപ്പ് നിര്‍വീര്യമാക്കാനുള്ള മറുമരുന്ന് (കുമ്മായ വസ്തുക്കള്‍) മണ്ണില്‍ വിധിയാം വണ്ണം ചേര്‍ത്തു കൊടുക്കണം. തെങ്ങിന്‍ തൈകള്‍ തുറസ്സായ സ്ഥലത്തു നട്ട് കൃത്യമായി വെള്ളവും വളവും നല്‍കി പരിചരിക്കുകയാണെങ്കില്‍ 12-18 ഓലകള്‍ ആകുമ്പോഴേക്കും തടി വിരിയാന്‍ തുടങ്ങും. ആ സമയത്ത്, വരള്‍ച്ച കഴിഞ്ഞ ഉടനെ മണ്ണിലെ ഈര്‍പ്പം കൂടുമ്പോള്‍ തടിയില്‍ ചെറിയ വിള്ളല്‍ രൂപപ്പെടും. ഇതിലൂടെ ആണ് , പെണ്‍ ചെമ്പന്‍ചെല്ലികള്‍ മുട്ടയിട്ടു, പുഴു വിരിഞ്ഞു, തെങ്ങിനെ കീഴ്‌പ്പെടുത്തുന്നത്. ഈ ഘട്ടം വളരെ നിര്‍ണായകമാണ്.
തെങ്ങിന്റെ വേരുകള്‍ക്ക് മൂല ലോമങ്ങള്‍ (root hairs) ഇല്ല. വേരിന്റെ അറ്റത്തുള്ള തൊപ്പിയ്ക്ക് (root cap ) പിന്നില്‍ ഉള്ള വെളുത്ത ഭാഗമാണ് മണ്ണിലെ മൂലകങ്ങളെ ആഗിരണം ചെയ്യുന്നത്. കളിമണ്ണ് കലര്‍ന്ന മണ്ണില്‍ 5m വരെയും മണല്‍ മണ്ണില്‍ 7m വരെയും നീളത്തില്‍ വശങ്ങളിലേക്ക് വേരുകള്‍ നീളും. എങ്കിലും ശരാശരി 1.75-2m ആണ്. അതുകൊണ്ടാണ് തെങ്ങിന്‍ തടം തെങ്ങില്‍ നിന്നും 1.8m ആര(radius )ത്തില്‍ എടുക്കണം എന്ന് പറയുന്നത്.
തെങ്ങിന്‍ മണ്ടയില്‍ ഒരു വശത്തേക്ക് ഓലകള്‍ 2-2.5m നീളത്തില്‍ ഉന്തി നില്‍ക്കും. രണ്ട് വശത്തേക്കുമായി 5m ഉറപ്പായും അന്തരീക്ഷത്തില്‍ തെങ്ങോലയുടെ സാമ്രാജ്യം ആണ്. അവിടെ തേക്കോ മഹാഗണിയോ നട്ടു പിടിപ്പിച്ചു എങ്കില്‍ പിന്നെ തെങ്ങിനെ മറന്നേക്കൂക.
തെങ്ങിന്‍ പൂക്കുല വിരിയുന്നതിനു ഏകദേശം 32 മാസം മുന്‍പ് അതിന്റെ പ്രാഗ് രൂപം (primordium )മുള പൊട്ടും. അതിനും നാല് മാസം മുമ്പായിരിക്കും അതിനെ കക്ഷത്തില്‍ (leaf axil )വഹിക്കുന്ന ഓല മുള പൊട്ടുക. ഈ മുള പൊട്ടുന്നേരം മണ്ണില്‍ വരള്‍ച്ചയോ വെള്ളക്കെട്ടോ മൂലകക്കുറവോ ഉണ്ടാകുകയാണെങ്കില്‍ ആ പൂങ്കുലയില്‍ പെണ്‍പൂക്കള്‍ തുലോം കുറവായിരിക്കും. അതായത് തേങ്ങാ വിളവെടുക്കുന്നതിനു 42-43 മാസം മുന്‍പുള്ള മാസത്തെ മണ്ണിലെ വള ലഭ്യതയും കാലാവസ്ഥയുമാണ് ആ കുലയിലെ തേങ്ങയുടെ എണ്ണം നിശ്ചയിക്കുന്നത്.
മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഈ മാസം വളം ചെയ്താല്‍ അതിന് ശേഷം മുള പൊട്ടുന്ന കൂമ്പ് പുറത്ത് വരാന്‍ ഏതാണ്ട് 32 മാസവും അത് പിന്നെ തേങ്ങയാകാന്‍ 10-11 മാസവും എടുക്കും. ആകെ 42-43 മാസം. കുള്ളന്‍ ഇനങ്ങളില്‍ ഈ കാലാവധി അല്പം കുറവായിരിക്കും എന്ന് മാത്രം. ചിട്ടയായ വളപ്രയോഗം ആവശ്യമുള്ള തോട്ടവിള (plantation crop ) ആണ് തെങ്ങ.
