തെങ്ങുകൃഷിയിലെ പ്രധാന വെല്ലുവിളിയാണ് ഓല ചീയൽ. തെങ്ങിന്റെ ഉല്പാദനക്ഷമതയെ ഈ രോഗം സാരമായി ബാധിക്കും. കാറ്റുവീഴ്ച ബാധിച്ച തെങ്ങുകളിൽ ഓലചീയൽ കൂടുതലായി കാണപ്പെടുന്നു. കുമിളുകളാണ് രോഗകാരികൾ. വർഷകാലത്തെ ഉയർന്ന അന്തരീക്ഷ ആർദ്രതയും കുറഞ്ഞ താപനിലയും രോഗവ്യാപനത്തിന് അനുകൂലമായ ഘടകങ്ങളാണ്.
നാമ്പോലകളിൽ ചുവപ്പു കലർന്ന തവിട്ടുനിറത്തിലുള്ള പുള്ളികളായാണ് ലക്ഷണങ്ങൾ ആദ്യം പ്രത്യക്ഷപ്പെടുന്നത്. ക്രമേണ ഈ പുള്ളികൾ വ്യാപിച്ച് നാമ്പോലകൾ ചീഞ്ഞഴുകാൻ തുടങ്ങും. നാമ്പോലക്കാലുകളുടെ തുമ്പുകൾ അഴുകി കൂടിച്ചേർന്ന് ഒട്ടിപ്പിടിച്ചിരിക്കുന്നത് കാണാം. ഓല വിടരുന്ന സമയത്ത് അഴുകിയ ഭാഗങ്ങൾ ഉണങ്ങി കാറ്റത്ത് പറന്നു പോവുകയും ഈർക്കിൽ മാത്രം നിലനിൽക്കുകയും ചെയ്യും.
കാറ്റിലൂടെ വ്യാപിക്കുന്ന രോഗമാണ് ഓലചീയൽ. അതിനാൽ നിയന്ത്രണമാർഗ്ഗങ്ങൾ പ്രാദേശിക അടിസ്ഥാനത്തിൽ കർഷകർ ഒരുമിച്ച് നടത്തുന്നതാണ് ഏറ്റവും നല്ലത്. നാമ്പോലയും അതിനു ചുറ്റുമുള്ള രണ്ടുമൂന്ന് ഓലകളുടെയും അഴുകിയ ഭാഗങ്ങൾ മുറിച്ചു മാറ്റി തീയിട്ട് നശിപ്പിക്കാം. രോഗവ്യാപനം 50% വരെ കുറയ്ക്കാൻ ഇത് സഹായിക്കും. തെങ്ങിന്റെ മണ്ടയിലും ഓലകളിലും ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം അല്ലെങ്കിൽ കോപ്പർ ഓക്സിക്ലോറൈഡ് 2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയത് തളിച്ചു കൊടുക്കാം. ജനുവരി, ഏപ്രിൽ, സെപ്റ്റംബർ എന്നീ മാസങ്ങളിലാണ് തളിച്ചു കൊടുക്കേണ്ടത്. മണ്ട വൃത്തിയാക്കിയശേഷം മിത്ര സൂക്ഷ്മാണുവായ സ്യൂഡോമോണാസ് ഫ്ളൂറസൻസ് അല്ലെങ്കിൽ പി ജി പി ആർ മിക്സ് വൺ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി വർഷത്തിൽ രണ്ട് തവണ നാമ്പോലകളിൽ വീഴത്തക്കവിധം ഒഴിച്ചു കൊടുക്കാം. ഏപ്രിൽ- മെയ്, സെപ്റ്റംബർ- ഒക്ടോബർ എന്നീ മാസങ്ങളിലാണ് ഇത് തളിക്കേണ്ടത്. രോഗബാധയുള്ള തെങ്ങുകളിൽ കൊമ്പൻചെല്ലിയുടെ ആക്രമണം വർദ്ധിക്കാൻ സാധ്യതയുണ്ട്. അതിനാൽ കൊമ്പൻചെല്ലിയുടെ പ്രതിരോധമാർഗങ്ങൾ കൂടി സ്വീകരിക്കേണ്ടതാണ്. ഇതിനായി 250 ഗ്രാം വേപ്പിൻ പിണ്ണാക്ക് അല്ലെങ്കിൽ മരോട്ടി പിണ്ണാക്ക് 250ഗ്രാം മണലുമായി ചേർത്ത് നാമ്പോലയ്ക്ക് ചുറ്റുമുള്ള രണ്ട് മൂന്ന് ഓലകവിളുകളിൽ നിറച്ചു കൊടുക്കാം. മഴക്കാലത്ത് രോഗവ്യാപന സാധ്യത കൂടുതലുള്ളതിനാൽ മെയ്, ഒക്ടോബർ മാസങ്ങളിൽ നിയന്ത്രണ മുറകളിൽ ഏതെങ്കിലുമൊന്ന് സ്വീകരിക്കുന്നത് രോഗം വരാതിരിക്കാൻ സഹായിക്കും.
Discussion about this post