കല്പവൃക്ഷങ്ങളുടെ നാടാണ് കേരളം. തെങ്ങ് കൃഷിയുടെ വിസൃതിയുടെ കാര്യത്തിൽ നമ്മൾ മുൻപന്തിയിൽ ആണെങ്കിലും ഉൽപാദനത്തിന്റെ കാര്യത്തിൽ നമ്മൾ അത്ര മുൻപന്തിയിൽ അല്ല. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം തെങ്ങിൻറെ ഉൽപാദന മികവിനെ ബാധിക്കുന്ന രോഗങ്ങൾ തന്നെയാണ്. ധാരാളം രോഗങ്ങൾ തെങ്ങ് കൃഷിയെ ബാധിക്കാറുണ്ട്. ഇത് കേര കർഷകന്റെ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുന്ന കാര്യം കൂടിയാണ്. അത്തരത്തിൽ തെങ്ങിനെ ബാധിക്കുന്ന പ്രധാനപ്പെട്ട രോഗങ്ങളും നിയന്ത്രണ വിധികളുമാണ് താഴെ നൽകുന്നത്.
ചെന്നീരൊലിപ്പ്
തെങ്ങിൻറെ തടിയിൽ നിന്ന് തവിട്ടു കലർന്ന ചുവന്ന നിറത്തിലുള്ള ദ്രാവകം ഊറി വരുന്നതാണ് ഇതിൻറെ രോഗനഷ്ടം. തിലോവിയോപ്സിസ് പാരഡോക്സ എന്ന കുമിളാണ് രോഗകാരി. തെങ്ങിൻറെ തടിയിൽ പ്രകൃതിയാൽ കാണപ്പെടുന്ന വിള്ളലുകളും, പ്രകൃതിക്ഷോഭങ്ങളും, അസന്തുലിതമായ വളപ്രയോഗങ്ങളും ഈ രോഗത്തിന് കാരണമാകാറുണ്ട്. ഇതിനെ പ്രതിരോധിക്കുവാൻ ട്രൈക്കോഡർമ ചേർത്ത വേപ്പിൻപിണ്ണാക്ക് അഞ്ച് കിലോഗ്രാം എന്ന തോതിൽ തെങ്ങിൻതടത്തിൽ ചേർത്തു കൊടുക്കാം. കൂടാതെ തെങ്ങിൻ ചുവട്ടിൽ തടിയോട് ചേർത്ത് ചപ്പുചവറുകളിലിട്ട് കത്തിക്കാതിരിക്കുക. മഴക്കാലത്ത് തടങ്ങളിൽ വെള്ളം കെട്ടി നിൽക്കാനുള്ള സാഹചര്യം ഉണ്ടെങ്കിൽ ഒഴിവാക്കുക.
തഞ്ചാവൂർ വാട്ടം
ഇത് ഒരു കുമിള്‍ രോഗമാണ്. ഏറ്റവും താഴത്തെ നിരകളിലെ ഓലകൾ നിറം മങ്ങി ആദ്യം വാടുന്നു. പിന്നീട് ഓലകളെല്ലാം ഉണങ്ങി പൂർണമായും നശിക്കുന്നു. കടയോട് ചേർന്ന ഭാഗത്ത് വ്യാപകമായി തോതിൽ കറിയൊലിക്കുന്നതും, തെങ്ങുകളിൽ കൂണിനോട് സാദൃശ്യമുള്ള ഉറച്ച ഭാഗങ്ങൾ ഉണ്ടാകുന്നതും ഈ രോഗകാരണം കൊണ്ടാണ്. ഇതിനെ പ്രതിരോധിക്കാൻ ഏറ്റവും നല്ല വഴി വാഴ ഇടവിളയായി കൃഷി ചെയ്യുകയാണ്. കാരണം വാഴയുടെ വേരുകളിൽ നിന്നുള്ള സ്രവങ്ങൾ രോഗകാരികളായ കുമിളുകൾക്കെതിരെ പ്രവർത്തിക്കുന്നു. രോഗം ബാധിച്ച തെങ്ങിൻറെ തടത്തിൽ ഒരു ശതമാനം വീര്യത്തിൽ തയ്യാറാക്കിയ 40 ലിറ്റർ ബോർഡോ മിശ്രിതം ഒഴിച്ചു കൊടുക്കുന്നതും ഗുണം ചെയ്യും.
കൂമ്പടപ്പ്
ഓലകളുടെ അഗ്രഭാഗം ചീഞ്ഞ് അഴുകുന്നതും, ചുരുങ്ങുന്നതും ഈ രോഗം മൂലമാണ്. ഇതിനെ പ്രതിരോധിക്കാൻ 250 ഗ്രാം ബോറോക്സ് വർഷത്തിൽ നാല് തവണ എന്ന രീതിയിൽ ജൈവവളങ്ങൾക്കൊപ്പം ഇട്ടു നൽകിയാൽ മതി.
ഓല ചീയൽ
തെങ്ങിൻറെ നാമ്പിലെ ഓലക്കാലുകളിൽ വലിയ പുള്ളികൾ പ്രത്യക്ഷപ്പെടുന്നതാണ് ഇതിന്റ രോഗലക്ഷണം. പിന്നീട് ഈ പുള്ളികൾ നിറം മാറി ചീഞ്ഞ് വലുതാകുന്നു. അങ്ങനെ ഓലക്കാലുകളുടെ അരികും മൂലകളും കറുത്ത നിറത്തിലേക്ക് മാറുന്നു. ഈ രോഗത്തെ പ്രതിരോധിക്കാൻ സുഡോമോണാസ് ഫ്ലൂറസൻസ് 50 ഗ്രാം 500 മില്ലി ലിറ്റർ വെള്ളത്തിൽ എന്നതോതിൽ കലക്കി ഒഴിച്ചു കൊടുത്താൽ മതി. വർഷത്തിൽ രണ്ടു പ്രാവശ്യം എന്ന രീതിയിൽ നൽകിയാൽ ഈ രോഗത്തെ പ്രതിരോധിക്കാം.
കാറ്റു വീഴ്ച
കേരളത്തിൽ ഒട്ടുമിക്ക ജില്ലകളിലും റിപ്പോർട്ട് ചെയ്യുന്ന രോഗമാണ് തെങ്ങുകളിലെ കാറ്റുവീഴ്ച. തേങ്ങയുടെ വലുപ്പം കുറയുന്നതും, കൊപ്രയ്ക്ക് അധികം കനം ഇല്ലാത്ത അവസ്ഥ വരുന്നതും ഈ രോഗത്തിന്റെ അനന്തരഫലങ്ങളാണ്. ഓലകൾ മഞ്ഞനിറം ആകുന്നതും, അരികുകൾ ഉണങ്ങി നശിക്കുന്നതും ഇതിൻറെ രോഗലക്ഷണങ്ങളാണ്. ശരിയായ രീതിയിൽ വളപ്രയോഗവും ജലസേചനവും നൽകിയാൽ ഒരു പരിധിവരെ ഈ രോഗത്തിൻറെ കാഠിന്യം കുറയ്ക്കാം. ഒപ്പം തെങ്ങിൻതടങ്ങളിൽ ശീമക്കുന്ന പോലുള്ള പച്ചില വളച്ചെടികൾ വളർത്തുക. രോഗപ്രതിരോധശേഷി കൂടിയ കൽപ്പ ശ്രീ, കല്പരക്ഷ പോലുള്ള ഇനങ്ങൾ തിരഞ്ഞെടുത്തു കൃഷി ചെയ്യാൻ ശ്രമിക്കുക.
Discussion about this post