ഒരു പൂങ്കുല (ക്രാഞ്ഞില്‍ )യില്‍ 30-32 ശിഖരങ്ങള്‍ ഉണ്ടാകും. ഓരോന്നിലും 250-300ആണ്‍ പൂക്കള്‍ ഉണ്ടാകും. മൊത്തത്തില്‍ 8000-1000ആണ്‍ പൂക്കള്‍ ഉണ്ടാകും. പക്ഷെ പെണ്‍പൂക്കള്‍ 10-50എണ്ണം മാത്രം. അവ ശിഖരങ്ങളുടെ തുടക്കഭാഗത്തായിരിക്കും. ഓരോ പെണ്‍പൂവിനേയും ഭോഗിക്കാന്‍ ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം വരെ പരാഗരേണുക്കള്‍ ഉണ്ടകും. എന്നിട്ടും പലപ്പോഴും വന്ധ്യയായി പൂക്കള്‍ കൊഴിയും. പ്രത്യേകിച്ചും കോലന്‍ (tall )തെങ്ങുകളില്‍. കാരണം ആണ്‍ പൂക്കള്‍ ഒക്കെ വിരിഞ്ഞു പാഴായി പോയിട്ടാകും പെണ്‍പൂക്കള്‍ പരാഗണത്തിനു(anthesis ) സജ്ജമാക്കുക.
കുള്ളന്‍ (dwarf )ഇനങ്ങളില്‍ ആണ്‍ പൂക്കള്‍ പൊട്ടി പരാഗം വിസ്സര്‍ജ്ജിക്കുമ്പോള്‍ തന്നെ പെണ്‍പൂവ് അതേറ്റു വാങ്ങാന്‍ ഏറെക്കുറെ തയ്യാറായിരിക്കും. ആയതിനാല്‍ സ്വയം പരാഗണം സാധ്യം. പെണ്‍പൂവ് (വെള്ളയ്ക്ക, മച്ചിങ്ങ )മൂടി ഇരിക്കുന്ന മോടു ഭാഗം (perianth segment )അല്പം പിന്നോട്ട് മാറി വെള്ളയ്ക്കയുടെ ചുവടു ഭാഗം മൂന്നായി കീറി അവിടെ ഒരു തേന്‍ തുളിച്ചു നില്‍ക്കും. ഇതാണ് പെണ്‍പൂവിന്റെ ഓവുലേഷന്‍.
ഇനി പരാഗണം നടന്നാല്‍ തന്നെയും മണ്ണില്‍ ബോറോണ്‍ എന്ന മൂലകം വേണ്ടത്ര ഇല്ലെങ്കില്‍ അവിടെ പരാഗനാളി (pollen tube )രൂപപെടാതെ ഇരിക്കും. അത് കൊഴിഞ്ഞു പോകാതെ പൂങ്കുലയില്‍ തന്നെ മുരടിച്ചു നില്‍ക്കും. (Hen &Chicken symptom ).
ഓരോ പൂങ്കുലയ്ക്കും ക്രാഞ്ഞിലില്‍ എത്ര തേങ്ങയെ നിര്‍ത്തണം (Auto load shedding mechanism ) എന്ന് സ്വയം നിര്‍ണയിക്കാന്‍ ഉള്ള കഴിവുണ്ട്. മടലിന്റ കനവും കുലത്തണ്ടിന്റെ ബലവും ഒക്കെ അനുസരിച്ചായിരിക്കും അത്. അതിനെ ശാക്തീകരിക്കാന്‍ നല്ല പരിചരണം അനിവാര്യം. പരാഗണം വിജയകരമായാല്‍ പിന്നെ വലുതാകാന്‍ തുടങ്ങും . 120 ദിവസം കഴിയുമ്പോള്‍ വെള്ളയ്ക്കയില്‍ ഏറ്റവും കൂടുതല്‍ ഇളനീര്‍ ഉള്ള സമയമായിരിക്കും. 160ദിവസം ഒക്കെ ആകുമ്പോഴേക്കും അതില്‍ വഴു വഴുത്ത ജെല്ലി പോലെ ദശ വളരാന്‍ തുടങ്ങും. (വെടല പരുവം ).
ക്രമേണ വെള്ളം കുറയാന്‍ തുടങ്ങും. അങ്ങനെ 220ദിവസം ഒക്കെ ആകുമ്പോഴേക്കും ഉള്‍ക്കാമ്പ് കട്ടിയായി തുടങ്ങും.
300ദിവസം ആകുമ്പോഴേക്കും ചിരട്ടയോടു ചേര്‍ന്ന് ബ്രൗണ്‍ നിറത്തില്‍ ഒരു പാട (testa )രൂപം കൊള്ളും. അപ്പോഴേക്കും കറി ആവശ്യത്തിന് വിളവെടുക്കാം. അതും കഴിഞ്ഞ് 12-13മാസം ആകുമ്പോള്‍ വിത്ത് തേങ്ങാ ആകും.
പ്രമോദ് മാധവന്‍
കൃഷി ഓഫീസര്‍
ചാത്തന്നൂര്‍ കൃഷിഭവന്‍
Discussion about this post